പുതിയവരെ കാത്തു പുത്തന്‍പാനയും ദേവാസ്ത് വിളിയും
പുതിയവരെ കാത്തു പുത്തന്‍പാനയും ദേവാസ്ത് വിളിയും
Monday, March 30, 2015 12:27 AM IST
കൊച്ചി: വലിയ നോമ്പുകാലത്തു ക്രൈസ്തവ ഭവനങ്ങളിലും കൂട്ടായ്മകളിലും വായിച്ചിരുന്ന പുത്തന്‍പാന-ദേവാസ്ത് വിളി അന്യംനില്‍ക്കുന്നു. പഴയ തലമുറയിലെ കുറേ പേര്‍ക്കെങ്കിലും പുത്തന്‍വായന അറിയാമെങ്കിലും ദേവാസ്ത് വിളി സംബന്ധിച്ച് അറിവുള്ളവര്‍ കുറവാണ്. എറണാകുളം ചാത്യാത്ത് മൌണ്ട് കാര്‍മല്‍ ദേവാലയത്തിലെ അഞ്ചു പേരുടെ കൂട്ടായ്മ രണ്ടു കാവ്യങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പുതിയ തലമുറയില്‍പ്പെട്ടവര്‍ ഇതു പരിശീലിച്ചാലേ രണ്ടിനും നിലനില്‍പ്പുള്ളുവെന്നാണ് ഇവര്‍ പറയുന്നത്. വള്ളന്തറ പറമ്പില്‍ വി.വി. റാഫേലിന്റെ നേതൃത്വത്തിലാണ് പുത്തന്‍പാന-ദേവാസ്ത് വിളി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

വലിയ നോമ്പ് ആരംഭിക്കുന്ന വിഭൂതിദിനം മുതല്‍ ദുഃഖവെള്ളിവരെയാണു പുത്തന്‍പാന വായനയും ദേവാസ്ത് വിളിയും ആദ്യകാലം മുതല്‍ നടത്താറുള്ളത്. യേശുവിന്റെ ജീവിതം ആസ്പദമാക്കി ബഹുഭാഷാ പണ്ഡിതനായിരുന്ന അര്‍ണോസ് പാതിരിയാണു പുത്തന്‍പാന രചിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറാണു പോര്‍ച്ചുഗീസ് ഭാഷയില്‍ ദേവാസ്ത് വിളി രചിച്ചത്. കൊച്ചിയില്‍ വച്ചാണു വിശുദ്ധന്‍ ഈ ഗ്രന്ഥം രചിച്ചതെന്നാണു കരുതുന്നത്. ഇതു പിന്നീടു തമിഴിലേക്കും സംസ്കൃതത്തിലേക്കും തമിഴില്‍നിന്നു മലയാളത്തിലേക്കും പരിഭാഷ ചെയ്തു. യേശുവിന്റെ പീഡാനുഭവവും മനുഷ്യര്‍ക്ക് അവരുടെ ചെയ്തികള്‍ക്കനുസരിച്ചു ലഭിക്കുന്ന സ്വര്‍ഗ-നരകങ്ങളെ കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു.


പുത്തന്‍പാന എല്ലാ വിഭാഗം ക്രൈസ്തവരും പാരായണം ചെയ്യുന്നുണ്െടങ്കിലും ദേവാസ്ത് വിളിക്കു തീരദേശത്താണു കൂടുതല്‍ പ്രചാരം. ദേവാസ്ത് വിളിയില്‍ പങ്കെടുക്കുന്നവര്‍ നോമ്പ് കര്‍ശനമായി പാലിച്ചിരിക്കണമെന്നു ചാത്യാത്ത് പുത്തന്‍പാന-ദേവാസ്ത് വിളി കൂട്ടായ്മ അംഗമായ പോള്‍ അമ്പാട്ട് പറയുന്നു. കിഴക്കോട്ട് ദര്‍ശനമായിനിന്നാണ് ഇതു പാടേണ്ടത്. ഒരു സ്ഥലത്തു വായിച്ചാല്‍ ശബ്ദത്തിന്റെ അലകള്‍ ചെല്ലുന്നിടത്താണ് അടുത്ത വായന നടക്കേണ്ടത്. പാടുന്നവരുടെ മുന്നില്‍ ഒരു കുരിശ് പിടിച്ചിരിക്കണം. ചാത്യാത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന കുരിശിന് 325 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്. സ്കൂള്‍ പടിക്കു സമീപം പോള്‍ മെന്റസിന്റെ വസതിയിലാണ് ഈ കുരിശ് സൂക്ഷിച്ചിരിക്കുന്നത്.

പതിന്നാലു പാദങ്ങളിലുള്ള പുത്തന്‍പാനയുടെ ഏറ്റം പ്രധാന ഭാഗങ്ങള്‍ 10,11,12 പാദങ്ങളായാണു കരുതിപ്പോരുന്നത്. ഇതില്‍ കന്യാമറിയത്തിന്റെ വിലാപം ഉള്‍ക്കൊള്ളുന്ന 12-ാം പദമാണ് പുത്തന്‍പാന വായനയായി പൊതുവേ വായിച്ചു വരുന്നത്. എന്നാല്‍, യേശുവിന്റെ ജനനം മുതലുള്ള പാദങ്ങളാണു ചാത്യാത്തുകാര്‍ വായിക്കുന്നത്. നോമ്പാചരണ സമയത്തു വിവിധ കുടുംബ യൂണിറ്റുകളിലും ഭവനങ്ങളിലും പുത്തന്‍പാന-ദേവാസ്ത് വിളി സംഘടിപ്പിച്ചാണു രണ്ടിന്റെയും പ്രചാരണം ഇവര്‍ നടത്തുന്നത്. വികാരി മോണ്‍. ക്ളീറ്റസ് പറമ്പിലോത്ത് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്െടന്ന് ഇവര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.