അഴിമതിയും ധൂര്‍ത്തു; മില്‍മ പൂര്‍ണ പരാജയമെന്നു കോടിയേരി
അഴിമതിയും ധൂര്‍ത്തു; മില്‍മ പൂര്‍ണ പരാജയമെന്നു കോടിയേരി
Wednesday, June 3, 2015 12:22 AM IST
കോഴിക്കോട്: സഹകരണ മേഖലയില്‍ മില്‍മ പൂര്‍ണ പരാജയമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ക്ഷീര കര്‍ഷകരെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്നു തകര്‍ച്ചയുടെ വക്കിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പാലും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്ന ഇടനിലക്കാരായി മില്‍മ മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തി.

കര്‍ഷകസംഘം മലബാര്‍ മേഖല ക്ഷീര കര്‍ഷക കണ്‍വന്‍ഷന്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുലക്ഷം കോടി രൂപയുടെ വരുമാനമുള്ള ക്ഷീരമേഖല ബഹുരാഷ്ട്രകുത്തകകള്‍ കയ്യടക്കാന്‍ ശ്രമിക്കുകയാണ്. ക്ഷീരമേഖല തകര്‍ന്നാല്‍ 15 കോടി ക്ഷീരകര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കും. വിദേശരാജ്യങ്ങളുടെ സമ്മര്‍ദത്തില്‍ തീരുമാനമെടുക്കുന്ന പ്രധാനമന്ത്രിയാണു മോദി. യൂറോപ്യന്‍ യൂണിയന്റെ തീരുമാനം കേന്ദ്രം അംഗീകരിച്ചാല്‍ അതു ക്ഷീരമേഖലയെയും തകര്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ ആസിയാന്‍ കരാറാണ് റബര്‍ മേഖലയെ തകര്‍ത്തത്. കിലോഗ്രാമിന്് 200 രൂപ ഉണ്ടായിരുന്ന റബര്‍ ഇപ്പോള്‍ നൂറു രൂപയ്ക്കു പോലും എടുക്കാന്‍ ആളില്ല.

ഇറക്കുമതി ചുങ്കം ഗണ്യമായി കുറച്ചതോടെ മുതലാളിമാര്‍ റബര്‍ നല്ല തോതില്‍ ഇറക്കുമതി ചെയ്തു. ഇതോടെയാണ് ഈ മേഖല തകര്‍ന്നത്. ഇതേ അവസ്ഥ ക്ഷീരമേഖലയ്ക്ക് വരാതിരിക്കണമെങ്കില്‍ മേഖലയിലെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. ട്രേഡ് യൂണിയന്‍ രംഗത്തെ കൂട്ടായ്മ പോലെ കാര്‍ഷിക രംഗത്തും കൂട്ടായ്മ ഉണ്ടാക്കിയാലെ രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാനാകൂ. കൃഷി ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറി റിയല്‍ എസ്റേറ്റ് കച്ചവടം നടത്തുകയാണ് കേന്ദ്രസര്‍ക്കാരെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.


കേരളത്തിലെ ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ മില്‍മ തയാറാകുന്നില്ല. കര്‍ഷകര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ പാലിനു വില വര്‍ധിപ്പിക്കാറുണ്െടങ്കിലും അതിന്റെ ഗുണം കര്‍ഷകര്‍ക്കു ലഭിക്കാറില്ല. മില്‍മയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തേണ്ടത് അത്യാവശ്യമാണ്. മില്‍മയുടെ പാല്‍ വിപണന രംഗത്തെ സങ്കുചിതമായ വീക്ഷണമാണ് ഇതിന്റെ തകര്‍ച്ചയ്ക്കു കാരണം. സങ്കുചിത നടപടിയും അഴിമതിയും ധൂര്‍ത്തുമാണു മില്‍മയുടെ മുഖമുദ്ര. സംസ്ഥാനത്തെ വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ മില്‍മയ്ക്ക് ആവുന്നില്ല. കാലിത്തീറ്റ നിര്‍മിക്കാതെ തമിഴ്നാട്ടില്‍ നിന്നു ലേബല്‍ ഒട്ടിച്ച് വില്‍പന നടത്തുകയാണു മില്‍മ. ഇവിടെ തൊഴിലവസരം ഉണ്ടാക്കുന്നതിനു പകരമാണ് മില്‍മ ഇങ്ങനെ ചെയ്യുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ മേഖല ക്ഷീര സബ്കമ്മിറ്റി കണ്‍വീനര്‍ ടി.പി. ബാലകൃഷ്ണന്‍ നായര്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി. ശ്രീനിവാസന്‍ മാസ്റര്‍, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, കണ്‍വീനര്‍ പി. സുരേന്ദ്രന്‍, കേരള കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ മാസ്റര്‍, സി. അച്യുതന്‍ പാലക്കാട്, കെ.എസ്. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.