വീട്ടമ്മയെ കൊന്നു പുഴയിലിട്ട കേസിൽ ഒരാൾ അറസ്റ്റിൽ
വീട്ടമ്മയെ കൊന്നു പുഴയിലിട്ട കേസിൽ ഒരാൾ അറസ്റ്റിൽ
Saturday, December 10, 2016 3:05 PM IST
അടിമാലി: വീട്ടമ്മയെ കൊന്നു പുഴയിൽ തള്ളിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ്ചെയ്തു. ഉപ്പുതറ ചപ്പാത്ത് കരിന്തരുവി എസ്റ്റേറ്റ് ലയത്തിൽ അമ്പലാനപുരം സലിൻ(42) ആണ് അറസ്റ്റിലായത്. മുനിയറ തിങ്കൾക്കാട് പൊന്നിടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലു(42)വിനെയാണ് കഴിഞ്ഞ നവംബർ നാലിനു രാത്രി 11.30–ഓടെ കുമളി –തമിഴ്നാട് ദേശീയപാതയിൽ ഇരച്ചിൽപ്പാലത്തു കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി കേസുള്ളത്.

നവംബർ മൂന്നുമുതൽ സാലുവിനെ കാണാനില്ലെന്നുകാണിച്ചു ഭർത്താവ് ബാബു വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അടിമാലി സിഐ ടി.യു.യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നുവർഷമായി സലിനും സാലുവും തമ്മിൽ പ്രണയത്തിലായിരുന്നു. തങ്ങളുടെ വഴിവിട്ട ബന്ധം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി സാലു സലിനിൽനിന്നു പല പ്പോഴായി രണ്ടര ലക്ഷത്തോളംരൂപ വാങ്ങിയിരുന്നു. തുടർച്ചയായി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതു സലിനെ ചൊടിപ്പിച്ചു. ഇതിനിടെ, തിങ്കൾക്കാട്ടിലെ ഒരു ഏലത്തോട്ടം സൂപ്പർവൈസറുമായി സാലു അടുത്തതും വൈരാഗ്യത്തിനു കാരണമായി. ഇക്കാരണങ്ങളെല്ലാം കൊലപാതകത്തിനു പ്രേരണയായി.


കഴിഞ്ഞ നവംബർ ഒന്നിന് ഇയാൾ ഉത്തമപാളയത്തെത്തി ലോഡ്ജിൽ മുറിയെടുത്തു കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കി. തിരികെ മൂന്നിനു നാട്ടിലെത്തിയ ഇയാൾ ബന്ധു പുളിയൻമല സ്വദേശി ദാസപ്പന്റെ മാരുതിക്കാറിൽ സാലുവിനെയും കൂട്ടി ഉത്തമപാളയത്തെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.

ഉപ്പുതറയിൽ താമസിക്കുന്ന പിതാവിനെ ആശുപത്രിലാക്കാനായാണു പോകുന്നതെന്നായിരുന്നു സാലു ഭർത്താവ് ബാബുവിനെ ധരിപ്പിച്ചിരുന്നത്. ലോഡ്ജിൽ തങ്ങിയ ഇവർ നാലിനു കുമളിക്കു തിരിച്ചു. ഇരച്ചിൽപാലത്ത് എത്തിയപ്പോൾ കാറിന്റെ മുൻസീറ്റിലിരുന്ന സാലുവിനെ പിൻസീറ്റിലിരുന്ന സലിൻ കഴുത്തിൽ ഷാൾമുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പുഴയിൽ തള്ളിയ ശേഷം കാർ കഴുകി വൃത്തിയാക്കി തിരികെ ഉത്തമപാളയത്തിനു പോയി. അഞ്ചിനു നാട്ടിലെത്തി.

ഭർത്താവ് ബാബുവിന്റെ പരാതിയെതുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളെ ചോദ്യംചെയ്തെങ്കിലും കുറ്റം സമ്മതിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. ഒടുവിൽ കുടുതൽ തെളിവുകൾ നിരത്തിയതോടെയാണ് കുറ്റംസമ്മതിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.