മുൻ സർക്കാരിനെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം
മുൻ സർക്കാരിനെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം
Friday, June 24, 2016 2:20 PM IST
തിരുവനന്തപുരം: അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരിൽ മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതിക്കും പക്ഷപാതത്തിനും സ്വജനപക്ഷപാതത്തിനും എതിരായി ജനങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രതികരിച്ചിരിക്കുന്നു എന്നാണു ഗവർണർ പറഞ്ഞത്. ജനവിരുദ്ധ നയങ്ങൾക്കും സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കും മതേതരത്വം ദുർബലപ്പെടുത്തുന്നതിനും എതിരായ സമ്മതിദായകരുടെ ശക്‌തമായ പ്രതിഷേധത്തിന്റെ പ്രതിഫലനമാണു തെരഞ്ഞെടുപ്പു വിധിയെന്നും പ്രസംഗത്തിൽ പറയുന്നു.

കാർഷികവളർച്ച മന്ദീഭവിച്ചതും പൊതുമേഖലാ സ്‌ഥാപനങ്ങൾ നഷ്‌ടത്തിലായതും പരമ്പരാഗത വ്യവസായങ്ങൾ തകർന്നതും വിദ്യാഭ്യാസം വാണിജ്യവത്കരിച്ചതും പൊതു ആരോഗ്യ സംവിധാനം ദുർബലപ്പെടുത്തിയതും സമൂലമാറ്റത്തിനു ജനങ്ങളെ പ്രേരിപ്പിച്ചതായും പ്രസംഗത്തിൽ ചുറ്റപ്പെടുത്തുന്നു.


എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുൻ യുഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനമുള്ളത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി അഞ്ചിനു നടത്തിയ യുഡിഎഫ് സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ യുഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു. അഞ്ചു വർഷത്തെ യുഡിഎഫ് ഭരണം കേരളത്തിന്റെ സുവർണ കാലഘട്ടമെന്നായിരുന്നു അന്നു ഗവർണർ വിശേഷിപ്പിച്ചത്.

സർക്കാരുകൾ എഴുതി നൽകുന്ന പ്രസംഗം ഗവർണർ വായിക്കാൻ ബാധ്യസ്‌ഥനാണ്. എങ്കിലും ഈ വൈരുധ്യം പി.സി. ജോർജ് ഉയർത്തിക്കാട്ടി. ഗവർണറെക്കൊണ്ടു നയപ്രഖ്യാപനം നടത്തിക്കുന്ന ഏർപ്പാട് നിർത്തണമെന്നായിരുന്നു ജോർജിന്റെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.