മലയാളത്തനിമ നിറയുന്ന ഗാനങ്ങളുമായി ബിജിബാൽ
മലയാളത്തനിമ നിറയുന്ന ഗാനങ്ങളുമായി ബിജിബാൽ
Tuesday, October 4, 2016 4:49 AM IST
സിനിമാ സംഗീതത്തിലെ ഗാനങ്ങളുടേയും പശ്ചാത്തല സംഗീതത്തിന്റെയും ഗൃഹാതുരത്വം ഇന്നും ഓർമിപ്പിക്കുന്ന പുതിയ കാലത്തിലെ സംഗീത സംവിധായകനാണ് ബിജിബാൽ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികൾക്കു നെഞ്ചോടു ചേർത്തു വെയ്ക്കാൻ ഒരുപിടി മധുര ഗാനങ്ങളാണ് ഈ സംഗീതജ്‌ഞൻ നമുക്കു നൽകിയത്. സിനിമ പുതിയ കാലഘട്ടത്തിനു പിന്നാലെ നീങ്ങുമ്പോഴും മലയാളത്തനിമ നിറയുന്ന ഗാനങ്ങളുമായി ബിജിപാൽ എന്നുമിവിടെയുണ്ട്. അറബിക്കഥയിൽ തുടങ്ങി സോൾട്ട് ആൻഡ് പെപ്പർ, കേരള കഫേ, ബെസ്റ്റ് ആക്ടർ, പാലേരി മാണിക്യം, ഇടുക്കി ഗോൾഡ്, 22 ഫീമെയിൽ കോട്ടയം, വിക്രമാദിത്യൻ, മഹേഷിന്റെ പ്രതികാരം വരെ എത്തി നിൽക്കുന്നതാണ് ബിജിബാലിന്റെ ഹിറ്റ് ലിസ്റ്റുകൾ. ഇതോടൊപ്പം മികച്ച പശ്ചാത്തല സംഗീതത്തിനു ദേശീയ പുരസ്കാരവും തുടർച്ചയായി നാലു തവണ സംസ്‌ഥാന പുരസ്കാര നേട്ടവും. പരസ്യ ചിത്രങ്ങൾക്കു സംഗീതം ഒരുക്കുന്നിടത്തുമാണ് ലാൽ ജോസ് അറബിക്കഥയിലൂടെ ബിജിപാലിനു സിനിമയിലേക്ക് അവസരം നൽകുന്നത്.

അവിടെനിന്നു പിന്നെ തിരിഞ്ഞു നോക്കേ ണ്ടി വന്നില്ല. തുടർച്ചയായുള്ള ഹിറ്റുകൾ എന്നും മലയാളികൾക്കു നൽകി. പശ്ചാത്തല സംഗീതത്തിലെ മികവ് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ വർഷം സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു. ഇന്നു സിനിമയിൽ പതിവില്ലാത്ത വരികൾക്കു സംഗീതം നൽകുന്ന രീതിയിൽ ഗാനമൊരുക്കാൻ ഒരു പ്രത്യേക മിടുക്ക് ബിജിപാലിനുണ്ട്. അതിനെ പറ്റി ബിജിബാൽ തന്നെ പറയുന്നത് ഇങ്ങനെയാണ്. ‘വരികൾക്കു സംഗീതം നൽകുക എന്നത് എന്നെ സംബന്ധിച്ചു എളുപ്പമുള്ളതാണ്. കയ്യിൽ ഒരു മെറ്റീരിയൽ ഇരിപ്പുണ്ട്. മറിച്ചാകുമ്പോൾ ശൂന്യതയിൽ നിന്നുമാണ് സംഗീതം കണ്ടെത്തേണ്ടി വരുന്നത്. അതു നമ്മളെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ളതാണ്. സംഗീതാത്മകമായ സാഹചര്യങ്ങളിൽ ഇതാണ് ഏറ്റവും നല്ലത്. വരികളെഴുതിയതിനു ശേഷമാകുമ്പോൾ അതിൽ നമുക്കൊരു സ്വാതന്ത്ര്യക്കുറവുണ്ട് എന്നതു സത്യമാണ്. പക്ഷെ താളത്തിനനുസരിച്ചു സംഗീതം നൽകുമ്പോൾ അതിന്റെ വരികളെ ഉൾക്കൊണ്ടുതന്നെ നമുക്കതിനെ ആവിഷ്കരിക്കാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ കവിയുടെ ഭാവനയും കാല്പനികതയുമൊക്കെ ആ കവിതയിൽ കൂടിച്ചേരുന്നു’.


പുരസ്കര നേട്ടത്തിനുമപ്പുറം പശ്ചാത്തല സംഗീത മികവ് ബിജിബാലിന്റെ മറ്റൊരു നേട്ടമാണ്. പാട്ടുകൾക്കു സിനിമയോടു ചേർന്നും അല്ലാതെയും ഒരു വ്യക്‌തിത്വമുണ്ട്. എന്നാൽ പശ്ചാത്തല സംഗീതം സിനിമയോടുമാത്രം ചേർന്നു നിൽക്കുന്നതും. അതിനെ മാത്രമെടുത്താൽ വ്യക്‌തമായ അടയാളമില്ലാത്ത ഒരു മ്യൂസിക് പാറ്റേണാവും. അതുകൊണ്ടു തന്നെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും രണ്ടാണ് എന്ന വാദവും ബിജിബാലിനുണ്ട്. ബിജിബാലിൽ നിന്നും എന്നും ഓർമിക്കുന്ന ചില ഗാനങ്ങൾ ഇതിനോടകം തന്നെ മലയാളികൾക്കു ലഭിച്ചു കഴിഞ്ഞു.

മികച്ചൊരു ഗായകനുമാണെന്നു തെളിയിച്ച ബിജിബാൽ വെറുമൊരു സിനിമ സംഗീതജ്‌ഞനായി മാത്രം നിൽക്കാതെ എന്നും സാധാരണക്കാരനുമായി സന്നിവേശിക്കാൻ, അവരുടെ ജീവിതത്തെ നോക്കിക്കാണാൻ ശ്രമിച്ചിരുന്നു. അതിനുവേണ്ടിയാണ് ആക്റ്റിവിസ്റ്റ് ബാൻഡ് എന്ന നിലയിൽ ബോധി സൈലന്റ് സ്കേപ്പ് എന്ന ഓഡിയോ ലേബൽ ബിജിബാൽ തുടങ്ങുന്നത്. ‘ഇതിന്റെ പ്രധാന ഉദ്ദേശ്യം നമുക്ക് സമൂഹത്തിനോടു പറയാനുള്ള കാര്യങ്ങളെ പാട്ടുകളിലൂടെ പറയുക എന്നതാണ്. അപ്പോൾ സാമൂഹ്യമായും രാഷ്ട്രീയമായും പാരിസ്‌ഥിതികമായും ഒപ്പം ആത്മീകപരമായുമുള്ള കാര്യങ്ങളെ പറയുവാനുള്ള വേദിയായിട്ടാണ് അതിനെ കണ്ടിരിക്കുന്നത്’ –ബിജിബാൽ പറയുന്നു.

സിനിമ സംഗീതത്തിലെ പിൻതലമുറക്കാരുടെ പാത പിന്തുടരുന്ന ബിജിബാലിൽ അവരുടെ സംഗീതം വലിയ പ്രഭാവമാണു നടത്തിയത്. അതുകൊണ്ടാണ് ഇനി റീമിക്സ് സംഗീതം ചെയ്യില്ല എന്ന തീരുമാനം അദ്ദേഹം എടുക്കുന്നതും. മോഹൻ ലാൽ– ജിബു ജേക്കബ് ചിത്രം, കുട്ടികളുണ്ട് സൂക്ഷിക്കുക, ഒരേ മുഖം, ജീവൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയുടെ തിരക്കിലാണ് ബിജിബാലിപ്പോൾ. ബിജിബാലിന്റെ മകൾ അഞ്ചു വയസുകാരി ദയയും പിന്നണി ഗാന രംഗത്തു തിളങ്ങിക്കഴിഞ്ഞിരിക്കുന്നു.

സ്റ്റാഫ് പ്രതിനിധി