തിരയടിച്ചു മത്സ്യബന്ധന വള്ളം മുങ്ങി; 17 തൊഴിലാളികളെ രക്ഷപ്പെടുത്തി
Sunday, August 28, 2016 12:39 PM IST
വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ തിരയടിച്ചു കയറി മത്സ്യബന്ധനവള്ളം മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളും കടലിൽ വീണു. മുങ്ങിയ വള്ളത്തിൽ പിടിച്ചുകിടന്ന തൊഴിലാളികളെ അല്പമകലെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെ പുതുവൈപ്പിനും ഞാറക്കലിനുമിടയിൽ കടലിൽ 5 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് അപകടം നടന്നത്.

തൃശൂർ പെരിഞ്ഞനം സ്വദേശികളായ സദൻ, സുധൻ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള മൂലക്കൽ എന്ന വള്ളമാണ് മുങ്ങിയത്. അയലക്കൂട്ടം കണ്ടു വലവിരിച്ച തൊഴിലാളികൾ വള്ളത്തിന്റെ ഒരു വശത്തുനിന്നുകൊണ്ടു വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞു കൊച്ചി കോസ്റ്റൽ സിഐ ജി.ഡി.വിജയകുമാറിന്റെ നിർദേശാനുസരണം എസ്ഐ ടി.കെ. റഹീം, സീനിയർ സിപിഒമാരായ നിസാമുദ്ദീൻ, ടി.ജെ. ആന്റണി, എം.എം. രാജേഷ് എന്നിവർ രക്ഷാബോട്ടുമായി കടലിൽ എത്തി 17 തൊഴിലാളികളെയും രക്ഷപ്പെടുത്തി സുരക്ഷിതമായി ഫോർട്ട്കൊച്ചിയിലെത്തിച്ചു.


നിസാര പരിക്കു പറ്റിയ 17 തൊഴിലാളികൾക്കും ഫോർട്ട്കൊച്ചി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. മുങ്ങിയ വള്ളവും അതിലുണ്ടായിരുന്ന വലയും നഷ്ടപ്പെട്ടു. മറൈൻ എൻഫോഴ്സ്മെന്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.