നഴ്സിംഗ് തട്ടിപ്പ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Saturday, August 27, 2016 11:57 AM IST
<ആ>ജോമി കുര്യാക്കോസ്

കോട്ടയം: നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങളുടെ തട്ടിപ്പിൽ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ ഇടപെടുന്നു. രാജ്യത്ത് നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങൾക്കെതിരേ വ്യാപകമായ പരാതി ഉയർന്ന പശ്ചാത്തലത്തിലാണു കമ്മീഷൻ ഇടപെടുന്നത്.

കേസിന്റെ ഭാഗമായി രാജ്യത്ത് പ്രവർത്തിക്കുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങളുടെ വിവരശേഖരണം നടത്തും. വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു നിരവധിയാളുകളിൽനിന്നു പണംതട്ടിപ്പ് നടത്തുകയും ഇതിനെതിരേ പരാതി ഉയരുകയും ചെയ്തതോടെയാണു കേസെടുത്ത് അന്വേഷണം നടത്താൻ കമ്മീഷൻ തീരുമാനിച്ചത്. കൂടുതൽ പരാതികൾ ലഭിച്ചത് മലയാളി നഴ്സുമാരിൽനിന്നാണെന്ന് കമ്മീഷൻ വ്യക്‌തമാക്കി.

തൊഴിൽ തേടുന്ന നഴ്സുമാരിൽനിന്നു ചെറിയ തുകകൾ വാങ്ങി രജിസ്ട്രേഷൻ നടത്തി പണംതട്ടിപ്പ് നടത്തുന്നവരുണ്ടെന്നും കമ്മീഷൻ പറയുന്നു.

ഡൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഓവർസീസ് സർവീസസ് എന്ന സ്‌ഥാപനത്തിനെതിരെ പരാതിയുമായി നിരവധി നഴ്സുമാർ എത്തിയതോടെയാണു കമ്മീഷൻ രംഗത്തെത്തിയത്. ചങ്ങനാശേരി സ്വദേശിനി പ്രിൻസിക്ക് ജർമനിയിൽ ജോലി വാഗ്ദാനം ചെയ്തു വേൾഡ് ഓർവർസീസ് സർവീസസ് പലപ്പോഴായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ജോലി നല്കാനോ പണം തിരികെ നൽകാനോ തയാറായില്ല. ഇതോടെയാണു ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനെ സമീപിച്ചത്.


ഇതിനുശേഷം ഡൽഹി പോലീസിനു പരാതി നല്കി. പരാതിയുടെ പശ്ചാത്തലത്തിൽ ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു തയാറാകുകയായിരുന്നു. രാജ്യത്ത് നഴ്സിംഗ് റിക്രൂട്ടിംഗ് സ്‌ഥാപനങ്ങൾക്കെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്.

എന്നാൽ പോലീസിൽ പരാതി നൽകിയാലും തുടർ നടപടികൾ ഉണ്ടാകാറില്ലെന്നു തട്ടിപ്പിനു ഇരയായവർ പറയുന്നു.

നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിൽ ഇരയാകുന്നവരുടെ പ്രശ്നങ്ങളിൽ കമ്മീഷന്റെ ഇടപെടൽ മലയാളി നഴ്സുമാർക്ക് ഏറെഗുണകരമാകുമെന്ന് വിലയിരുത്തുന്നു. പരാതികൾക്ക് തുടർ നടപടികൾ സ്വീകരിക്കാൻ കമ്മീഷന്റെ പ്രവർത്തനം വഴി സാധിക്കുമെന്ന് കമ്മീഷൻ ചീഫ് നാഷ്ണൽ വൈസ് ചെയർപേഴ്സണും സംസ്‌ഥാന ചെയർപേഴ്സണുമായ വി.പി. റോണി പറഞ്ഞു. കമ്മീഷൻ ഫോൺ: 9605524400.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.