കൃതജ്ഞതാബലി: 150 പേരുടെ ഗായകസംഘം പരിശീലനം നടത്തി
Friday, November 28, 2014 1:21 AM IST
കൊച്ചി: ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതോടനുബന്ധിച്ച് നാളെ കാക്കനാട് രാജഗിരിവാലിയിലെ പ്രത്യേക വേദിയില്‍ അര്‍പ്പിക്കുന്ന ഭാരതസഭയുടെ കൃതജ്ഞതാബലിക്കായി 150 പേരുടെ ഗായകസംഘം ഒരുങ്ങി. ഗായകസംഘത്തിന്റെ അവസാനഘട്ട പരിശീലനം ഇന്നലെ രാജഗിരിവാലിയിലെ പ്രധാന വേദിക്കു സമീപം നടന്നു.

പന്ത്രണ്ടു സന്യാസസമൂഹങ്ങളില്‍നിന്നുള്ള ഗായകര്‍ക്കു പുറമെ തൃശൂര്‍ ചേതന, ജീസസ് യൂത്ത് എന്നിവയില്‍നിന്നും വിശുദ്ധരുടെ കുടുംബങ്ങളില്‍നിന്നുമുള്ള കലാകാരന്മാരും ഗായകസംഘത്തിലുണ്ട്. സിഎംഐ, വിന്‍സന്‍ഷ്യന്‍, എംഎസ്ടി, നോര്‍ബര്‍ട്ടൈന്‍, സിഎംസി, എഫ്സിസി, സിഎച്ച്എഫ്, എസ്എബിഎസ്, സിഎസ്എന്‍, ഒഎസ്എസ്, എസ്എച്ച്, എസ്ഡി സന്യാസസഭകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗായകര്‍ സംഘത്തിലുണ്ട്. അല്‍ഫോന്‍സ്, കെസ്റര്‍, വില്‍സന്‍ പിറവം, എലിസബത്ത് രാജു, സിസിലി തുടങ്ങി ക്രൈസ്തവ ഭക്തിഗാനരംഗത്തെ പ്രമുഖര്‍ ഗായകസംഘത്തിലുണ്ട്.


വിശുദ്ധപദവിപ്രഖ്യാപനത്തോടനുബന്ധിച്ചു ഫാ. റോയി കണ്ണന്‍ചിറ രചിച്ചു ഫാ. ആന്റണി ഉരുളിയാനിക്കല്‍ ഈണമിട്ട ആകാശമോക്ഷത്തില്‍ എന്നാരംഭിക്കുന്ന ഗാനവും ഫാ. ചെറിയാന്‍ കുനിയന്തോടത്ത് എഴുതി അമല്‍ ആന്റണി സംഗീതം നല്‍കിയ കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍ എന്നാരംഭിക്കുന്ന ഗാനവും ആലപിക്കും. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലും ഗാനങ്ങളുണ്ടാകും.

കൃതജ്ഞതാബലിക്കു മുന്നോടിയായി നാളെ ഉച്ചയ്ക്കു 12.30 മുതല്‍ റെക്സ്ബാന്‍ഡിന്റെ ഗാനശുശ്രൂഷയും ഉണ്ടാകും. ബലിവേദിയോടു ചേര്‍ന്നു ഗായകസംഘത്തിനായി പ്രത്യേക വേദിയും സജ്ജീകരിച്ചിട്ടുണ്ട്്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.