വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരണമെന്നു സിപിഎം
വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരണമെന്നു സിപിഎം
Wednesday, October 19, 2016 1:44 PM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കത്തു നൽകിയ ജേക്കബ് തോമസ് ആ പദവിയിൽ തുടരണമോയെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കും. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തന്നെ തുടരണമെന്ന നിലപാടാണു സിപിഎമ്മും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചത്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി തുടരണമെന്നാണു മുഖ്യമന്ത്രിയുടെയും അഭിപ്രായമെന്നാണു സൂചന.

ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗം ജേക്കബ് തോമസ് വിഷയം ചർച്ച ചെയ്തില്ല. നിയമനകാര്യം മാത്രം മന്ത്രിസഭയിൽ ചർച്ച ചെയ്താൽ മതിയെന്നും സ്‌ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു ജേക്കബ് തോമസ് നൽകിയ കത്ത് മുഖ്യമന്ത്രിയാണു പരിഗണിക്കേണ്ടതെന്നുമായിരുന്നു മന്ത്രിമാരുടെ അഭിപ്രായം. ഇതിന്റെ അടിസ്‌ഥാനത്തിൽ തീരുമാനം മുഖ്യമന്ത്രിക്കു വിടുകയായിരുന്നു.

വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന നിലപാടിലാണ് ഇപ്പോഴും ജേക്കബ് തോമസ്. സർക്കാർ അതംഗീകരിച്ചില്ലെങ്കിൽ ജേക്കബ് തോമസ് വൈകാതെ അവധിയിൽ പ്രവേശിച്ചേക്കും. ഇതൊഴികെയുള്ള ഏതു സ്‌ഥാനവും വഹിക്കാൻ തയാറാണെന്ന് അദ്ദേഹം സർക്കാരിനെ അറിയിച്ചു.

ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി തുടരണമെന്ന് ഇന്നലെ ചേർന്ന സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിയോടു നിർദേശിച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ബന്ധുനിയമനവുമായി ബന്ധപ്പെട്ടു മുൻമന്ത്രി ഇ.പി. ജയരാജനെതിരേ വിജിലൻസ് കേസ് ആരംഭിച്ച സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഒഴിവാക്കുന്നതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നാണു സിപിഎം നിഗമനം.


ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി. ജേക്കബ് തോമസിന്റെ ആവശ്യം സർക്കാർ അംഗീകരിക്കേണ്ടതില്ലെന്ന ശിപാർശയാണു നളിനി നെറ്റോ മുഖ്യമന്ത്രിക്കു നൽകിയത്.

വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണു കത്തു നൽകിയത്. ജേക്കബ് തോമസുമായി ബന്ധപ്പെട്ട ഏതാനും കേസുകൾ അടുത്ത ദിവസങ്ങളിൽ കോടതി പരിഗണിക്കാനിരിക്കേയാണു സ്‌ഥാനമാറ്റം ആവശ്യപ്പെട്ട് അദ്ദേഹം കത്തു നൽകിയതെന്നാണു വിവരം. വിജിലൻസ് മുൻ ഡയറക്ടർമാരായ ശങ്കർ റെഡ്ഡിയും വിൻസൻ എം. പോളും ജേക്കബ് തോമസിനെതിരേ രംഗത്തെത്തിയിരുന്നു. തനിക്കെതിരേ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതു വിജിലൻസ് ഉന്നതന്റെ ഗൂഢാലോചനയെ തുടർന്നാണെന്നു ശങ്കർ റെഡ്ഡി ആരോപിക്കുകയും ജേക്കബ് തോമസിന്റെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

മുൻ വിജിലൻസ് ഡയറക്ടറും സംസ്‌ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുമായ വിൻസൻ എം. പോളും ജേക്കബ് തോമസിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.

പുതിയ വിജിലൻസ് ഡയറക്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചാൽ ഡിജിപി പദവിയിലുള്ള ഫയർ ആൻഡ് റസ്ക്യൂ സർവീസസ് കമൻഡാന്റ് ജനറൽ എ. ഹേമചന്ദ്രൻ, എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, ക്രൈം ഡിറ്റാച്ച്മെന്റ് മേധാവി ശങ്കർ റെഡ്ഡി എന്നിവരിൽ ഒരാളെ പരിഗണിക്കേണ്ടിവരും. സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുൻ മേധാവി ടി.പി. സെൻകുമാർ എന്നിവരും ഡിജിപി പദവിയിലുള്ളവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.