വിദ്യാഭ്യാസ പ്രശ്നത്തില്‍ എന്‍എസ്എസും ക്രൈസ്തവ സഭകളും യോജിച്ചുനീങ്ങും: മാര്‍ ക്ളീമിസ് ബാവ
വിദ്യാഭ്യാസ പ്രശ്നത്തില്‍ എന്‍എസ്എസും ക്രൈസ്തവ  സഭകളും യോജിച്ചുനീങ്ങും: മാര്‍ ക്ളീമിസ് ബാവ
Saturday, December 27, 2014 1:09 AM IST
ചങ്ങനാശേരി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനു എന്‍എസ്എസും ക്രൈസ്തവ സഭകളുമായി യോജിച്ചു നീങ്ങുമെന്നു സിബിസിഐയുടെ യും കെസിബി സിയുടെയും പ്രസിഡന്റ് ബസേലിയോസ് മാര്‍ ക്ളിമീസ് കാതോലിക്കാ ബാവ. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയശേഷം ഇരുവരും ചേര്‍ന്നു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു കാതോലിക്കാ ബാവാ ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ മേഖലയിലെ നയങ്ങളും വിവിധ ഉത്തരവുകളും ഇരുമാനേജ്മെന്റുകളെയും സമാനമായ രീതിയില്‍ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ സംബന്ധിച്ചു നിരവധി തവണ എന്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. വീണ്ടും ചര്‍ച്ചകള്‍ നടത്തി വിവരങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. വിദ്യാഭ്യാസ വിഷയങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളതെന്നും കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി മെത്രാന്‍ സമിതി നില്‍പ്പുസമരം പ്രഖ്യാപിച്ചിട്ടില്ല. കെസിബിസിയുടെ കീഴിലുള്ള കമ്മീഷനായ മദ്യവിരുദ്ധ സമിതിയാണു സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചില ഭരണാധികാരികളും മാധ്യമങ്ങളും ഈ വിഷയം തെറ്റിദ്ധരിച്ചിരിക്കുകയാണ്. മദ്യവര്‍ജനം, മദ്യത്തിന്റെ ലഭ്യത കുറയ്ക്കല്‍, മദ്യത്തിനെതിരേ ബോധവത്കരണം എന്നിവയുമായി സഭ മുന്നോട്ടുപോകുകയാണെന്നും മാര്‍ ക്ളിമീസ് ബാവ വ്യക്തമാക്കി.

ഇന്ത്യന്‍ പൌരന് ഏതു മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനയ്ക്കും മനഃസാക്ഷിക്കും വിരുദ്ധമാണ്. ബലപ്രയോഗം കൊണ്േടാ പ്രത്യേക പ്രേരണയാലോ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസല്‍മാനോ ആക്കി മാറ്റുന്നതു ശരിയല്ല.


എന്‍എസ്എസ് ശതാബ്ദി സമാപനാഘോഷങ്ങളിലും മന്നം ജയന്തി സമ്മേളനത്തിലും പങ്കെടുക്കുന്നതിന് എന്‍എസ്എസ് ആസ്ഥാനത്തുനിന്നു ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, അന്നു വരാന്‍ സാധിക്കാത്തതിനാല്‍ കേരള കത്തോലിക്കാ സഭയുടെ ആശംസകളും സാഹോദര്യ സ്നേഹവും അറിയിക്കുന്നതിനാണ് എന്‍എസ്എസ് ആസ്ഥാനത്തെത്തിയതെന്നും മാര്‍ ക്ളിമീസ് പറഞ്ഞു. എന്‍എസ്എസും കത്തോലിക്കാ സഭയുമായി ഊഷ്മളമായ ബന്ധമാണുള്ളത്. പൊതുസമൂഹത്തില്‍ എന്‍എസ്എസ് നല്‍കുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിനു സംഘടനയ്ക്കു സാധിക്കട്ടെയെന്നും കാതോലിക്കാ ബാവ ആശംസിച്ചു.

മാറിവരുന്ന സര്‍ക്കാരുകള്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സമീപനമാണു സ്വീകരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരും അഭിപ്രായപ്പെട്ടു. സാധാരണക്കാരും പാവപ്പെട്ടവരും വിദ്യാഭ്യാസം നടത്തുന്ന എയ്ഡഡ് മേഖലയെ തകര്‍ക്കുന്ന നയങ്ങളും ഉത്തരവുകളുമാണ് ഇപ്പോഴത്തെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കുന്നത്. ഈ മേഖലയിലെ വിദ്യാഭ്യാസ വിഷയങ്ങളുടെ പരിഹാരത്തിനു ക്രൈസ്തവ സഭയുമായി യോജിച്ചു നീങ്ങും.

സര്‍ക്കാരിന്റെ മദ്യനയം പ്രായോഗികമല്ലെന്നു താന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്‍എസ്എസ് പറഞ്ഞ അഭിപ്രായം ശരിയാണെന്നു സര്‍ക്കാരിനു മനസിലായിട്ടുണ്െടന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. മതപുനഃപരിവര്‍ത്തനം സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും വേണ്ട സമയത്തു പറയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.