വിജിലൻസ് ചമഞ്ഞു കവർച്ച: കൂത്തുപറമ്പ് സ്വദേശി പിടിയിൽ
Friday, August 26, 2016 12:10 PM IST
തലശേരി: പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞു സ്വർണവും പണവും കവർന്ന കേസിൽ ഒരു പ്രതിയെ തലശേരി പോലീസ് പിടികൂടി പെരുമ്പാവൂർ പോലീസിനു കൈമാറി. കൂത്തുപറമ്പ് പറമ്പായി കണിയാന്റവളപ്പിൽ ഫസീറിനെ(26)യാണ് തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആസൂത്രിത നീക്കത്തിലൂടെ വ്യാഴാഴ്ച രാത്രി പിടികൂടിയത്.

എറണാകുളത്തെത്തിച്ച പ്രതിയെ ആലുവ റൂറൽ എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്. കുഴൽപ്പണ തട്ടിപ്പു കേസിലെ പ്രതികൂടിയാണ് ഫസീറെന്നു പോലീസ് പറഞ്ഞു. വിദേശത്തായിരുന്ന ഫസീർ ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്.