പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാപ്രദർശനം; നടനെതിരേ കേസ്, ഒരു പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു
Wednesday, August 31, 2016 11:38 AM IST
പാലക്കാട്: സ്കൂളിലേക്കു പോകുകയായിരുന്ന പെൺകുട്ടികളുടെ അടുത്തേക്കു കാർ ചേർത്തുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പെൺകുട്ടികളെ ഉൾപ്പെടുത്തി സെൽഫി എടുക്കുകയും ചെയ്ത സംഭവത്തിൽ സിനിമാ നടനെതിരേ ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ 27നാണ് സംഭവം.

പെൺകുട്ടികളിലൊരാൾ ഇന്നലെ വൈകുന്നേരത്തോടെ ആത്മഹത്യക്കു ശ്രമിച്ചു. ഒറ്റപ്പാലം പോലിസ് സ്റ്റേഷനിൽനിന്ന് വൈകിട്ട് ഏഴോടെ സ്റ്റേഷനിലേക്കു ചെല്ലണമെന്നും ചെന്നില്ലെങ്കിൽ വനിതാ പോലിസ് വീട്ടിൽ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി ഫോൺകോൾ വന്നതായി പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. ഇതിനു ശേഷമാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചത്.

തക്കസമയത്തു വീട്ടൂകാർ സംഭവം കണ്ടതിനാൽ ദുരന്തം ഒഴിവായി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ പെൺകുട്ടികളെ മൊഴിയെടുക്കാനെന്ന പേരിൽ ഒറ്റപ്പാലം സ്റ്റേഷനിലേക്കു വിളിപ്പിച്ചു പോലീസ് ഭീഷണിപ്പെടുത്തുകയും ഭാവി ഇല്ലാതാകുമെന്നും കേസ് പിൻവലിക്കുന്നതാണു നല്ലതെന്നും പറയുകയും ചെയ്തതായി വീട്ടുകാർ പറയുന്നു.

പത്തിരിപ്പാലയിലെ പ്രമുഖ സ്കൂളിലേക്കു സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നു നടൻ നഗ്നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്തുവെന്നാണു കേസ്. കുട്ടികൾ ബഹളം വച്ചതോടെ നടൻ പെട്ടെന്നു കാർ ഓടിച്ചുപോകുകയായിരുന്നു. സംഭവം അറിഞ്ഞ് രക്ഷിതാക്കൾ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു.


അതേസമയം, ഒറ്റപ്പാലം പോലിസ് സ്റ്റേഷനിലെ ഒരു പോലിസുകാരൻ പരാതിക്കാരായ പെൺകുട്ടികളെ സന്ധ്യാ സമയത്തിനുശേഷം മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പരാതിപ്പെട്ടു.

ഈ സമയത്തു വനിതാ പോലിസിന്റെ സാന്നിധ്യവുമുണ്ടായിരുന്നില്ല. സിനിമാനടൻ സമൂഹത്തിൽ ഉയർന്ന സ്‌ഥാനമുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടാൻനിന്നാൽ ഭാവി ഇല്ലാതാകുമെന്നും ഇയാൾ കുട്ടികളോടു പറഞ്ഞത്രെ.

ചൈൽഡ്ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസ് എന്നിവരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടികളുടെ പരാതിയിൽ പറയുന്ന കുറ്റകൃത്യം ചെയ്തത് ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പാലക്കാട് പോലീസ് ചീഫ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ഒറ്റപ്പാലം സബ്കളക്ടർ നൂഹിനു നിർദേശം നൽകിയതായി ജില്ലാ കളക്ടർ മേരിക്കുട്ടി അറിയിച്ചു.

പരാതിക്കാരായ കുട്ടികളും രക്ഷിതാക്കളും ഇന്നു ജില്ലാകളക്ടറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുമെന്നു രക്ഷിതാക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.