ഭീകരരിൽനിന്നു രക്ഷിച്ചതു ദൈവത്തിന്റെ കരം
Tuesday, May 3, 2016 12:52 PM IST
<ആ>ജോൺസൺ വേങ്ങത്തടം

തൊടുപുഴ: യെമനിലെ ഏഥൻ നഗരത്തിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയഭവനിൽ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ട സിസ്റ്റർ സാലിക്കു സംഭവിച്ചതെല്ലാം വാക്കുകൾക്കതീതം. ഇളംദേശം പുൽപ്പറമ്പിൽ ജോസഫിന്റെയും റോസമ്മയുടെയും മകൾ സിസ്റ്റർ സാലിക്കു ഇതൊരു അത്ഭുതമാണ്. ദൈവം മുന്നിൽനിന്നു രക്ഷിച്ച അഭ്ഭുതം. ഒരു വാതിലിനു മറവിൽ നിന്ന സിസ്റ്റർ സാലിയെ ഭീകരരുടെ കൺമുന്നിൽനിന്നു മറച്ചു പിടിച്ചതു ദൈവമെന്നുറക്കെ പറയാനാണ് ഇഷ്‌ടം.

ഒരു വാതിലും ഭീകരരും തമ്മിലുള്ള അകലം വലിയൊരു വിശ്വാസപ്രഖ്യാപനമാകുന്നു. ആശ്ചര്യം ഉളവാക്കുന്ന അത്ഭുതം. ഇതാണു സിസ്റ്ററിന്റെ വാക്കുകൾ. ദൈവം ഒരു സമ്മാനം നൽകി. അതു സ്വീകരിക്കുന്നു. ഈ സംഭവത്തിലേക്ക് ആഴത്തിലിറങ്ങുന്നതിനു മുമ്പു സിസ്റ്റർ കണ്ണുകൾ അടച്ചു പറയുന്നു. ഈ ഭീകരത ലോകത്തെ അറിയിക്കാനായി ജീവിച്ചിരിക്കുന്ന ഒരേയൊരു ദൃക്സാക്ഷിയാണു സിസ്റ്റർസാലി. പിറന്ന മണ്ണിലേക്ക് ഒരിക്കൽ കൂടി വരണമെന്നോ എല്ലാവരെയും കാണണമെന്നോ ആഗ്രഹിച്ചിട്ടില്ല. ദൈവത്തിനു മുന്നിൽ സമർപ്പിച്ചവർക്കു അങ്ങനെ ആഗ്രഹിക്കാനും സാധിക്കില്ല. എന്നാൽ അധികാരികൾ പറഞ്ഞു, ഒരുമാസം ബന്ധുക്കളുടെ കൂടെ നിൽക്കാൻ. ഇതിനു പിന്നിൽ അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും അപേക്ഷയുണ്ടായിരുന്നു; അതും അധികാരികളുടെ മുന്നിൽ. അവർ അംഗീകരിച്ചു. ഒരു മാസക്കാലം തൊടുപുഴ ഇളംദേശം പുൽപ്പറമ്പിൽ വീട്ടിൽ വിശ്രമജീവിതം. ഇവിടെ നിന്നും വീണ്ടും ജോർദാനിലേക്കു നിർധരരായ പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാൻ ഒരു യാത്ര.

അന്നത്തെ ഓർമ ഇന്നും സിസ്റ്ററിനു നടുക്കുന്ന സംഭവം തന്നെ. അന്നൊരു വെള്ളിയാഴ്ച. ദിവ്യബലിയിൽ പങ്കെടുത്തു കഴിഞ്ഞു പ്രഭാതഭക്ഷണത്തിനായി എല്ലാവരും നീങ്ങി. എന്നാൽ പതിവുപോലെ ഫാ. ടോം ഉഴുന്നാലിലിൽ ചാപ്പലിൽ ഒറ്റയ്ക്കു പ്രാർഥന തുടർന്നു. എട്ടരയോടെയാണു നീല വസ്ത്രം ധരിച്ച ഇസ്ലാമിക് ഭീകരർ ഗേറ്റ് കടന്നെത്തിയത്. ഗാർഡിനെയും ഡ്രൈവറെയും വധിച്ചതോടെ കന്യാസ്ത്രികളെ വധിക്കാൻ ഭീകരർ എത്തിയ വിവരം പടർന്നു. അഞ്ച് എത്യോപ്യക്കാർ വൃദ്ധമന്ദിരത്തിലേക്ക് ഓടിയെങ്കിലും അവരെ വധിച്ച ഭീകരർ മുന്നിലെത്തിയ നാലു കന്യാസ്ത്രീകളെയും മരത്തിൽ കെട്ടിയിട്ടതിനു ശേഷം തലയിൽ വെടിവയ്ക്കുകയും തല തകർക്കുകയും ചെയ്തു. കന്യാസ്ത്രീകളെ കൊല്ലരുതെന്നു കേണപേക്ഷിച്ച നാലു ജീവനക്കാരികളെയും വെടിവച്ചു കൊന്നു. വൃദ്ധരോഗികളെ പരിചരിച്ച് ആഹാരം കൊടുത്തു കൊണ്ടിരുന്ന സിസ്റ്റർ സാലി സംഭവം അറിഞ്ഞു ഫാ. ടോമിനെ രക്ഷിക്കാനായി ചാപ്പലിലേക്ക് ഓടി. പക്ഷേ. അവർക്കുചാപ്പലിൽ എത്താൻ കഴിഞ്ഞില്ല. സിസ്റ്റർ സാലി തുറന്നു കിടന്ന റെഫ്രിജറേറ്റർ മുറിയിൽ പ്രവേശിച്ച് വാതിലിന്റെ പിറകിൽ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീ യെ അന്വേഷി ച്ചു പല തവ ണ ഭീകരർ ഈ മുറിയിൽ കയറിയിറങ്ങി. യാതൊരു മറയുമില്ലാതെ വാതിലിന്റെ പിന്നിൽ നിന്ന സിസ്റ്റർ സാലിയെ അവർക്ക് കാണാൻ കഴിഞ്ഞില്ല. വെടിയൊച്ച കേട്ട ഫാ. ടോം തിരുവോസ്തിയെ ഭീകരർ അശുദ്ധമാക്കുമെന്നു മനസിലാക്കി ചാപ്പലിലെ തിരുവോസ്തിയെല്ലാം ഭക്ഷിച്ചു. വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് അദ്ദേഹം വെള്ളത്തിൽ അലിയിച്ചു തീർത്തു. അപ്പോഴേക്കും ഭീകരർ വന്നു. ആരാധന വസ്തുക്കളെല്ലാം നശിപ്പിച്ചു. എന്നിട്ട് ഫാ. ടോമിനെ ബന്ധിച്ച് കാറിലാക്കി കൊണ്ടുപോയി.


അഞ്ചാമത്തെ കന്യാസ്ത്രീയെ കൊലപ്പെടുത്താൻ ഭീകരർ വീണ്ടും വരുമെന്നുറപ്പുണ്ടായതു കൊണ്ടു പട്ടാളവും ഫ്രാൻസിൽനിന്നുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ എന്ന സന്നദ്ധസംഘടനാ പ്രവർത്തകരും ചേർന്നു നിർബന്ധിച്ചു ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സിസ്റ്റർ സാലിയെ പ്രത്യേക വിമാനത്തിൽ അബുദാബി ബിഷപ് ഹൗസിലെത്തിക്കുകയായിരുന്നു. യാത്രാരേഖകൾ നഷ്‌ടപ്പെട്ടതിനാൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് യാത്ര സാധ്യമാക്കിയത്. അബുദാബിയിൽനിന്നു ജോർദാനിൽ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ റീജണൽ ഓഫീസിലേക്കു സിസ്റ്റർ സാലിയെ മാറ്റി. രണ്ടുമാസം അവിടെ വിശ്രമിച്ച ശേഷം കഴിഞ്ഞ മാസം കോൽക്കത്തയിലെ കേന്ദ്ര ആസ്‌ഥാനത്തിലെത്തി. അവിടെ നിന്ന് കൊച്ചി വഴി ഇളംദേശത്ത് വന്നു.

കൊച്ചിയിൽ സിസ്റ്ററിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതു സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളുമാണ്. മൂത്ത സഹോദരൻ ജോർജ്, ഇളയ സഹോദരൻ ടോമി, ഭാര്യ ഗ്രേസി, മക്കളായ ഡോണ, ഡെൽന, ഇളയ സഹോദരി മേരിക്കുട്ടി, ഭർത്താവ് ബേബി ഏബ്രഹാം, മകൾ മീനു തുടങ്ങിയവരുടെയെല്ലാം കണ്ണീരിനു സന്തോഷത്തിന്റെയും ഒരു പാടുനാളത്തെ പ്രാർഥനയുടെയും തിളക്കമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.