ജയിൽ ചാടിയ മോഷ്ടാവിനെ യുവതി പിടികൂടി!
Friday, May 27, 2016 12:43 PM IST
വടക്കഞ്ചേരി: ജയിൽചാടി ബൈക്ക് മോഷണവും പിടിച്ചുപറിയുമായി നടന്നിരുന്ന യുവാവിനെ സ്കൂട്ടർ യാത്രക്കാരി ഉൾപ്പെടെയുള്ള നാട്ടുകാർ ചേർന്നു പിടികൂടി പോലീസിൽ ഏല്പിച്ചു.

കിഴക്കഞ്ചേരി പുന്നപ്പാടത്ത് വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായ അമൽജിത്തി(18)നെയാണ് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെത്തുടർന്നു പിടികൂടിയത്.

മറ്റു നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയവേ കഴിഞ്ഞ 22 നാണ് ജയിൽവാതിലിന്റെ പൂട്ട് പൊളിച്ചു മതിൽചാടി രക്ഷപ്പെട്ടത്. അവിടെനിന്നു തീവണ്ടിമാർഗം കുറ്റിപ്പുറത്തെത്തി അവിടെനിന്നു ബൈക്ക് മോഷ്‌ടിച്ച് വ്യാഴാഴ്ച വൈകുന്നേരമാണു വടക്കഞ്ചേരിയിലെത്തിയത്. ബൈക്കിൽ കറങ്ങുന്നതിനിടെ കമ്മാന്തറയിൽ വച്ചു സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ, യുവതി ചെറുത്തതിനെത്തുടർന്നു ശ്രമം വിഫലമായി. സ്കൂട്ടർ യാത്രക്കാരി യുവാവിന്റെ ബൈക്കിനെ പിന്തുടർന്നു. ഇതിനിടെ, യുവാവിന്റെ ബൈക്ക് മറ്റൊരു സ്കൂട്ടറിലിടിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്നീട് കുണ്ടുകാടുനിന്നാണ് പിടികൂടിയത്.


15 വയസിൽ മോഷണം തുടങ്ങിയ യുവാവിനെതിരെ വിവിധ ജില്ലകളിലായി 14 മോഷണക്കേസുകൾ ഉണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.