ബാര്‍ കോഴ കേസില്‍ യുഡിഎഫില്‍നിന്നു സമ്മര്‍ദമുണ്ടായെന്നു രമേശ് ചെന്നിത്തല
ബാര്‍ കോഴ കേസില്‍ യുഡിഎഫില്‍നിന്നു സമ്മര്‍ദമുണ്ടായെന്നു രമേശ് ചെന്നിത്തല
Tuesday, June 30, 2015 12:11 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും സമ്മര്‍ദമുണ്ടായതായി രമേശ് ചെന്നിത്തല. ബാര്‍ കോഴ കേസ് തന്നെ സമ്മര്‍ദമാണ്. എന്നാല്‍, സമ്മര്‍ദത്തിനു താന്‍ വഴങ്ങിയില്ലെന്നും നിയമസഭയില്‍ അടിയന്തരപ്രമേയ അവതരണത്തിനുള്ള നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ആരാണു സമ്മര്‍ദം ചെലുത്തിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. മന്ത്രി മറുപടി പറയുന്നതിനിടയില്‍ പ്രതിപക്ഷത്തെ എ.കെ. ബാലനാണ് സമ്മര്‍ദമുണ്ടായെന്ന രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ് വായിച്ചത്. ബാര്‍ കോഴ കേസില്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും താന്‍ സമ്മര്‍ദം നേരിട്ടുവെന്ന് ഫേസ്ബുക്ക് പോസ്റില്‍ മന്ത്രി പറഞ്ഞിരുന്നു.

കേരള ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കേസ് ആദ്യമാണെന്നു ചെന്നിത്തല പറഞ്ഞു. മന്ത്രി ഉള്‍പ്പെട്ട കേസില്‍ സമ്മര്‍ദമുണ്ടാകുക സ്വാഭാവികമല്ലേ എന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. സമ്മര്‍ദം ചെലുത്തിയത് ആരെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു പ്രതിഷേധിച്ചു. ആകെ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു, കേസ് ആകെ തന്നെ സമ്മര്‍ദമല്ലേ, എന്നാല്‍ താനോ മുഖ്യമന്ത്രിയൊ ഈ കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല എന്നു മറുപടിയായി മന്ത്രി പറഞ്ഞു.

ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്നതു നിയമമന്ത്രിയായതിനാലാണ് അദ്ദേഹത്തിനു കീഴിലുള്ള അഡ്വക്കറ്റ് ജനറലിന്റെയും അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന്റെയും നിയമോപദേശം തേടുന്നത് ഒഴിവാക്കി വിജിലന്‍സ് ഡയറക്ടര്‍ അറ്റോര്‍ണി ജനറലിന്റെയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെയും നിയമോപദേശം തേടിയത്. വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് ഉദ്യോഗസ്ഥനു നിയമോപദേശം തേടാവുന്നതാണെന്നു വിജിലന്‍സ് മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വി.എസ.് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നാഗേശ്വരറാവുവാണു ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിനായി രണ്ടു തവണ ഹാജരായത്. അഭിഭാഷകരെന്ന നിലയില്‍ പല കേസുകളിലും അവര്‍ ഹാജരാകും. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സുപ്രീംകോടതിയിലെ അഭിഭാഷകനായ ശാന്തിഭൂഷന്റെ പക്കല്‍ നിന്നുതന്നെ നിയമോപദേശം തേടണമെന്ന് അന്നത്തെ ക്രൈംബ്രാഞ്ച് ഐജിയായിരുന്ന വിന്‍സന്‍ എം. പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം അത് അംഗീകരിച്ചില്ല.


ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്തരം നിര്‍ദേശം നല്‍കിയിട്ടില്ല. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ, 25 കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ വേണ്െടന്നുവച്ചിട്ടുണ്ട്. വിജിലന്‍സ് നടപടിക്രമത്തിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

ബാര്‍ കേസില്‍ നിയമവിരുദ്ധമായ നിയമോപദേശം തേടി സര്‍ക്കാര്‍ കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് എസ്. ശര്‍മയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വിജിലന്‍സ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നു സുപ്രീംകോടതി വിധിയുണ്െടന്നു ശര്‍മ പറഞ്ഞു.

കേസന്വേഷണത്തില്‍ തല വിന്‍സന്‍ എം. പോളിന്റേതാണെങ്കിലും തലച്ചോറ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേസ് ഒതുക്കിത്തീര്‍ക്കുന്നതിലൂടെ വിന്‍സന്‍ എം. പോള്‍ മികച്ച മജീഷ്യനാണെന്നു വ്യക്തമായി. തുടര്‍ന്നു ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ച അച്യുതാനന്ദന്‍ പാപഭാരമുള്ള കൈയോ കാലോ ഉണ്െടങ്കില്‍ വെട്ടിക്കളയണമെന്നും പാപം പേറുന്ന കണ്ണ് ചൂഴ്ന്നുകളയണമെന്നും പറഞ്ഞു. പാപഭാരം പേറുന്ന കണ്ണുകളുമായി നരകാഗ്നിയില്‍ പ്രവേശിക്കാതെ ഇവ ചൂഴ്ന്നെടുത്തശേഷം സ്വര്‍ഗത്തില്‍ പോകണമെന്നും വി.എസ് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്നു വാക്കൌട്ട് നടത്തി.

ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ കുറ്റപത്രം വേണ്െടന്ന സര്‍ക്കാര്‍ നിലപാടിനെതിരേ രാവിലെ ചോദ്യോത്തരവേള ആരംഭിച്ച ഉടന്‍തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. കെ.എം. മാണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബഹളം വച്ചതോടെ ചോദ്യോത്തരവേള തടസപ്പെട്ടു. ബാര്‍കോഴ കേസ് അട്ടിമറിച്ചത് അസാധാരണമായ സ്ഥിതിവിശേഷമാണെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചോദ്യോത്തരവേള കഴിഞ്ഞു പരിഗണിക്കാമെന്നു സ്പീക്കര്‍ ഉറപ്പുനല്‍കിയതോടെയാണു പ്രതിപക്ഷ ബഹളം അവസാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.