ചെറുവത്തൂരിൽ മൊബൈൽ ടവറിനു തീയിട്ടു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ചെറുവത്തൂരിൽ മൊബൈൽ ടവറിനു തീയിട്ടു;  കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Thursday, December 1, 2016 3:47 PM IST
ചെറുവത്തൂർ: ബിഎസ്എൻഎൽ ചെറുവത്തൂർ ഓഫീസിനോടു ചേർന്നു പ്രവർത്തിക്കുന്ന മൊബൈൽ ടവറിനു തീയിട്ടു. ലക്ഷക്കണക്കിനു രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. ഇതെത്തുടർന്ന് വിവിധ മൊബൈൽ കമ്പനികളുടെ നെറ്റ്വർക്ക് സംവിധാനം താറുമാറായി. ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ബിഎസ്എൻഎൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ടവറിനാണു തീയിട്ടത്. ഇന്നലെ പുലർച്ചെ 2.30ഓടെയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയും പിലിക്കോട് മട്ടലായി താമസക്കാരനുമായ ഒരാളെ ഇന്നലെ രാത്രി ചന്തേര അഡീഷണൽ എസ്ഐ എം.പി.പത്മനാഭൻ അറസ്റ്റ് ചെയ്തു.

കോഴിക്കോട് മലാപ്പറമ്പിൽ ഓട്ടോ ഡ്രൈവറും പിലിക്കോട് പഞ്ചായത്ത് മട്ടലായിയിൽ താമസക്കാരനുമായ അലക്സ് ഫെലിക്സ്(48)ആണ് അറസ്റ്റിലായത്. തീപിടിത്തത്തിൽ ടവറിൽ പ്രവർത്തിച്ച റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എയർടെൽ എന്നിവയുടെ ഔട്ട്ഡോർ യൂണിറ്റ് കേബിളുകളും താഴെയുള്ള കാബിനും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു. ബിഎസ്എൻഎൽ, റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്കുമായി 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായാണു കണക്കാക്കിയിട്ടുള്ളത്. ഇതിൽ ജിയോയ്ക്ക് 20 ലക്ഷത്തിന്റെയും ബിഎസ്എൻഎൽ, എയർടെൽ എന്നിവയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടവുമാണ് കണക്കാക്കിയിട്ടുള്ളത്.

തെങ്ങോല, മണ്ണെണ്ണ, മരക്കഷണങ്ങൾ, ചകിരി എന്നിവ ഉപയോഗിച്ച് കേബിളുകൾക്ക് തീയിടുകയായിരുന്നുവെന്നാണു കണ്ടെത്തിയത്. കേബിളിലൂടെ തീ കാബിൻ, ടവർ എന്നിവയിലേക്ക് പടരുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസും തൃക്കരിപ്പൂരിൽനിന്ന് അഗ്നിശമനസേനയും എത്തുമ്പോഴേയ്ക്കും തീയണച്ചിരുന്നു.


ഡിവൈഎസ്പി കെ.ദാമോദരൻ, നീലേശ്വരം സിഐ യു.ഉണ്ണിക്കൃഷ്ണൻ, ചന്തേര പ്രിൻസിപ്പൽ എസ്ഐ അനൂപ്കുമാർ എന്നിവർ സ്‌ഥലത്തെത്തി. സംഭവം സംബന്ധിച്ച് റിലയൻസ് ജിയോ ഇൻഫോ ടെക്നീഷ്യൻ കെ.കൃപേഷിന്റെ പരാതിയിലാണ് പോലീസ് പത്തു മണിക്കൂറിനുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞത്.

ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തെ സ്വകാര്യ സ്‌ഥാപങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും സൂചന ലഭിച്ച പോലീസ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച അലക്സിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിഎസ്എൽഎൽ ഓഫീസിന്റെ മതിൽ ചാടിക്കടന്നാണ് പ്രതി അകത്തുകടന്നതെന്ന വിവരത്തിൽനിന്നാണ് സമീപത്തെ സിസിസിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്. രണ്ടു മാസം മുമ്പ് ദേശീയ പാതയോരത്തുള്ള ചെറുവത്തൂർ കാനറാ ബാങ്കിന് സമീപത്തെ സ്വകാര്യ മൊബൈൽ ടവറിനും ആറു മാസം മുമ്പ് ചെറുവത്തൂരിനടുത്ത് കണ്ണാടിപ്പാറയിലെ വൈദ്യുതി സബ്സ്റ്റേഷനിലെ വൈദ്യുത കേബിളുകളും തീവച്ചുനശിപ്പിച്ചതും താനാണെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.