ഡല്‍ഹി മെട്രോയുടെ വിജയം ഇന്ത്യയില്‍ മെട്രോവിപ്ളവത്തിനു വഴിയൊരുക്കി: ഇ. ശ്രീധരന്‍
ഡല്‍ഹി മെട്രോയുടെ വിജയം ഇന്ത്യയില്‍ മെട്രോവിപ്ളവത്തിനു വഴിയൊരുക്കി: ഇ. ശ്രീധരന്‍
Wednesday, October 14, 2015 12:53 AM IST
തിരുവനന്തപുരം: ഡല്‍ഹി മെട്രോയുടെ വിജയം ഇന്ത്യയില്‍ മെട്രോ വിപ്ളവത്തിനു വഴിയൊരുക്കിയതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഈവാനിയോസ് നഗറിലെ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ മാര്‍ ബസേലിയോസ് യൂത്ത് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണത്തിന് 22 വര്‍ഷമെടുത്ത കോല്‍ക്കത്ത മെട്രോ പരാജയമായിരുന്നു. ഈ സമയത്താണ് കാലാവധിക്കു മുമ്പേ ഡല്‍ഹി മെട്രോ പൂര്‍ത്തിയാക്കിയത്. ഇതു മറ്റു സംസ്ഥാനങ്ങള്‍ക്കു പ്രചോദനമായി. മെട്രോ റെയിലിന്റെ ഏതാനും ബോഗികള്‍ വിദേശത്തു നിന്നു വിലയ്ക്കു വാങ്ങി. ബാക്കി ബോഗികള്‍ തദ്ദേശീയമായി നിര്‍മിച്ചു. അങ്ങനെ മെട്രോ ബോഗികളുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തത നേടി. പിന്നീട് പുതിയ മെട്രോ റെയിലിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി. ഇത്തരത്തിലാണു മേക്ക് ഇന്‍ ഇന്ത്യ നടപ്പിലാക്കിത്തുടങ്ങിയത്.

സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ 70 വര്‍ഷമെങ്കിലും പിന്നിലാണ്. ഈ പോരായ്മയാണു രാജ്യത്തെ പിന്നിലാക്കുന്നത്. രാജ്യം ഒരുപാട് എന്‍ജിനിയര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ സന്തോഷമുണ്ട്. എന്‍ജിനിയറിംഗില്‍ വിജയം നേടാന്‍ സമയനിഷ്ഠ വിശ്വാസ്യത, തൊഴില്‍പരമായ മത്സരം, സാമൂഹ്യ പ്രതിബദ്ധത, മികച്ച ആരോഗ്യം എന്നിവ ആവശ്യമാണ്.

പാലക്കാട് ബേസല്‍ മിഷന്‍ സ്കൂളിലെ പഠന വേളയിലാണു താന്‍ മൂല്യങ്ങളെക്കുറിച്ചു ബോധവാനായത്. ക്രൈസ്തവ സ്ഥാപനങ്ങളില്‍ മൂല്യങ്ങള്‍ക്ക് എപ്പോഴും പ്രധാന്യം നല്‍കിവരുന്നു. രക്ഷിതാക്കളോടും അധ്യാപകരോടുമുള്ള അനുസരണയും വിനയവും ശീലിപ്പിക്കുന്നു. മികച്ച പഠനാന്തരീക്ഷവും മികച്ച അടിസ്ഥാന സൌകര്യങ്ങളും മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജിനുണ്ട്. ഇത് മികച്ച അധ്യയനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ 170 എന്‍ജിനിയറിംഗ് കോളജുള്ളതില്‍ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്തുന്ന എത്ര കോളജുകളുണ്െടന്ന് തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷ പ്രസംഗത്തില്‍ ചോദിച്ചു. കരിയറിന്റെ എല്ലാ മേഖലയിലും മികവു പുലര്‍ത്തിയ ലോകത്തിലെ അത്ഭുത മനുഷ്യമാണ് ഇ. ശ്രീധരന്‍. പഠന കാലത്തും ഔദ്യോഗിക ചുമലതല വഹിച്ച 35 വര്‍ഷവും പിന്നീട് 25 വര്‍ഷവും ശ്രീധരന്‍ മികവ് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

മാര്‍ ബസേലിയോസ് യൂത്ത് എക്സലന്‍സ് അവാര്‍ഡ് ജേതാവിനെ കോളജ് ബര്‍സാര്‍ ഫാ. വിത്സന്‍ തട്ടാരത്തുതുണ്ടില്‍ പരിചയപ്പെടുത്തി. അലുമ്നി അസോസിയേഷന്‍ പ്രതിനിധി വി. അരുണ്‍ ചന്ദ് പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് എസ്.ബി. അനന്തു മറുപടി പ്രസംഗം നടത്തി.

കോട്ടണ്‍ ഹില്‍ ഗവണ്‍മെന്റ്് എന്‍ജിനിയറിംഗ് കോളജില്‍ നിന്നു മെക്കാനിക്കല്‍ വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അനന്തുവിന് ഒരു ലക്ഷം രൂപയും മെമന്റോയും അടങ്ങിയ അവാര്‍ഡാണ് ഇ. ശ്രീധരന്‍ സമ്മാനിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോര്‍ജ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.