എന്‍.എല്‍. ബാലകൃഷ്ണന്‍ ഇനി ഓര്‍മ ചിത്രം
എന്‍.എല്‍. ബാലകൃഷ്ണന്‍ ഇനി ഓര്‍മ ചിത്രം
Saturday, December 27, 2014 12:14 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഫോട്ടോഗ്രാഫറായെത്തി ശരീരാകാരം കൊണ്ടു മലയാളി മനസില്‍ ഇടംനേടിയ പ്രശസ്ത നടന്‍ എന്‍.എല്‍. ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ശ്രീകാര്യത്തിനു സമീപം പൌഡിക്കോണത്തെ വസതിയായ ലക്ഷ്മീനാരായണയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു നടത്തി.

വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചതിനെത്തുടര്‍ന്നു നാലുമാസമായി തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആര്‍. നളിനി. മക്കള്‍: ലക്ഷ്മി, ജയ ബാലന്‍, ജയകൃഷ്ണന്‍ (ലക്ഷ്മി നാരായണ സ്റുഡിയോ, പൌഡിക്കോണം). മരുമക്കള്‍: മധുസൂദനന്‍, സാബുകുമാര്‍ (വിമുക്ത ഭടന്‍).

നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍. ബാലകൃഷ്ണന്‍ 1943 ല്‍ തിരുവനന്തപുരം പൌഡിക്കോണത്താണു ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്നു പെയിന്റിംഗില്‍ ഡിപ്ളോമ നേടിയ ശേഷം തിരുവനന്തപുരത്തെ വിവിധ സ്റുഡിയോകളില്‍ ഫോട്ടോഗ്രാഫിയില്‍ പ്രായോഗിക പരിശീലനം നേടി. 1967ല്‍ കള്ളിച്ചെല്ലമ്മ എന്ന സിനിമയില്‍ സ്റില്‍ ഫോട്ടോഗ്രാഫറായി സിനിമാരംഗത്തേക്കു കടന്നു. തടിയും താടിയും കൊണ്ടു നര്‍മം വിതറി 163 സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1986ല്‍ രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തു സജീവമായത്. പട്ടണ പ്രവേശം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത് തുടങ്ങിയ സിനിമകളിലൂടെ എന്‍.എല്‍. ബാലകൃഷ്ണന്‍ സിനിമാപ്രേമികളുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടി.


പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദനൊപ്പം കാഞ്ചനസീത, പോക്കുവെയില്‍, ചിദംബരം, വാസ്തുഹാര തുടങ്ങി 11 സിനിമകളിലും അടൂര്‍ ഗോപാലകൃഷ്ണനൊപ്പം സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, എലിപ്പത്തായം എന്നീ സിനിമകളിലും പ്രവര്‍ത്തിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ജോണ്‍ ഏബ്രഹാം, കെ.പി. കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി. ജോര്‍ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. വന്‍ സുഹൃത്ത് വലയത്തിന്റെയും ഉടമയായിരുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ബാലണ്ണന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

കേരളകൌമുദിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറും കെഎസ്ആര്‍ടിസിയില്‍ പെയിന്റിംഗ് ആര്‍ട്ടിസ്റുമായി പ്രവര്‍ത്തിച്ചു. 2012 ലെ കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ പുരസ്കാരവും 2014 ലെ കേരള ലളിതകലാ അക്കാഡമിയുടെ ശ്രേഷ്ഠ കലാകാര പുരസ്കാരവും ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടി. ആദ്യകാല കാമറകള്‍ ഉള്‍പ്പെടെയുള്ളവയുടെയും പുസ്തകങ്ങളുടെയും വിപുലമായ ശേഖരം വീട്ടില്‍ സൂക്ഷിച്ചിരുന്നു.

മന്ത്രി വി.എസ്. ശിവകുമാര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മുന്‍മന്ത്രി പന്തളം സുധാകരന്‍, സിനിമാ പ്രവര്‍ത്തകരായ ഭീമന്‍ രഘു, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, ഷാജി എന്‍. കരുണ്‍, വേണു, ബീന പോള്‍, മണിക്കുട്ടന്‍, സുരേഷ് തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.