മലപ്പുറം അപകടത്തില്‍ മരിച്ചവര്‍ക്കു നാടിന്റെ യാത്രാമൊഴി
മലപ്പുറം അപകടത്തില്‍ മരിച്ചവര്‍ക്കു നാടിന്റെ യാത്രാമൊഴി
Wednesday, November 25, 2015 12:44 AM IST
മട്ടന്നൂര്‍: മലപ്പുറം ഐക്കരപ്പടിക്കടുത്ത് കൈതക്കുണ്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ രാവിലെ എട്ടോടെ മട്ടന്നൂര്‍ തെരുരൂരിലെത്തിച്ച മൃതദേഹങ്ങള്‍ തെരൂര്‍ എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 11വരെ പൊതുദര്‍ശനത്തിനു വച്ച മൃതദേഹങ്ങള്‍ പിന്നീട് വീടുകളിലേക്കു കൊണ്ടുപോയി. ഉച്ചയോടെ സൂര്യയുടെയും അതുലിന്റെയും മൃതദേഹങ്ങള്‍ കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തിലും ദേവിയുടെയും കെ.വി. രവീന്ദ്രന്റെയും മൃതദേഹങ്ങള്‍ പയ്യാമ്പലത്തും സംസ്കരിച്ചു. ശശികലയുടെ മൃതദേഹം നീലേശ്വരത്തെ തറവാട് വളപ്പിലാണ് സംസ്കരിച്ചത്.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, പി.കെ. ശ്രീമതി എംപി, എംഎല്‍എമാരായ ഇ.പി. ജയരാജന്‍, സണ്ണി ജോസഫ്, എ.പി. അബ്ദുള്ളക്കുട്ടി, തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.


മരിച്ച അതുലിന്റെയും സൂര്യയുടെയും സഹപാഠികളും ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയിരുന്നു. പരേതരോടുള്ള ആദരസൂചകമായി കീഴല്ലൂര്‍ പഞ്ചായത്തില്‍ ഇന്നലെ ഉച്ചവരെ ഹര്‍ത്താലാചരിച്ചു.

മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്െടന്നു മന്ത്രി പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും. ആവശ്യമായ എല്ലാ ചികിത്സയും നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.