സൗദിയിൽ കുടുങ്ങിയ സംഘത്തിലെ അഞ്ചു സ്ത്രീകളെ ഉടൻ നാട്ടിലെത്തിച്ചേക്കും
Tuesday, October 25, 2016 1:12 PM IST
കൊച്ചി: ട്രാവൽ ഏജൻസിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ വിശ്വസിച്ച് സൗദിയിൽ ജോലിക്കുപോയി, മാസങ്ങളായി അവിടെ കുടുങ്ങിക്കിടക്കുന്ന 13 സ്ത്രീകളിൽ അഞ്ചുപേരെ ഉടൻ നാട്ടിലെത്തിക്കുമെന്നു സൂചന. പ്രശ്നത്തിൽ ഇടപെട്ട ബിജെപി എറണാകുളം ജില്ലാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യത്തിനു ഭക്ഷണവും വെളളവും ലഭിക്കാതെ മലയാളികളായ 13 സ്ത്രീകൾ സൗദി അറേബ്യയിലെ ഓതം മാർക്കറ്റിനു സമീപമുള്ള സാറ ഹസൻ സ്ട്രീറ്റിലെ വീട്ടിൽ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എറണാകുളം സ്വദേശിനികളായ റോസിലി ജോഷി, എൽസി ജോസഫ്, കുമ്പളം സ്വദേശിനി ജസി റോബർട്ട്, കാഞ്ഞിരപ്പള്ളി സ്വദേശിനികളായ മഞ്ജുമോൾ തങ്കച്ചൻ, മേരി ജോൺ, കളർകോട് സ്വദേശിനി ജിൻസി ജോൺ, ചേർപ്പുങ്കൽ സ്വദേശിനി ജിജി ജോസഫ്, പടിഞ്ഞാറ്റിൻകര സ്വദേശിനി മേരി സജി, മാന്തുരുത്തി സ്വദേശിനി കുഞ്ഞമ്മ തോമസ്, ചേറ്റുകുളം സ്വദേശിനി റോസമ്മ ഹരിദാസ്, കൊല്ലം സ്വദേശിനി യമുന മാർഗരീത്ത, ഇടുക്കി സ്വദേശിനി ശോശാമ്മ ആന്റണി, ചൊക്ലായി സ്വദേശിനി സിന്ധു മധു എന്നിവരാണ് സൗദിയിൽ കുടുങ്ങിയത്.


സൗദിയിലെ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിലേക്കെന്നു പറഞ്ഞ് സ്വകാര്യ ട്രാവൽ ഏജൻസി വഴി പോയവരാണിവർ. രണ്ടു വർഷത്തെ എഗ്രിമെന്റിൽ പ്രതിമാസം 24,000 രൂപ ശമ്പളം, റിട്ടേൺ ടിക്കറ്റ്, ഭക്ഷണവും താമസ സൗകര്യവും എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ജൂൺ അഞ്ചിനു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ കയറ്റിവിട്ടത്. എന്നാൽ ആശുപത്രിയിലെ ക്ലീനിംഗ് ജോലിക്കു പകരം വൃത്തിഹീനമായ സാഹചര്യത്തിലുളള പല സ്‌ഥലങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിയാണ് ഇവർക്കു ചെയ്യേണ്ടിവന്നത്. കഴിഞ്ഞ മൂന്നു മാസമായി ജോലി കുറവാണെന്നു പറഞ്ഞ് താമസസ്‌ഥലത്തു തന്നെ ഇരുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ വെള്ളവും ഭക്ഷണവും കിട്ടാതെ പലർക്കും അസുഖവും പിടിപെട്ടു. മൂന്നു മാസത്തെ ശമ്പളമായി ലഭിച്ചത് ആകെ 9800 രൂപ മാത്രം. വിവിധ മലയാളി അസോസിയേഷനുകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ വിശപ്പടക്കിയിരുന്നത്.

ആദ്യം അഞ്ചുപേരേയും പിന്നീടു ബാക്കിയുള്ളവരേയും നാട്ടിലേക്കു കയറ്റിവിടാമെന്ന് ട്രാവൽ ഏജൻസി അറിയിച്ചതായാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.