ബാലാവകാശ കമ്മീഷനെത്തിയിട്ടും ദുരിതങ്ങളൊതുങ്ങിയില്ല
ബാലാവകാശ കമ്മീഷനെത്തിയിട്ടും ദുരിതങ്ങളൊതുങ്ങിയില്ല
Thursday, July 21, 2016 11:48 AM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: ഇടമലക്കുടിയിലെ ദുരിതങ്ങളെപ്പറ്റി നിരവധി സംഘങ്ങൾ പഠിച്ചിട്ടും നടപടികളില്ല. ഇതുവരെയുള്ള അനുഭവം ഇതാണ്. കഴിഞ്ഞ മാസം ആദ്യം ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ഇടമലക്കുടി സന്ദർശിച്ചിരുന്നു. കുടികൾ സന്ദർശിച്ചെന്നും ശിശുക്കളിലും ഗർഭിണികളിലും പോഷകാഹാരക്കുറവ് ഗുരുതരമാണെന്നും റിപ്പോർട്ട് തയാറാക്കി. ഇവിടുത്തെ നിരവധി ആവശ്യങ്ങൾ ഉടൻ പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. എങ്കിലും നടപടികളൊന്നും വന്നില്ല.

സൊസൈറ്റിക്കുടിക്കു സമീപമുള്ള പഞ്ചായത്ത് ഹാളിൽ ഒരു ദിവസം താമസിച്ചാണു കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരുന്നത്. ഈ റിപ്പോർട്ടിൽ 12 മാസത്തിൽ താഴെയുള്ള 36 ശിശുക്കൾ മാത്രമേ ഉള്ളുവെന്നു വ്യക്‌തമാക്കിയിരുന്നു. കുട്ടികളുടെ വാസസ്‌ഥലങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിൽ സമൂലമാറ്റം അനിവാര്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ബാലവകാശ കമ്മീഷന്റെ സന്ദർശനത്തിനു ശേഷം മറ്റൊരു ഏജൻസി നടത്തിയ അന്വേഷണത്തിൽ 82 ശിശുക്കളും 53 ഗർഭിണികൾക്കും പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും കണ്ടെത്തി. സൊസൈറ്റിക്കുടിയും ഇഡലിപ്പാറക്കുടിയും സന്ദർശിച്ചശേഷം പഞ്ചായത്ത് ഹാളിൽ ക്യാമ്പ് ചെയ്താണു ബാലാവകാശ കമ്മീഷൻ അംഗങ്ങൾ റിപ്പോർട്ട് സമർപ്പിച്ചതെന്നും ഊരുകളിൽ കഴിയുന്നവർ പറയുന്നത്.

മറ്റു കുടികളിൽ സന്ദർശനം നടത്തിയില്ലെന്നും ഏകാംഗ സ്കൂൾ അധ്യാപകരെ വിളിച്ചു റിപ്പോർട്ട് തയാറാക്കുകയാണു ചെയ്തതെന്നും ഇവർ ആരോപിക്കുന്നു. കുത്തിവയ്പ്, മറ്റ് ആരോഗ്യ പരിശോധനകൾ എന്നിവയ്ക്കു മാതാപിതാക്കൾ തയാറാകാത്തത് ഇടമലക്കുടിയിലെ ശിശുക്കളുടെ പരിചരണത്തിനു ഭംഗം വരുത്തുന്നുവെന്നും പറയുന്നു. എല്ലാ കുടികളും സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകണമെന്നാണ് ആദിവാസികളുടെ ഇപ്പോഴത്തെ ആവശ്യം.

ഇടമല ക്കുടിയിൽ വായിക്കാനും എഴുതാനും അറിയാവുന്നവർ 45 പേരിൽ താഴെ മാത്രം. ഉന്നത വിദ്യാഭ്യാസം നേടിയവർ രണ്ടു പേർ. എസ്എസ്എൽസി പാസായവർ കൈവിരലിലെണ്ണാവുന്നവർ. ഏഴാം ക്ലാസ് വരെ പഠിച്ചവരും അധികമില്ല. കുടികളിലാകട്ടെ ഏകാംഗ അധ്യാപക സ്കൂളുകൾ മാത്രമാണു പ്രവർത്തിക്കുന്നത്. ഇവിടെ എൽപി വിഭാഗം മാത്രം. എല്ലാ കുടികളിലും ഇപ്പോൾ സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. മിക്ക സ്കൂളിലെയും അധ്യാപകർ ആഴ്ചയിൽ ഒരിക്കൽ എത്തി മടങ്ങും.


ഇഡലിപ്പാറക്കുടിയിൽ പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപിക വിജയലക്ഷ്മി മാത്രമാണ് ഇതിനൊരപവാദം. ഇവർ ഇവിടെ താമസിച്ചു കുട്ടികളെ പഠിപ്പിക്കുന്നു. എല്ലാ കുടികളിലും ഹൈസ്കൂൾ വരെ വിദ്യാഭ്യാസം ലഭിക്കണമെന്നാണ് ഇപ്പോഴത്തെ ഇവരുടെ ആവശ്യം.

<ആ>അടുത്ത മാസം ഇടമലക്കുടി സന്ദർശിക്കും: രാജേന്ദ്രൻ എംഎൽഎ

കോട്ടയം: ഇടമലക്കുടി നിവാസികളുടെ ദുരിതപ്രശ്നങ്ങൾ നേരിട്ടറിയാനായി അടുത്ത മാസം ആദ്യം ഇടമലക്കുടി സന്ദർശിക്കുമെന്ന് എസ്. രാജേന്ദ്രൻ എംഎൽഎ. ഇടമലക്കുടിയിലെ ദുരിതങ്ങൾ അവതരിപ്പിച്ച ദീപിക വാർത്തയോടു പ്രതികരിക്കുകയായിരുന്നു എംഎൽഎ. ഇടമലക്കുടി നിവാസികളുടെ ദുരിതപ്രശ്നങ്ങളെപ്പറ്റിയുള്ള ദീപിക റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, ഇടമലക്കുടിയിൽ മാത്രമല്ല പ്രശ്നം. എല്ലാ ആദിവാസിക്കുടികളിലും വർഷകാലത്തു ദുരിതം ഉണ്ടാകാറുണ്ട്. ഇവിടേക്കു ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ ഇതിനു പരിഹാരം കാണും. അടുത്ത മാസം ആദ്യം ഇടമലക്കുടിയിലെത്തി ഇവിടുത്തെ പ്രശ്നം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇടമലക്കുടിയിലെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അടിസ്‌ഥാനപരമായ വാർത്തകൾ ചിലർ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതായും എംഎൽഎ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.