തീരദേശ പാക്കേജ് പരിഗണനയിൽ: മുഖ്യമന്ത്രി
തീരദേശ പാക്കേജ് പരിഗണനയിൽ: മുഖ്യമന്ത്രി
Sunday, December 4, 2016 6:12 PM IST
ആലപ്പുഴ: തീരദേശ വികസന പാക്കേജ് പരിഗണനയിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കടപ്പുറത്തു ലത്തീൻ സമുദായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുനാമിക്കുശേഷം മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞതു വസ്തുതയാണ്. ഇടനിലക്കാരുടെ ചൂഷണവും മ ത്സ്യമേഖലയിൽ പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നു. കച്ചവടം ചെയ്യാൻ പണം തരുന്നുവെന്ന കാരണത്താൽ ഇവർ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇതിനു പരിഹാരമുണ്ടാകും.

ഫിഷിംഗ് ഹാർബറുകളുടെ പുനർക്രമീകരണത്തിനും നടപടിയുണ്ടാകും. കയർ, ടൂറിസം, മത്സ്യമേഖല എന്നിവ ഒരേപോലെ വളരണം. തീരദേശപരിപാലന നിയമം യാതൊരു തത്വദീക്ഷയുമില്ലാതെയാണു കൊണ്ടുവന്നത്. കടൽത്തീരത്തുനിന്നു മാറാൻ മത്സ്യത്തൊഴിലാളിയോടു പറയാൻ ആർക്കും അവകാശമില്ല. വനാവകാശനിയമം മൂലം കാടുകളിൽ ആദിവാസികൾക്കു താമസിക്കാൻ അനുമതി ഉള്ളതുപോലെ കടൽത്തീരത്തു താമസിക്കാൻ മത്സ്യത്തൊഴിലാളികൾക്കും അവകാശമുണ്ട്. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് എട്ടിനു പാർലമെന്റിൽ കൂടുന്ന എംപിമാരുടെ യോഗത്തിൽ നിയമം ഭേദഗതി ചെയ്യാൻ കേരളത്തിലെ എംപിമാർ ശക്‌തമായ സമ്മർദം ചെലുത്തും.

യോഗംവിളിച്ച കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രിയെന്ന നിലയിൽ താൻ കാണുമെന്നും പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

കേന്ദ്ര വനം–പരിസ്‌ഥിതി മന്ത്രാലയം ആവശ്യപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ശിപാർശ സർക്കാർ നല്കും. തീരദേശഹൈവേയുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾക്കു ആശങ്ക വേണ്ട. വീടില്ലാത്തവർക്കു വീടു നിർമിച്ചു നൽകും. മത്സ്യത്തൊഴിലാളിയുടെ വീടു തൊഴിലുമായി ബന്ധപ്പെട്ട സ്‌ഥലത്തുതന്നെ നിർമിച്ചുനൽകും. മത്സ്യത്തൊഴിലാളിക്കു സംരക്ഷണവും ഒപ്പം ടൂറിസം ശക്‌തിപ്പെടുകയും വേണം. ചില കടലോരങ്ങൾ ടൂറിസവുമായി ബന്ധപ്പെട്ടു വികസിപ്പിക്കാം. എന്നാൽ, കടലോരമാകെ കൈവശപ്പെടുത്താൻ ഏതെങ്കിലും ഒരു കൂട്ടരെ നിയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപതാ ആർച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷതവഹിച്ചു. മത്സ്യമേഖലയുടെ നയരൂപീകരണത്തിനു യാതൊരു കുറവുമില്ലെന്നും എന്നാൽ, പ്രയോജനങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടി. മാറിമാറി വരുന്ന സർക്കാരുകൾ മത്സ്യമേഖലയെ വേണ്ടത്ര രീതിയിൽ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ രൂപത ബിഷപ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രി ജി. സുധാകരൻ സുവനീർ പ്രകാശനം നടത്തി.

വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സന്നിഹിതനായിരുന്നു. കെ.സി. വേണുഗോപാൽ എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ. മാക്സി, ടൈസൺ മാസ്റ്റർ, നഗരസഭാം ഗം തോമസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിനുമുമ്പ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽനിന്നും ആരംഭിച്ച റാലിയിൽ ആലപ്പുഴ രൂപതയിലെ 62 ഇടവകകളിൽനിന്നുള്ള വിശ്വാസിസമൂഹവും കേരളത്തിലെ 12 രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

ജോൺസൺ നൊറോണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.