ഇടുക്കിയിലെ നിർമാണ നിയന്ത്രണം: സർക്കാരിനെതിരേ എസ്. രാജേന്ദ്രൻ
Tuesday, October 18, 2016 1:03 PM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളിൽ നിർമാണ നിയന്ത്രണവും മരംമുറിക്കൽ നിരോധനവും ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരേ സിപിഎം അംഗമായ എസ്. രാജേന്ദ്രൻ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനിടയിലാണു റവന്യു വകുപ്പിനും ജില്ലാ കളക്ടർക്കുമെതിരേ രാജേന്ദ്രൻ ആഞ്ഞടിച്ചത്.

2010ലുണ്ടായ ഹൈക്കോടതി വിധിയുടെ പേരിൽ, എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം ബഹുനില മന്ദിരങ്ങളുടെ നിർമാണം തടഞ്ഞുകൊണ്ടു ജില്ലാ കളക്ടർ കൗശിഗൻ ഉത്തരവിറക്കിയതായി രാജേന്ദ്രൻ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങൾക്കു റവന്യു വകുപ്പിലുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. എന്നാൽ, വിശ്വാസം പൂർണമായി നശിച്ചിട്ടില്ല. 2010ലെ കോടതിവിധി യുഡിഎഫ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയിരുന്നില്ല. മുമ്പുണ്ടായിരുന്നതു പോലെയുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നു രാജേന്ദ്രൻ നിർദേശിച്ചു.


എന്നാൽ, ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണു ബഹുനില മന്ദിര നിർമാണങ്ങൾക്കു ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നു റവ ന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തയാറാണ്. ഇടുക്കി ജില്ലയിലുള്ള ആരെയും ആട്ടിയകറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പരിസ്‌ഥിതിയെ ബാധിക്കുന്ന കെട്ടിട നിർമാണം തടയണമെന്ന കോടതി നിർദേശം നടപ്പാക്കുകയാണു ചെയ്തത്. എൻഒസി ഇല്ലാത്ത ബഹുനിലമന്ദിര നിർമാണത്തിന് അനുമതി നൽകേണ്ടതില്ലെ ന്നു ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണു ആർഡിഒ നിർദേശം നൽകിയത്. വിജ്‌ഞാപനം ചെയ്ത വില്ലേജുകളിൽ മാത്രമേ മരം മുറിക്കുന്നതിനു തടസമുള്ളു. മറ്റു വില്ലേജുകളിലെ മരം മുറിക്കലിനു തടസമില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.