പഞ്ചാരിയില്‍ കൊട്ടിക്കയറാന്‍ പെരുവനത്തെ പെണ്‍കൊടികളും
പഞ്ചാരിയില്‍ കൊട്ടിക്കയറാന്‍ പെരുവനത്തെ പെണ്‍കൊടികളും
Monday, October 5, 2015 12:44 AM IST
ചേര്‍പ്പ്: പഞ്ചാരിയുടെയും പാണ്ടിയുടെയും തുടങ്ങി മേളങ്ങളുടെ ഈറ്റില്ലമെന്നു ഖ്യാതി കേട്ട പെരുവനത്തെ പെണ്‍കൊടികള്‍ പഞ്ചാരിയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

പെണ്‍കുട്ടികള്‍ മാത്രം പഞ്ചാരി അഭ്യസിക്കുന്ന ആദ്യഗ്രാമമെന്ന ഖ്യാതിയും ഇതോടെ പെരുവനത്തിനു സ്വന്തം. ചേര്‍പ്പ് ഭഗവതി ക്ഷേത്ര വാദ്യകലാപീഠം വിദ്യാര്‍ഥിനികളാണ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 15ന് വൈകിട്ട് 6.30ന് ഇവര്‍ ക്ഷേത്രനടയില്‍ അരങ്ങേറ്റം നടത്തും.

പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, പെരുവനം അനില്‍കുമാര്‍ എന്നിവരുടെ ശിക്ഷണത്തിലാണു വിദ്യാര്‍ഥിനികള്‍ മേളം അഭ്യസിച്ചത്. മേളകുലപതിമാരുടെ ശിക്ഷണത്തില്‍ ഒരു വര്‍ഷക്കാലത്തിലേറെ നീണ്ട പരിശീലനമായിരുന്നതിനാല്‍ കാലങ്ങളൊന്നും ഇവര്‍ക്കു പിഴയ്ക്കില്ല. പത്തോ പന്ത്രണ്േടാ ആണുങ്ങള്‍ക്കിടെ സംഘത്തിലൊരാളായി പെണ്‍കുട്ടികള്‍ പഞ്ചാരി കൊട്ടുന്നത് ആദ്യമല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രം പഞ്ചാരി കൊട്ടുന്നതു പെരുവനം ഗ്രാമത്തിലാണ്.


പഞ്ചാരിയുടെ തുടക്കം പെരുവനം ക്ഷേത്രനടവഴിയിലായിരുന്നുവെന്നതും യാദൃച്ഛികം മാത്രം. നാട്ടിലെങ്ങും സ്ത്രീകളടങ്ങുന്ന ശിങ്കാരി മേളക്കാരുണ്െടങ്കിലും പഞ്ചാരി കൊട്ടാന്‍ പെണ്‍മേളക്കാരില്ല. ശിങ്കാരിപോലെ എളുപ്പം അഭ്യസിക്കാന്‍ കഴിയുന്ന ഒന്നല്ല പഞ്ചാരിയെന്നതു തന്നെയാണിതിനു കാരണം.

അരങ്ങേറ്റ മേളത്തില്‍ ശരണ്യ ചന്ദ്രന്‍ പ്രാമാണിത്വം വഹിക്കും. അഞ്ജലി, അപര്‍ണ, അര്‍ച്ചന, ആര്‍ദ്ര, ഇന്ദ്രജ, ഇന്ദുജ, ലക്ഷ്മി എന്നിവരാണു മറ്റു കുട്ടികള്‍. ചേര്‍പ്പ് ഭഗവതി ക്ഷേത്ര വാദ്യകലാപീഠത്തിലെ 13 പേരടങ്ങുന്ന ആണ്‍കുട്ടികളും നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി 16ന് അരങ്ങേറ്റം നടത്തും.

പെണ്‍മേളക്കാര്‍ പഞ്ചാരിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍ മേളത്തെയും മേളകലാകാരന്മാരേയും ഏറെ സ്നേഹിക്കുന്ന ഒരു ഗ്രാമവും ഏറെ ആഹ്ളാദത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.