പാതയോരത്തെ മദ്യശാല: ഹൈക്കോടതി വിശദീകരണം തേടി
പാതയോരത്തെ മദ്യശാല: ഹൈക്കോടതി വിശദീകരണം തേടി
Saturday, December 27, 2014 1:03 AM IST
കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളിലെ മദ്യവില്പനശാലകളില്‍ പത്തു ശതമാനം ജനുവരി ഒന്നിനു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ചു ഹൈക്കോടതി വിശദീകരണം തേടി. ദേശീയപാതകള്‍ക്കും മറ്റു പ്രധാന പാതകള്‍ക്കും സമീപമുള്ള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതിനെതിരേ വയനാട്ടിലെ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ കെ. ആന്റണി ഉള്‍പ്പെടെ നാലുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് അനില്‍ കെ. നരേന്ദ്രന്റെ ഇടക്കാല നിര്‍ദേശം. 30ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. പാതയോരങ്ങളിലെ മദ്യവില്പനശാലകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണു നടപടിയെന്നാണു സര്‍ക്കാര്‍ വിശദീകരണം.

മദ്യനയത്തിന്റെ ഭാഗമായി പത്തു ശതമാനം ഔട്ട്ലെറ്റുകള്‍ വീതം പൂട്ടാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നു ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതിനാണു മുന്‍ഗണനയെന്നു സര്‍ക്കാര്‍ കഴിഞ്ഞ 20നു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


എന്നാല്‍, ഔട്ട്ലെറ്റുകള്‍ പൂട്ടാനല്ല, മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനാണു ഹൈക്കോടതി നിര്‍ദേശിച്ചതെന്നാണു ഹര്‍ജിക്കാരുടെ വാദം. ബിവറേജസ് കോര്‍പറേഷന്റെ ഒരു വില്പനശാല മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഇതു പ്രായോഗികമല്ലെന്നു സര്‍ക്കാരും ബിവറേജസ് കോര്‍പറേഷനും കോടതിയെ അറിയിച്ചിരുന്നു. ഈ ഹര്‍ജി ഇനിയും തീര്‍പ്പായിട്ടില്ല.

ഇതിനിടെയാണു പ്രധാന പാതയോരങ്ങളിലെ ഔട്ട്ലെറ്റുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം. പാതയോരങ്ങളിലെ ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതു വഴി തൊഴില്‍ നഷ്ടപ്പെടുമെന്ന് അവര്‍ ബോധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.