ഇനി തെരഞ്ഞെടുക്കേണ്ടത് 22,000 പഞ്ചായത്ത് അംഗങ്ങളെ
Saturday, August 1, 2015 12:08 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 1009 ഗ്രാമപഞ്ചായത്തുകളിലായി 22,000 വാര്‍ഡുകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്ഥാപന അതിര്‍ത്തി പുനര്‍നിര്‍ണയ കമ്മീഷന്‍ തീരുമാനം. എന്നാല്‍, തിങ്കളാഴ്ചത്തെ കോടതി വിധിക്കുശേഷം മാത്രമേ അന്തിമവിജ്ഞാപനം പുറത്തിറക്കുകയുള്ളൂ.

87 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പറേഷനുകള്‍ എന്നിവയും അന്തിമപട്ടികയിലുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ വിഭജിച്ച് കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണു തിങ്കളാഴ്ച കോടതി വിധി പറയുന്നത്. വിധിയുടെ അടിസ്ഥാന ത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തേണ്ടതുണ്െട ങ്കില്‍ അതു ചെയ്താകും അന്തിമ വിജ്ഞാപനം. ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനര്‍വിഭജനത്തിന്റെ ഭാഗമായി നിലവിലെ 20,000 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 22,000 ആയി ഉയരും.

ബ്ളോക്ക് പുനര്‍വിഭജനം ഇനി യും പൂര്‍ത്തിയാക്കാനാകാത്തതു സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയാണ്. സംസ്ഥാനത്തെ 152 വികസന ബ്ളോക്കുകളെ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ നേരത്തെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. വ്യാപകമായ പരാതിയുണ്െടങ്കിലും പുനര്‍വിഭജന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

ബ്ളോക്ക് വിഭജനം നീളുന്നത് ഒക്ടോബറില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

1011 ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കാനാണു മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഈ ലിസ്റ് കമ്മീഷനു കൈമാറി. പഞ്ചായത്ത്- വാര്‍ഡ് പുനര്‍നിര്‍ണയ കമ്മീഷന്‍ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തിയശേഷമാണ് 1009 പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പുതുതായി 66 ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 32 പഞ്ചായത്തുകളെ നഗരസഭകളാക്കി ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. 27 മുനിസിപ്പാലിറ്റികളാണ് അധികമായി രൂപീകരിക്കുന്നത്. അതില്‍ 26ഉം പഞ്ചായത്തുകളുടെ പദവി ഉയര്‍ത്തുന്നതാണ്. 60 നഗരസഭകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നഗരസഭകളുടെ എണ്ണം 87 ആകും.


കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കാനും തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തു കോര്‍പറേഷനുകളുടെ എണ്ണം ആറായി ഉയരും. സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ അധ്യക്ഷനായ പുനര്‍നിര്‍ണയ സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.

തിരുവനന്തപുരം കോര്‍പറേഷനിലെ 100 വാര്‍ഡുകളില്‍ 12 വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്താണു നിര്‍ദിഷ്ട കഴക്കൂട്ടം നഗരസഭ രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്തത്.

കോര്‍പറേഷനെ മുനിസിപ്പാലിറ്റിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഉപയോഗിച്ചാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നാണു നഗരകാര്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനെതിരേ കോര്‍പറേഷന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടൊപ്പമാണു മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ കേസും കോടതി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.