ചക്കുളത്തുകാവില്‍ പൊങ്കാല ഇന്ന്
ചക്കുളത്തുകാവില്‍ പൊങ്കാല ഇന്ന്
Wednesday, November 25, 2015 12:45 AM IST
എടത്വ: ചരിത്രപ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹായാഗം ഇന്ന്. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാര്‍-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ നിരക്കും.

ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ലക്ഷക്കണക്കിനു ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടാനുള്ള തിരക്ക് ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ തുടങ്ങിയ മറുനാടുകളില്‍നിന്നും വിദേശത്തുനിന്നും ഒട്ടനവധി ഭക്തര്‍ പൊങ്കാലയില്‍ അണിചേരും.

ഇന്നു പുലര്‍ച്ചെ നാലിനു മഹഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. രാവിലെ ഒമ്പതിനു പൊങ്കാലയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്ര ശ്രീകോവിലില്‍നിന്നും പണ്ടാര അടുപ്പിലേക്കു മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം വഹിക്കും.


മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് പൊങ്കാല ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കിരമണ്‍ കാളിദാസ ഭട്ടതിരി ഭദ്രദീപം തെളിക്കും. വിഎച്ച്പി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

11ന് 500ല്‍പരം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനുശേഷം ജീവിത തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യ അഭിഷേകവും, ഉച്ചദീപാരാധനയും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.