കോൺഗ്രസ് വിമതരും ബിജെപിയും ഒന്നിച്ചു; കുറ്റിക്കോലിൽ സിപിഎമ്മിനു ഭരണം നഷ്‌ടമായി
Thursday, December 1, 2016 3:47 PM IST
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ പരമ്പരാഗത ഇടത് കോട്ടയായ കുറ്റിക്കോൽ പഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്‌ടമായി. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ എൻ.ടി. ലക്ഷ്മിക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഏഴിനെതിരേ ഒൻപത് വോട്ടുകൾക്ക് പാസായതോടെയാണ് പാർട്ടിക്കു ഭരണം നഷ്‌ടമായത്. കോൺഗ്രസിൽനിന്നു നേരത്തെ പുറത്താക്കപ്പെട്ട ജോസഫ് പാറത്തട്ടേലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട നാല് അംഗങ്ങളും ഒരു ആർഎസ്പി അംഗവും ബിജെപിയുടെ മൂന്ന് അംഗവും വിമത കോൺഗ്രസ് അംഗവും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് സിപിഎമ്മിന് ഭരണം നഷ്‌ടമായത്.

15 ദിവസത്തിനുള്ളിൽ പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. കോൺഗ്രസ് വിമതവിഭാഗത്തിൽപ്പെട്ട കരിവേടകം വാർഡംഗം പി.ജെ. ലിസി പ്രസിഡന്റാകുമെന്നാണ് സൂചന. പ്രസിഡന്റ് സ്‌ഥാനം വനിതാസംവരണമാണ്. വിമതവിഭാഗത്തിൽപ്പെട്ട മറ്റു രണ്ടു വനിതാ മെംബർമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ആയതുകൊണ്ടാണ് ലിസിക്കു നറുക്കു വീണത്.

ചെങ്കോട്ടയായ കുറ്റിക്കോലിൽ ചരിത്രത്തിൽ ആദ്യമായാണു സിപിഎമ്മിനു ഭരണം നഷ്‌ടമാകുന്നത്. മുമ്പ് ബേഡഡുക്ക പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 2000 ത്തിലാണ് വിഭജിച്ച് കുറ്റിക്കോൽ പഞ്ചായത്താകുന്നത്. ഇക്കാലമത്രയും സിപിഎമ്മാണ് മൃഗീയ ഭൂരിപക്ഷത്തോടെ ഇവിടെനിന്നും ജയിച്ചുവന്നിരുന്നത്. ഒരുവർഷം മുമ്പ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ വി.ദാമോദരനെ പിന്തുണച്ചതിന്റെ പേരിൽ നാല് മെംബർമാരെ കോൺഗ്രസിൽനിന്ന് ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് കുറ്റിക്കോലിൽ കോൺഗ്രസിന് ഔദ്യോഗികമായി അംഗങ്ങളില്ലാത്ത അവസ്‌ഥയായിരുന്നു.


ശക്‌തികേന്ദ്രത്തിൽ പാർട്ടിക്കു ഭരണം നഷ്‌ടമായത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. നേരത്തെ വിമത പ്രവർത്തനത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മിറ്റിയിലും കുറ്റിക്കോൽ പഞ്ചായത്തിലും ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പാർട്ടിയുടെ അടിത്തറ ശിഥിലമാകാൻ കാരണമായിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന നേതാവുമായിരുന്ന പി.ഗോപാലൻ ഉൾപ്പെടെ നൂറിൽപ്പരം പ്രവർത്തകർ സിപിഎമ്മിൽനിന്നും രാജിവച്ച് സിപിഐയിൽ ചേർന്നതും പാർട്ടിക്ക് വലിയ നഷ്‌ടം ഉണ്ടാക്കിയിരുന്നു.

ഭരണം നഷ്‌ടപ്പെട്ടതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാകും. കോൺഗ്രസ് – ബിജെപി സഖ്യമെന്ന പ്രചാരണത്തിന് കൂടുതൽ മൂർച്ചകൂട്ടാനും സിപിഎമ്മിന് സാധിക്കാത്ത അവസ്‌ഥയാണ്.

കോൺഗ്രസ് പുറത്താക്കിയ അംഗങ്ങളാണ് ബിജെപിയുമായി ചേർന്നിരിക്കുന്നത്. അതേസമയം കോൺഗ്രസിനും കുറ്റിക്കോലിലെ സംഭവവികാസങ്ങൾ രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കും.

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചതിന് പാർട്ടിയിൽനിന്നു പുറത്താക്കിയ അംഗങ്ങളുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ പരോക്ഷമായി കോൺഗ്രസ് ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് പാർട്ടിക്കു നേരിടേണ്ടിവരിക. അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് സിപിഎം പ്രവർത്തകർ കുറ്റിക്കോൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.