കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി രൂപീകരണം നാളെ
Saturday, February 28, 2015 12:32 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നട ക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയുടെ വാര്‍ഡ് കമ്മിറ്റി രൂപീകരണം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു സംസ്ഥാനമൊട്ടാകെ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെയുള്ള 16,680 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 2,216 മുനിസിപ്പല്‍ വാര്‍ഡുകളും 359 കോര്‍പറേഷന്‍ വാര്‍ഡുകളും ഉള്‍പ്പെടെ 19,255 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കുക. എല്ലാവര്‍ക്കും സ്വീകാര്യമായ പൊതുസ്ഥലത്തുവച്ചു മതിയായ പ്രചാരണം നല്‍കി ബന്ധപ്പെട്ട എല്ലാവരെയും മുന്‍കൂട്ടി അറിയിച്ചു പാര്‍ട്ടി ചുമതലപ്പെടുത്തിയ നേതാവിന്റെയോ ഭാരവാഹിയുടെയോ നേതൃത്വത്തില്‍ ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി സമവായത്തിലൂടെയാണ് വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടത്. എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കളും അതാതു പ്രദേശത്തെ വാര്‍ഡ് കമ്മിറ്റി രൂപീകരണയോഗത്തില്‍ പങ്കെടുക്കണം. വിഭാഗീയ പ്രവര്‍ത്തനവും ഗ്രൂപ്പ് അതിപ്രസരവും പാടില്ലെന്നും അങ്ങനെയുണ്ടായാല്‍ ഗൌരവമായി കാണുകയും നടപടി സ്വീകരിക്കുകയും ചെയ്യും.


നേരത്തേ ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവ് ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിന്റെ അന്തഃസത്ത മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍ക്കൊള്ളണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.