ഡിസിഎല്‍
ഡിസിഎല്‍
Thursday, September 3, 2015 12:54 AM IST
വയനാടന്‍ കഥ പാടിയ പൊന്നോണത്തുമ്പികള്‍

പ്രതിഭാവിലാസത്തിന്റെ സൂര്യകിരണങ്ങള്‍ നിറഞ്ഞ വയനാടന്‍ ചെരിവുകളില്‍ ഡിസിഎല്‍ പൊന്നോണത്തുമ്പികള്‍ പാറിനടന്നു. "നാം ഒരു കുടുംബം'' എന്നു കാതിലോതി, പഞ്ചശീലങ്ങളുടെ സഞ്ചിത സംസ്കാരം വ്യക്തിത്വത്തിന്റെ അടിത്തറയാക്കി, ഒരു പുതിയ തലമുറ ഇവിടെ നവകേരളത്തിന്റെ ഉണര്‍ത്തുപാട്ടായി.

2015 ഓഗസ്റ് 23 മുതല്‍ 26 വരെ കേരളത്തിന്റെ ഹരിതജില്ലയായ വയനാട്ടില്‍ കല്പറ്റ സെന്റ് ജോസഫ്സ് കോണ്‍വന്റ് സ്കൂളില്‍ നടന്ന ദീപിക ബാലസഖ്യം സംസ്ഥാന പ്രതിഭാസംഗമം അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ഥി മനസുകളില്‍ അഭിമാനസ്മരണകളുടെ മായാമുദ്രയായി മാറി.

23-ന്റെ സായാഹ്നം കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നുമുള്ള 180-ഓളം ക്യാമ്പംഗങ്ങളെയും നാല്പതോളം അധ്യാപകരെയും ഉള്ളുണര്‍ന്നു സ്വീകരിച്ചപ്പോള്‍ത്തന്നെ, ക്യാമ്പിന്റെ മണിമുഴങ്ങി. ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ ഉയര്‍ത്തിയ പതാകയെ സാക്ഷിനിര്‍ത്തി "നാം ഒരു കുടുംബം'' എന്ന മുദ്രാവാക്യം കൂട്ടുകാര്‍ ഹൃദയങ്ങളിലേറ്റുവാങ്ങി.

തുടര്‍ന്ന് ക്യാമ്പ് ചീഫ് ജി.യു. വര്‍ഗീസിന്റെ നിര്‍ദേശങ്ങള്‍ക്കൊപ്പം പരിചയപ്പെടലും പരിചയപ്പെടുത്തലും...

രണ്ടാംദിനത്തിന്റെ പ്രഭാതത്തില്‍ ജോയി അഗസ്റിന്‍ സാറിന്റെ നേതൃത്വത്തിലുള്ള യോഗപരിശീലനം ബാലമനസുകളില്‍ നവോന്മേഷമേകി. ശ്രീ. ഷൌക്കത്തലിയുടെ വൃക്ഷപൂജയും പ്രകൃതിപഠന ക്ളാസും പിറന്ന മണ്ണിനോടും പ്രപഞ്ചത്തോടും പ്രിയമാനസാരാകാന്‍ പ്രചോദനമായി. സ്കൂള്‍ മുറ്റത്തെ ഇലഞ്ഞിമരത്തിന് ക്യാമ്പംഗങ്ങള്‍ ഒന്നുചേര്‍ന്നു നല്കിയ സ്നേഹചുംബനവും സ്കൂള്‍ അങ്കണത്തില്‍ ക്യാമ്പംഗങ്ങള്‍ നട്ട നൂറ് വൃക്ഷത്തൈകളുമായുള്ള ഹരിതസല്ലാപവും ക്യാമ്പിന്റെ സജീവസ്മരണയായി.

കല്പറ്റ മേഖലാ ഓര്‍ഗനൈസര്‍ സജി തോമസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ മുദ്രാവാക്യ രചനാമത്സരവും മുദ്രാവാക്യവിളി മത്സരവും രണ്ടാംദിനത്തിന്റെ പ്രഭാതത്തെ ഉന്മേഷമുടുപ്പിച്ചു.

കൃത്യം പത്തുമണിക്കുതന്നെ വിടര്‍ന്ന സുസ്മിതവുമായി വിരുന്നുവന്നു, ഉദ്ഘാടകന്‍, കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പിതാവ്. യുവത്വത്തിന്റ ചുറുചുറുക്കുമായി ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ് എത്തിച്ചേര്‍ന്നതോടെ, ഡിസിഎല്‍ സംസ്ഥാന ജനറല്‍ ലീഡര്‍ മാസ്റര്‍ ജെഫിന്‍ ജെറിയുടെ അധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. സെന്റ് ജോസഫ്സ് സ്കൂളിന്റെ വര്‍ണാഭമായ ബാന്റ് ടീം ഉദ്ഘാടനവേദിയിലേക്ക് അതിഥികളെ ആനയിച്ചു.

തുടര്‍ന്ന് പുത്തനറിവുകളുടെ ഉറവകള്‍ തുറന്നുവിട്ട്, പാട്ടും തമാശകളുമായി ബിഷപ് ചക്കാലയ്ക്കല്‍ വേദി കൈയടക്കിയപ്പോള്‍ കഠിനാധ്വാനത്തിലൂടെ വിജയം നേടുന്നതിന്റെ കഥപറഞ്ഞ്, കളക്ടര്‍ കേശവേന്ദ്രകുമാര്‍, കുട്ടികളുടെ മനം നിറഞ്ഞു.

ദീപിക മാനന്തവാടി രൂപതാ സര്‍ക്കുലേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനില്‍ വട്ടുകുന്നേലും, പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളവും സ്പെഷല്‍ കോ- ഓര്‍ഡിനേറ്റര്‍ സി.ഡി. വര്‍ക്കിമാസ്ററും സ്നേഹാശംസകള്‍ നേര്‍ന്നു.

കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ആമുഖപ്രഭാഷണവും വയനാട് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ സിസ്റര്‍ ടീന എസ്സിവി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്കുശേഷം അതിജീവിതമാണു ജീവിതം എന്ന മുദ്രാവാക്യം ബാലഹൃദയങ്ങളിലെഴുതിക്കൊണ്ട്, കൊച്ചേട്ടന്‍ കടന്നുവന്നു.

തുടര്‍ന്ന് ക്യാമ്പിലെ ഏറ്റവും ആകര്‍ഷകമായ ലഹരിവിരുദ്ധ സന്ദേശറാലിയായിരുന്നു. ഫാ. ആന്റണി പുത്തന്‍കുളത്തിന്റെ കൈയില്‍നിന്നും ഡിസിഎല്‍ പതാക ഏറ്റുവാങ്ങിക്കൊണ്ട്, സംസ്ഥാന ഡെപ്യൂട്ടിലീഡര്‍ മേബിള്‍ തോമസ് ലഹരിവിരുദ്ധ മുദ്രാവാക്യത്തിന്റെ ആദ്യശംഖൊലി മുഴക്കി. പിന്നീട് കല്പറ്റ നഗരത്തിന്റെ ഹൃദയവീഥികളെ ത്രസിപ്പിക്കുന്ന ഉജ്വല പ്രകടനമാണ് ഡിസിഎല്‍ ക്യാമ്പംഗങ്ങള്‍ നടത്തിയത്. നൂറുകണക്കിന് ജനങ്ങള്‍ വഴിയോരങ്ങളില്‍ റാലിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ, കേരളത്തിലുണരുന്ന ബാലസമൂഹത്തിന്റെ പ്രതീകംമാത്രമാണ് ഡിസിഎല്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്ന പ്രതിഭകളെന്നും വിദ്യാലയങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും മദ്യവും ലഹരിയും തുടച്ചുനീക്കുവാന്‍ ഡിസിഎല്‍ പ്രതിജ്ഞാബദ്ധമാണെന്നും നഗരത്തില്‍ നടത്തിയ ലഹരിവിരുദ്ധ സന്ദേശത്തില്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ചൂണ്ടിക്കാട്ടി.

ക്യാമ്പിന്റെ രണ്ടാംസന്ധ്യ വയനാടന്‍ നാട്ടുകൂട്ടത്തിന്റെ ചടുല താളമേളങ്ങള്‍കൊണ്ട് ക്യാമ്പംഗങ്ങളുടെ ഉള്ളുണര്‍ത്തി. ശ്രീ. മാത്യൂസ് വയനാടിന്റെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം ഗോത്രമൊഴിയുമായി അരങ്ങുനിറഞ്ഞാടുകയായിരുന്നു. വയനാട്ടിലെ, വിവിധ ആദിവാസി സമൂഹങ്ങളുടെ ആചാരങ്ങളുടെ പശ്ചാത്തലത്തില്‍ നാടന്‍ പാട്ടുകളും നാടോടിനൃത്തങ്ങളും ഒന്നിനുപുറകെ ഒന്നായി, വേദിയില്‍ നിറഞ്ഞപ്പോള്‍, ക്യാമ്പംഗങ്ങളും ആടിയും പാടിയും അവരോടൊപ്പം കൈകോര്‍ത്തു.

തോറ്റവും കുമ്മാട്ടിയും മുടിയഴിച്ചാടിയ 'ഗോത്രമൊഴി', പൊന്നോണത്തുമ്പികളുടെ ഓര്‍മ്മപ്പൊലിമയായി എന്നും നിറഞ്ഞുനില്‍ക്കും.

രണ്ടാംദിവസത്തെ രാത്രി ഡിസിഎല്‍ ഓസ്കാര്‍ അവാര്‍ഡിനുവേണ്ടിയുള്ള പ്രതിഭകളുടെ പോരാട്ടമായിരുന്നു. നൂറിലധികം ക്യാമ്പംഗങ്ങളാണ്, അഞ്ചു മിനിറ്റിനുള്ളില്‍ അഞ്ച് കലാപരിപാടികളുമായി അരങ്ങുതകര്‍ത്താടിയത്.


മൂന്നാംദിവസം വയനാടന്‍ ദൃശ്യസമൃദ്ധിയില്‍ ക്യാമ്പംഗങ്ങളുടെ മനസുനിറഞ്ഞ ദിവസമായിരുന്നു. പ്രഭാതത്തില്‍ത്തന്നെ, വയനാടന്‍ പ്രകൃതിയുടെ ജൈവസമൃദ്ധിയെപ്പറ്റി കെ.എച്ച്. ജരീഷ് നയിച്ച ക്ളാസ് കുഞ്ഞുമനസുകളില്‍ ജിജ്ഞാസയുടെ കലികകള്‍ നിരത്തി.

തുടര്‍ന്ന്, പ്രാചീനശിലായുഗചിത്രങ്ങള്‍ പതിഞ്ഞ ഇടയ്ക്കല്‍ ഗുഹയിലേക്കുള്ളയാത്ര. പാട്ടും നൃത്തവും മുദ്രാവാക്യങ്ങളുമായി പ്രകൃതിരമണീയമായ കാരാപ്പുഴ ഡാമിന്റെ തീരത്ത് ചെലവഴിച്ച സമയം അവിസ്മരണീയമായി. എന്നാല്‍, ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് പ്രതിഭയായ രാഹുല്‍ ദ്രാവിഡിനെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റേഡിയത്തില്‍വച്ച് നേരിട്ടുകണ്ടതാണ് ക്യാമ്പംഗങ്ങളുടെ മനസിലെ മായാ സ്മരണയായി ഇപ്പോഴും നില്‍ക്കുന്നത്. അമ്പുകുത്തി ചെറുമൂല കോളനി എന്ന ആദിവാസി ഊരിലെ സന്ദര്‍ശനം കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതിനിധികളുമായുള്ള കണ്ടുമുട്ടലിനു കളമൊരുക്കി.

ക്യാമ്പംഗങ്ങളുമായി സാംസ്കാരിക സംഭാഷണത്തിനു മുതിര്‍ന്ന ചക്കിയും മൈനയും മൂഞ്ജനും വെള്ളനും എല്ലാം ഇനിയും കടന്നെത്താത്ത വിജ്ഞാന വിസ്ഫോടനത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളെ വെളിപ്പെടുത്തുകയായിരുന്നു.

വിനോദയാത്രാകാഴ്ചകളുടെ വരയും കുറിയുമായിരുന്നു തുടര്‍ന്നു നടന്നത്. കാഴ്ചകളെ കാഴ്ചപ്പാടുകളാക്കി കവിതകളാക്കി, കഥകളാക്കി, കൂട്ടുകാര്‍. വയനാടന്‍ ചിത്രങ്ങള്‍ വരച്ച്, മറ്റുചിലര്‍ പ്രതിഭയറിച്ചു. അത്താഴത്തിനുശേഷം വീണ്ടും ഓസ്കാര്‍ നൈറ്റിന്റെ ഉജ്വല പ്രകടനങ്ങളിലേക്ക് ക്യാമ്പംഗങ്ങളുടെ പ്രതിഭകള്‍ ഉണര്‍ന്നെണീറ്റു.

ഇരുപത്തിയാറിന്റെ പ്രഭാതത്തില്‍ കുട്ടികളുടെ ദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രശസ്ത സാഹിത്യകാരന്‍ അജിതന്‍ നമ്പൂതിരിയുടെ ക്ളാസ് ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ കൂട്ടുകാരുടെ മുന്നില്‍ തുറന്നുവച്ചു.

ഡിസിഎല്‍ ക്യാമ്പിനോടുള്ള മതിപ്പ് പ്രകടിപ്പിച്ചുകൊണ്ട്, വീണ്ടും കടന്നുവന്ന ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രഫഷണല്‍ വിദ്യാഭ്യാസത്തിന്റെ വഴികള്‍ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ വിശദീകരിച്ചു.

തുടര്‍ന്ന് കുലീനമായ പെരുമാറ്റമര്യാദകളുടെ ഉടമകളാകുവാന്‍ കൊച്ചേട്ടന്‍ കൂട്ടുകാരെ പ്രചോദിപ്പിച്ചു. ദീപിക ചോക്ളേറ്റിലെ ഗണിത കൌതുകത്തിന്റെ രചയിതാവ്, എബി ജോര്‍ജ് നേതൃത്വം നല്‍കിയ ഓണപ്പാട്ടു മത്സരവും ഓണക്കളികളും തുടര്‍ന്നു നടന്ന ഓണസദ്യയും പൊന്നോണത്തുമ്പികളെ ഓണനിറവില്‍ നീരാടിച്ചു.

മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിലെ മുഖ്യാതിഥി വയനാട് ജില്ലാപോലീസ് സൂപ്രണ്ട് അജിതാബീഗം ഐപിഎസ് ആയിരുന്നു. യാഥാസ്ഥിതിക പശ്ചാത്തലത്തില്‍നിന്ന്, ഉറച്ച ലക്ഷ്യബോധംകൊണ്ട്, ഐപിഎസ് കരസ്ഥമാക്കിയ അജീത ബീഗം വിദ്യാര്‍ഥികള്‍ക്കു പ്രചോദനസാന്നിധ്യമായി.

സ്വര്‍ഗവും ഭൂമിയും ഒന്നുചേരുന്ന അനുഭവമാണ് ഓണം നല്കുന്നത് എന്ന മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേലിന്റെ സന്ദേശം വ്യത്യസ്തമായി. ക്യാമ്പില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ പ്രതിഭകള്‍ക്ക് അജിതാ ബീഗവും ഫാ. മാത്യുവും കൊച്ചേട്ടനും സമ്മാനങ്ങള്‍ വിതരണംചെയ്തു. സെന്റ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പലും ക്യാമ്പിന്റെ രക്ഷാധികാരിയുമായിരുന്ന സിസ്റര്‍ ജെസി തോമസ് പൊന്നോണത്തുമ്പികള്‍ക്കു ഭാവുകങ്ങള്‍ നേര്‍ന്നു. വിദ്യാര്‍ഥികളെ പ്രതിനിധികരിച്ച് ജനറല്‍ ലീഡര്‍ ജെഫിന്‍ ജെറി നന്ദിപറഞ്ഞു.

വയനാട് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ സിസ്റര്‍ ടീന നല്‍കിയ ഔദ്യോഗികമായ നന്ദിക്കുശേഷം പൊന്നോണത്തുമ്പികള്‍ ഒരുമിച്ചുപാടിയ ഡിസിഎല്‍ ആന്തത്തോടുകൂടി 2015-ലെ പ്രതിഭാസംഗമത്തിനു കൊടിയിറങ്ങി.

പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാരായ വി.കെ. മറിയാമ്മ, ജെയിംസ് പടമാടന്‍, എം.വി. ജോര്‍ജുകുട്ടി, ജിബിന്‍ പോള്‍, ഓര്‍ഗനൈസര്‍മാരായ ജേക്കബ് തട്ടില്‍, ജോജു പി.വി., സിസ്റര്‍ സൌമ്യ, ജെന്‍സി ജോസഫ്, കൊച്ചുറാണി ജോസഫ്, ആലീസ് എന്‍.എം., ജെഫ്റി എം. തോമസ്, ഡാജി ഓടയ്ക്കല്‍, അരുണ്‍ ജോര്‍ജ്, അനൂപ് ജോണ്‍, അലന്‍ ദാസ് എന്നിവരും സെന്റ് ജോസഫ്സ് സ്കൂള്‍ ശാഖാ ഡയറക്ടറും ക്യാമ്പ് ഡയറക്ടറുമായ വേദവ്യാസന്‍, ബിനിത, ഷിംന എന്നിവരും നിരവധി ശാഖാ ഡയറക്ടര്‍മാരും ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം കഠിനാധ്വാനം ചെയ്തു.

തിരിച്ചറിഞ്ഞ കഴിവുകളും പഠിച്ചറിഞ്ഞ നിറവുകളും നിറംപകര്‍ന്ന നിനവുകളുമായി ജീവിതത്തില്‍ വിജയക്കൊടി പാറിക്കുവാന്‍ പൊന്നോണത്തുമ്പികള്‍ പറന്നകന്നു. ദീപിക ബാലസഖ്യം നല്‍കിയ കുടുംബബോധത്തിന്റെ നിറുകയില്‍ ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന ദേശീയതയുടെ ആകാശങ്ങളില്‍ പാറിപ്പറക്കുക പൊന്നോണത്തുമ്പികളേ... ഇനിയും... ഇനിയും...

ജെഫിന്‍ ജെറി(ജനറല്‍ ലീഡര്‍)
മേബിള്‍ തോമസ് (ഡെപ്യൂട്ടി ലീഡര്‍)


ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ് 21-ന്

ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളില്‍വച്ച് സെപ്റ്റംബര്‍ 12-നു നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിസിഎല്‍ ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ് 21-ാം തീയതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചതായി പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍ വി.കെ. മറിയാമ്മ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.