"വിശ്വാസപൂർവം മൻസൂർ’
"വിശ്വാസപൂർവം മൻസൂർ’
Friday, March 31, 2017 2:09 AM IST
മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനുകളിലൊന്നാണ് തലശേരി. അടുത്ത കാലത്തെത്തിയ തട്ടത്തിൻ മറയത്തും ഒരു വടക്കൻ സെൽഫിയുമെല്ലാം ഈ ഉത്തര കേരളഭൂമികയിൽ നിന്നുമെത്തി ബോക്സോഫീസിൽ മികച്ച വിജയം നേടിയ ചിത്രങ്ങളാണ്. ഇപ്പോൾതന്നെ ഒന്നിലധികം സിനിമയുടെ ചിത്രീകരണം അവിടെ പുരോഗമിക്കുകയാണ്. മലയാളത്തിന്‍റെ ചലച്ചിത്ര ആസ്വാദനത്തിലേക്ക് മൻസൂറിന്‍റെ ജീവിതവുമായി വീണ്ടും തലശേരിയിൽ നിന്നും ഒരു സിനിമയെത്തുകയാണ്. മൻസൂറും മുംതാസും സൗമ്യയും സഖാവ് ജയരാജും തലശ്ശേരിയുടെ മണ്ണിന്‍റെ ജീവിത കഥയാണ് പറയാൻ ഒരുങ്ങുന്നതും. മുഴുപ്പിലങ്ങാടി ബീച്ചും കോപ്പറേറ്റീവ് ആശുപത്രിയും സ്റ്റേഡിയം പാർക്കും സൈദാർപേട്ടയും ചൊക്ലിയുമൊക്കെയായി തലശ്ശേരി പട്ടണത്തിന്‍റെ മുഖം വരച്ചിടുകയാണ് "വിശ്വാസ മൻസൂർ’.

പുതിയ നിയമം, ആനന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് മൻസൂറെന്ന ടൈറ്റിൽ വേഷത്തിലെത്തുന്നത്. പ്രയാഗ മർട്ടിൻ, ലിയോണ ലിഷോയി എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. എണ്‍പതുകളിൽ മലയാളികളുടെ ഹരമായി മാറി, പിന്നീടും മലയാളത്തിൽ മികവുറ്റ ഒരുപിടി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള സെറീന വഹാബും ഒപ്പം ആശാ ശരതും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളാകുന്നുണ്ട്. രഞ്ജി പണിക്കർ, സന്തോഷ് കീഴാറ്റൂർ, വി.കെ ശ്രീരാമൻ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർ ക്കൊപ്പം കലാഭവൻ നൗഷാദ്, ശിഹൈബ് കാലിക്കറ്റ്, ആനന്ദ്, സെയ്ഫ് മുഹമ്മദ്, അർജ്ജുൻ, മാസ്റ്റർ പ്രജ്വൽ, അംബിക മോഹൻ, നിഹാര്യ, ഡിനി, വിജയ, സുജാത ജനനേത്രി എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. വെർജിൻ പ്ലസ് മൂവിസിന്‍റെ ബാനറിൽ കെവി മോഹനാണ് ചിത്രം നിർമിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ സിനിമ സംരംഭമാണ് വിശ്വാസ പൂർവ്വം മൻസൂർ.

പി.ടി ടച്ച്...

പരദേശി, വീരപുത്രൻ എന്നീ ചിത്രങ്ങൾക്കു ശേഷം വടക്കൻ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ യുവതാരനിരയെ കേന്ദ്രകഥാപാത്രമാക്കി പി.ടി. കുഞ്ഞുമുഹമ്മദാണ് ഈ ചിത്രം ഒരുക്കുന്നത്. പ്രണയം, വിരഹം, രാഷ്ട്രീയം, ഒറ്റപ്പെടൽ, തെറ്റിദ്ധാരണ, അതിജീവനം, സാമൂഹ്യ ഇടപെടൽ തുടങ്ങിയ വികാര വിചാരങ്ങളെ സമകാലിക വിഷയങ്ങളുടെ മേലാപ്പിൽ സംവിധായകൻ അവതരിപ്പിക്കുകയാണ്. ജയകൃഷ്ണൻ കാവിലിന്‍റെ കഥയിൽ സംവിധായകൻ തന്നെയാണു തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അഭിനേതാക്കളെ മികച്ച രീതിയിൽ ഉപയോഗിക്കാൻ അറിയുന്ന സംവിധായകനാണ് പി.ടി. അതുകൊണ്ടു തന്നെ ചിത്രീകരണത്തിൽ സീനിയർ സംവിധായകനോടുള്ള ബഹുമാനവും ആദരവും ഓരോ കലാകാര·ാരിലും കാണാവുന്നതാണ്.

പുതിയ കാലത്തിന്‍റെ സിനിമ സംസ്കാരം ഇന്നും പി.ടി കുഞ്ഞുമുഹമ്മദിന്‍റെ സിനിമയിൽ നഖങ്ങളാഴ്ത്തിയിട്ടില്ല എന്നതാണു മറ്റൊരു പ്രത്യേകത. തങ്ങളുടെ സീൻ അഭിനയിച്ചു കഴിഞ്ഞാൽ കാരവാനിൽ വിശ്രമിക്കുന്ന പതിവു രീതിയിൽ നിന്നും മാറി ഷൂട്ടിംഗ് ഇടവേളയിൽ താരങ്ങൾ ലൊക്കേഷനിൽ തന്നെ കാണുന്നു, അവർ ഒന്നിച്ചിരുന്ന് സിനിമയെപ്പറ്റി ചർച്ച ചെയ്യുന്നു, തമാശകൾ പറയുന്നു, വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. അതുകൊണ്ടു തന്നെ ഷൂട്ടിംഗ് സെറ്റ് എപ്പോഴും ആവേശത്തിലാണ്. ടീമിന്‍റെ മുഴുവൻ ഐക്യവും ചിത്രത്തിന്‍റെ മേക്കിംഗിൽ കാണാൻ സാധിക്കുന്നു.

ഷൂട്ടിംഗ് സെറ്റിൽ...

തണൽ വിരിച്ച പാതയിലൂടെ നടന്ന് മൻസൂറും സൗമ്യയും തങ്ങളുടെ മനസിലെ ഓരോന്നും പങ്കിടുകയാണ്. ആർത്തിരന്പുന്ന കടലിനേക്കാൾ സംഘർഷമേറിയ മനസാണ് ഇരുവരുടേതും. പാതയരുകിൽ കടൽ ഭിത്തിയിലെ കരിങ്കല്ലുകളിൽ തിരമാല വന്നാഞ്ഞടിച്ച് നുരഞ്ഞൊഴുകുന്നതുപോലെ ഇന്നലെകളുടെ ഓർമകൾ ഇരുവരും പങ്കുവെയ്ക്കുകയാവാം. വഴിത്താരയിലെ ചാരുബെഞ്ചിൽ നോക്കിയിരുന്ന് പുഞ്ചിരിച്ചുകൊണ്ടവർ യാത്ര പറഞ്ഞു... കണ്ണുനീർ പൊഴിയുന്പോളും പരസ്പരം നോക്കിച്ചിരിക്കാൻ ശ്രമിക്കുകയാണു മൻസൂറും സൗമ്യയും. കളിക്കൂട്ടുകാരായി വളർന്നു വന്ന ഇരുവരും മനസിനെ കല്ലാക്കി സങ്കടപ്പെടുകയാണ്. മലബാറിന്‍റെ മണ്ണിൽ റോഷൻ മാത്യുവും ലിയോണ ലിഷോയിയും മൻസൂറും സൗമ്യയുമായി എത്തിയപ്പോൾ ഒരു വിരഹ വേദനയുടെ നൊന്പരമാണ് ഇരുവരും കാമറയ്ക്കു മുന്നിലേക്കു പകരുന്നത്.

രണ്ടു കാലഘട്ടത്തിലൂടെയാണു മൻസൂറിന്‍റെ കഥ പറയുന്നത്. ഇതിനിടയിൽ കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ, രാഷ്ട്രീയ നിലപാടിന്‍റെ വ്യതിയാനങ്ങൾ, ജാതി സംബന്ധമായ അവബോധം, സാംസ്കാരിക മൂല്യച്ചുതി തുടങ്ങിയ വളരെ പ്രാധാന്യം അർഹിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. മലബാറിലെ മുസ്ലീം പശ്ചാത്തലത്തിൽ നിന്നുകൊണ്ടുതന്നെ വലിയൊരു കഥാതന്തുവിലൂടെയാണ് കഥ മുന്നേറുന്നത്. അപ്പോഴും നമ്മുടെ സമൂഹത്തിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്നു. തലശേരി സംഭാഷണ ശൈലികളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതും.

തലശേരിയുടെ എല്ലാ ലാൻഡ്മാർക്കുകളും ചിത്രത്തിലിടം നേടുന്നുണ്ട്. ഒപ്പം മുംബൈ, ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലായി ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കും. കഥയിലെ വളരെ നിർണായകമാകുന്ന കലാപം സീനുകൾ ഒരുങ്ങുന്നത് റാമോജി റാവു ഫിലിം സിറ്റിയിലൊരുക്കുന്ന സെറ്റിലാണ്. മാഫിയ ശശിയാണ് ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങളൊരുക്കുന്നത്.

രമേഷ് നാരായണ സംഗീതം

പതിവു പി. ടി കുഞ്ഞുമുഹമ്മദ് ചിത്രങ്ങൾ പോലെതന്നെ രമേഷ് നാരായണനാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്. മുന്പു ചെയ്തവയിൽ നിന്നും വ്യത്യസ്തമായ പാട്ടിൻ ശീലുകളുമായാണ് ഈ ചിത്രത്തിനുള്ള ഈണങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണ സമയത്തുള്ള പുതിയ കാലത്തിന്‍റെ ഒരു പാട്ടുണ്ട്. അതിലും തന്‍റെ കൈയൊപ്പു ചാർത്തിയിരിക്കുന്നതിലാണ് രമേഷ് നാരായണന്‍റെ വൈഭവം. ഒരു കാലഘട്ടത്തിൽ നിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കുന്ന പാട്ട് ഗാനഗന്ധർവ്വൻ യേശുദാസാണ് പാടിയിരിക്കുന്നത്. മറ്റൊന്ന് മൻസൂറിന്‍റെ പ്രണയ ഭാവം പകരുന്ന ഒന്നാണ്. സെറീന വഹാബിന്‍റെ ജീവിതവും അവിടുത്തെ കലാപത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ദുഃഖഗാനവുമുണ്ട്. ചിത്രയാണ് അതു ആലപിച്ചിരിക്കുന്നത്. ചിത്രയെ തേടി ഏറെ അഭിനന്ദനങ്ങളും നേട്ടങ്ങളും ഈ ഗാനത്തിലൂടെ എത്തുമെന്ന് അണിയറ പ്രവർത്തകർക്കു പ്രതീക്ഷയുണ്ട്. റഫീഖ് അഹമ്മദ്, പ്രഭാ വർമ്മ, പ്രേം ദാസ് ഗുരുവായൂർ എന്നിവരാണ് ഗാനങ്ങളുടെ രചന ഒരുക്കിയിരിക്കുന്നത്.

അണിയറയിൽ ഇനിയും..

മലബാറിലെ മുസ്ലീം ജീവിത സംസ്കാരങ്ങൾ ഇന്നും നിലനിൽക്കുന്ന പ്രൗഡിയേറിയ വീടാണ് മൻസൂറിന്േ‍റതായി ഒരുക്കിയിരിക്കുന്നത്. അകത്തളങ്ങളിലെ ഒരുക്കവും ഇടനാഴികളിലെ വെളിച്ചവുമടക്കം ഒരു യാഥാസ്തിക കുടുംബത്തെ അവിടെ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ സൗമ്യയുടെ വീട്ടിലാകട്ടെ വലിയൊരു വീടിന്‍റെ ഉമ്മറപ്പടി കടന്നു ചെല്ലുന്പോൾ പഴയകാല സഖാക്കളുടെ ചിത്രങ്ങൾ നിറഞ്ഞ തിണ്ണയാണുള്ളത്. അവിടിരുന്നാണ് സഖാവ് ജയരാജൻ പത്രം വായിക്കുകയും മൻസൂറിനെപ്പറ്റിയുള്ള വാർത്ത സൗമ്യയെ കാണിച്ചു കൊടുക്കുന്നതും. കഥാഗതിക്കനുസരിച്ചുള്ള വീടിന്‍റെ രൂപമാറ്റവും ഇതര കഥാപശ്ചാത്തലവുമൊരുക്കുന്നത് കലാസംവിധായകൻ ഗിരീഷ് മേനോനാണ്.

ഹൈദരാബാദിലുള്ള ചിത്രീകരണത്തിൽ കലാപവും കേരളത്തിനു വെളിയിലുള്ള ജീവിത സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ഈ കലാസംവിധായകൻ മികവു നൽകുകതന്നെ ചെയ്യും. ചിത്രത്തിൽ ചമയം പട്ടണം റഷീദും വസ്ത്രാലങ്കാരം ശിൽകാരാജുമാണ് നിർവഹിക്കുന്നത്. നൃത്തം സെൽവിയും.

സംവിധായകനും കാമറമാനും തീർക്കുന്ന സെല്ലുലോയിഡ് കാഴ്ചകളിൽ നിന്നും സിനിമയുടെ ചട്ടക്കൂടിന്‍റെ മാറ്റുകൂട്ടുന്നത് ചിത്രസംയോജകൻ ഡോണ്‍മാക്സാണ്. ഒപ്പം ചിത്രീകരണത്തിനു പിന്തുണയായി നിൽക്കുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ ഷേയ്ക് അഫ്സലും എക്സിക്യൂട്ടീവ് ഷാജി കോഴിക്കോടും ഫിനാൻസ് കണ്‍ട്രോളറായ സന്തോഷ് സി.കെയും. സ്റ്റിൽ ഫോട്ടോഗ്രാഫർ കെ. ആർ വിനയനും പി.ആർ.ഒ എ.എസ് ദിനേശുമാണ്.

പേരിന്‍റെ പ്രത്യേകത

ചിത്രത്തിന് ഏറെ അനുയോജ്യമായ പേരാണ് സംവിധായകൻ സിനിമക്കായി തെരഞ്ഞെടുത്തത്. കത്തുകളുടെ അവസാന ഭാഗത്തിലാണ് ന്ധവിശ്വാസപൂർവം’ എന്ന പ്രയോഗം നാം ഉപയോഗിക്കുന്നത്. ചിത്രത്തിന്‍റെ നിർണായകമായ ഒരു സന്ദർഭത്തിൽ മൻസൂർ എഴുതുന്ന കത്തിന്‍റെ അവസാന ഭാഗത്തിൽ നിന്നുമാണ് ഇങ്ങനെയൊരു ശീർഷകം കണ്ടെത്തുന്നത്. ഈ പേരിൽ തന്നെ ചിത്രത്തിന്‍റെ സ്വഭാവം പറയുന്നുണ്ട്.

ലിജിൻ കെ. ഈപ്പൻ


മൻസൂർ ഇന്നത്തെ സമൂഹത്തിന്‍റെ കഥ: പി.ടി.കുഞ്ഞുമുഹമ്മദ്


||

വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ പി.ടി.കുഞ്ഞുമുഹമ്മദ് എന്ന സംവിധായകന്േ‍റതായി എത്തിയിട്ടുള്ളൂ. പക്ഷേ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെ സമൂഹ മനസാക്ഷിക്കു മുന്നിൽ ചോദ്യശരങ്ങളുയർത്താനും ഒപ്പം ഒരു വിചിന്തനത്തിനു പ്രേക്ഷകരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിന്‍റെ സിനിമകൾക്കായി. ആദ്യ ചിത്രമായ മഗ്രിബ്, തുടർന്നു വന്ന ഗർഷോം, പരദേശി, വീരപുത്രൻ എന്നീ സിനിമകളും വ്യക്തമായ കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നവയായിരുന്നു. പുതിയ ചിത്രമായ വിശ്വാസപൂർവം മൻസൂറിന്‍റെ സെറ്റിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ...

വിശ്വാസപൂർവം മൻസൂർ എന്താണ് മുന്നോട്ടുവയ്ക്കുന്നത്. താങ്കളുടെ മറ്റുചിത്രങ്ങൾ പോലെ സാമൂഹിക പ്രധാന്യമുള്ള പ്രമേയം തന്നെയല്ലേ?

വർത്തമാന കാലഘട്ടത്തിൽ നമ്മുടെ ലോകത്തിന്‍റെ ഏതു ഭാഗത്തും നടക്കാവുന്ന സംഭവമാണ് ഈ സിനിമയുടേത്. പരിഷ്കൃത ജനാധിപത്യ മതേതര സമൂഹമെന്ന നിലയിൽ നമ്മൾ ആത്മപരിശോധന നടത്തേണ്ട കാലഘട്ടമാണിത്. ഭരണകൂടവും മനുഷ്യരും എല്ലാ മതസമൂഹങ്ങളും ഇതു നടത്തേണ്ടതാണ്. ഈ സിനിമ അത്തരത്തിലൊരു ആത്മപരിശോധനയ്ക്ക് ഇടം നൽകുന്നതാണ്. നുണപ്രചരണങ്ങൾ, ഇല്ലാത്ത കാര്യങ്ങൾ പറയുക. വാർത്തകൾ വളച്ചൊടിക്കുക, തെറ്റിദ്ധരിക്കപ്പെടുക... ഇതിനൊക്കെ ഇരയാകുന്നവർക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. കലാപങ്ങൾ അതിന്‍റെ അടിസ്ഥാനത്തിലുണ്ടാകുന്നു. ഇത്തരമൊരു പ്രമേയമാണ് ഈ സിനിമ പറയുന്നത്. എന്നാൽ പ്രണയം, വിരഹം തുടങ്ങി മനുഷ്യന്‍റെ എല്ലാ വികാരങ്ങൾക്കും ഈ സിനിമയിൽ സ്ഥാനമുണ്ട്.

മലബാറിന്‍റെ പശ്ചാത്തലമാണല്ലേ?

പൂർണമായും തലശേരിയുടെ പശ്ചാത്തലം. മുസ്ലീം- ഹിന്ദു കാരക്ടറുകളുണ്ട്. വളരെ മതേതര സ്വഭാവത്തോടെ ജീവിക്കുന്ന ഒരു സമൂഹം. അവർക്കുപോലും പ്രശ്നങ്ങളുണ്ടാകുന്നു. അതാണ് ഈ സിനിമ പറയുന്നത്. ഇതിലെ പ്രധാന കഥാപാത്രം മൻസൂർ ആണ്. മോഡേണ്‍ ആയ ഇടതുപക്ഷ ചിന്തയുള്ള ചെറുപ്പക്കാരൻ. അയാൾ അറിയാതെ ചെന്നുപെടുന്ന അവസ്ഥകൾ. കലാപത്തിൽ നിന്ന് രക്ഷപെട്ട് നാട്ടിലെത്തുന്ന ഒരമ്മയേയും മകളേയും സഹായിച്ചതിന്‍റെ പേരിലാണ് അയാൾക്ക് പ്രശ്നങ്ങളുണ്ടായത്. സറീന വഹാബും പ്രയാഗമാർട്ടിനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൻസൂറിന്‍റെ അമ്മ കഥാപാത്രമായി ആശാശരത് എത്തുന്നു. ലോകത്തിന്‍റെ അമ്മയാണ് അവർ. പിന്നെ വരുന്ന ഒരു കഥാപാത്രം മൻസൂറിന്‍റെ ഒപ്പം പഠിച്ച സൗമ്യ എന്ന നായർ തറവാട്ടിലെ പെണ്‍കുട്ടി. ലിയോണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിയോണയുടെ സഹോദരൻ സഖാവ് ജയരാജ് ആയി സന്തോഷ് കീഴാറ്റൂർ എത്തുന്നു.


അഞ്ചുവർഷത്തെ ഇടവേളക്കുശേഷമാണല്ലോ ഈ സിനിമ ചെയ്യുന്നത്?

അതിനു പല കാര്യങ്ങളുണ്ട്. പറ്റിയ പ്രോഡ്യൂസറുണ്ടാവില്ല. സബ്ജക്ടുണ്ടാവില്ല. അതിനെയൊക്കെ മറികടന്നേ ഒരു പ്രോജക്ട് യാഥാർത്ഥ്യമാകൂ. എന്തായിരിക്കും സിനിമയെന്ന് ആർക്കും പറയാൻ പറ്റില്ല. എല്ലാ സംവിധായകരും വിചാരിക്കും അവരുടെ സിനിമയാണ് സൂപ്പർഹിറ്റെന്ന്. അതുപോലെ ഞാനും വിചാരിക്കുന്നു ഈ സിനിമ സൂപ്പർഹിറ്റാകുമെന്ന്.

ആദ്യ സിനിമ മഗ്രിബ് മുതൽ എല്ലാ ചിത്രങ്ങളും വേറിട്ടുപോകുന്നവയാണ്. സാമൂഹിക പ്രാധ്യമുള്ള കഥകൾ. ഇത്തരം സബ്ജക്ടുകളോടാണോ താൽപര്യം?

മറ്റുള്ളവർ അന്വേഷിക്കുന്ന വിഷയമല്ല ഞാൻ അന്വേഷിക്കുന്നത്. നമ്മുടെ ജീവിതവുമായി ബന്ധമുള്ള വിഷയങ്ങൾ. ഗർഷോമും പരദേശിയും വീരപുത്രനുമൊക്കെ അങ്ങനെ വന്നതാണ്. ഒടുവിൽ എന്േ‍റതായി വന്ന വീരപുത്രൻ, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ പോരാളി മുഹമ്മദ് അബ്ദുൾ റഹ്മാന്‍റ കഥയാണ് പറഞ്ഞത്. നമുക്ക് പൊളിറ്റിക്കൽ സിനിമകൾ കുറവാണ്. ചരിത്ര സിനിമകളും വിരളം. അതൊരു വലിയ അപാകതയാണ്. സിനിമയുടെ വിഷയം അന്വേഷിച്ചു നടക്കുന്നവരൊന്നും ചരിത്രത്തിലേക്കു നോക്കുന്നേയില്ല. മലബാറിന്‍റെ ചരിത്രം വച്ച് ഏതാനും സിനിമകളുണ്ടായിട്ടുണ്ട്. തിരുവതാംകൂർ പശ്ചാത്തലമാക്കി ഒറ്റ ചരിത്ര സിനിമയും വന്നിട്ടില്ല. ചരിത്ര ബോധം നമുക്ക് കുറവാണ്. നമ്മുടെ നാടിന്‍റെ ചരിത്രം, പോരാട്ട വീര്യം എന്നിവയെല്ലാം തലമുറകൾക്ക് പകർന്നുകൊടുക്കുന്നത് ചരിത്ര സിനിമകളാണ്. വീരപുത്രൻ എന്ന സിനിമ വന്നപ്പോഴാണ് മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് എന്ന സ്വാതന്ത്ര്യ സമരസേനാനി ഉണ്ടായിരുന്നതെന്നു തന്നെ പലരും മനസിലാക്കിയത്. അതിനുശേഷം എത്രയോ സ്ഥലത്ത് അദ്ദേഹത്തിന്‍റെ ഫൗണ്ടേഷൻസ് വന്നു. പരദേശി എന്ന സിനിമ വന്നു കഴിഞ്ഞപ്പോഴാണ് 80 വയസ് കഴിഞ്ഞ അഞ്ഞൂറോളം പാക് പൗര·ാർ കേരളത്തിലുണ്ടെന്ന് പലരും അറിഞ്ഞത്. അപ്പോഴാണ് കേരളത്തിലെ പോലീസുകാർക്ക് ഇവർ പാവങ്ങളാണെന്നു മനസിലായത്. അവരോട് കാരുണ്യത്തോടെ പെരുമാറാൻ തുടങ്ങി. ഇത്തരത്തിലുള്ള സിനിമകൾ സമൂഹത്തിന് ഉപകരിക്കും.

വീരപുത്രൻ അങ്ങനെ മാറി ചിന്തിച്ചതാണല്ലോ. പക്ഷേ പ്രേക്ഷരിലേക്കു വേണ്ടവിധം എത്തിയില്ലല്ലോ?

അതിനെതിരേ പലരും കള്ളപ്രചാരണം നടത്തി. ഈ സിനിമ കാണരുതെന്നു പോലും പലരും പറഞ്ഞു. പക്ഷേ ടെലിവിഷനിൽ വന്നപ്പോൾ ചിത്രത്തെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. എന്താണ് അങ്ങനെയൊരു പ്രചാരണം ഉണ്ടായെന്നതിന്‍റെ കാരണം എനിക്കറിയില്ല.

രണ്ടു തവണ എംഎൽഎ ആയി. അത് താങ്കളിലെ സിനിമാക്കാരന് ഏറെ ഗുണം ചെയ്തില്ലേ?

തീർച്ചയായും. അതിൽ നിന്ന് ഒട്ടേറെ അനുഭവങ്ങളുണ്ടായി. ആ അനുഭവങ്ങളാണ് പലപ്പോഴും സിനിമയ്ക്ക് ഉൗർജം നൽകിയത്. പലപ്പോഴും തെരുവിൽ നിന്നാണ് സിനിമയും നാടകവുമൊക്കെ നമ്മുടെ മനസിൽ രൂപപ്പെടുന്നത്.

പുതിയ പദ്ധതികൾ?
മന്പറം ഫസൽ തങ്ങളെക്കുറിച്ച് സിനിമ ചെയ്യണമെന്നുണ്ട്. പിന്നെ വേറേയും സബ്ജക്ടുകൾ മനസിലുണ്ട്.

മലയാളത്തിലെ പുതിയ ജനറേഷനിലെ സംവിധായകരെക്കുറിച്ചുള്ള അഭിപ്രായം?

നല്ല കഴിവുള്ളവർ അവരിലുണ്ട്. എല്ലാ വിഭാഗങ്ങളേയും കുറിച്ചുള്ള സിനിമകളാണ് പുതിയ തലമുറ എടുക്കുന്നത്. പണ്ട് ഉയർന്ന വിഭാഗങ്ങളെ കഥാപാത്രങ്ങളാക്കി അവരുടെ കഥകളാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ വലിയ മാറ്റമായി. ഏതു സൊസൈറ്റിയേക്കുറിച്ചും ഏതു വിഭാഗങ്ങളേക്കുറിച്ചും ഇപ്പോൾ സിനിമയെടുക്കുന്നു. നായക·ാരും അത്തരം വൈവിധ്യമുള്ളവരായിരിക്കുന്നു. അതാണ് ന്യൂ ജനറേഷന്‍റെ ഒരു ഗുണമായി കാണുന്നത്.

ബിജോ ജോ തോമസ്

അമരക്കാരനൊപ്പം...

||

ഒരു കൂട്ടം കലാകാര·ാരുടേയും ടെക്നീഷ്യൻമാരുടെയും കൂട്ടായ പരിശ്രമാണ് സിനിമ. ഇവിടെ പി.ടി കുഞ്ഞുമുഹമ്മദെന്ന അമരക്കാരനൊപ്പം ചിത്രത്തിന്‍റെ നേടുംതൂണായി നിൽക്കുന്ന രണ്ടു പേരാണ് ചീഫ്. അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സത്താറും അസോസിയേറ്റ് ഡയറക്ടർ സുനിൽ ബാലകൃഷ്ണനും.
നിരവധി ചിത്രങ്ങളിലെ അനുഭവ സന്പത്തിന്‍റെ പിൻബലമുള്ള ഇരുവരും മൻസൂറിന്‍റെ പൂർണതയിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ചിത്രീകരണ സമയത്ത് മോണിറ്ററിന്‍റെ മുന്നിൽ മൈക്കുമായിരുന്ന് സംവിധായകൻ നിർദ്ദേശങ്ങൾ നൽകുകയും സീനിനെ വിലയിരുത്തുന്പോഴും അഭിനേതാക്കൾക്കൊപ്പമിരുന്ന് അവരിൽ നിന്നും മികച്ച അഭിനയ മുഹൂർത്തങ്ങളെ കണ്ടെത്താൻ സഹായിക്കുന്നത് ഇവർ രണ്ടുപേരുമാണ്. ഇവർക്കൊപ്പം അസിസ്റ്റന്‍റ് ഡയറക്ടറായ നവാസ് അലിയും മികച്ച പിന്തുണയാണ് നൽകുന്നത്. ബിജുലാൽ, സുമേഷ് ജാൻ എന്നിവരും അസിസ്റ്റന്‍റ് ഡയറക്ടേഴ്സായി ചിത്രത്തിനൊപ്പം ചേരുന്നു.

പുരസ്കാര നേട്ടം ലൊക്കേഷനിലേക്ക്

പോയ വർഷത്തെ മികച്ച കാമറാമാനുള്ള പുരസ്കാരം കിട്ടിയ എം.ജെ രാധാകൃഷ്ണനാണ് വിശ്വാസപൂർവം മൻസൂറിനും കാമറക്കാഴ്ച ഒരുക്കുന്നത്. പുരസ്കാര നേട്ടത്തിന്‍റെ ആലസ്യമൊട്ടുമില്ലാതെ തന്‍റെ പുതിയ ചിത്രത്തിനു മികച്ച കാഴ്ച ഒരുക്കാനാണ് ഈ ഛായാഗ്രാഹകൻ ശ്രമിക്കുന്നത്.

സംവിധായകനുമായി ചർച്ച ചെയ്ത് കാമറയുടെ ആംഗിളുകൾ ഒരുക്കാനും സൂര്യപ്രകാശത്തെ ഫലപ്രദമായി ഉപയോഗിച്ച് കാഴ്ചാനുഭവത്തെ മികവുറ്റതാക്കുന്നതിലും എം.ജെ രാധാകൃഷ്ണന്‍റെ വൈ ഭവം ഇവിടെ പ്രകടമാകുന്നുണ്ട്.

തന്‍റെ ഏഴാം സംസ്ഥാന പുരസ്കാര നേട്ടത്തിനെ ആദ്യത്തെ പുരസ്കാര നേട്ടത്തിന്‍റെ ആവേശത്തോടെ ഉൾക്കൊള്ളാനും എന്നാൽ ആദ്യത്തെ സിനിമയുടെ ചടുലതയോടെ ഈ ചിത്രത്തിനു കാമറ ഒരുക്കാനും കഴിയുന്നതാണ് എം.ജെ രാധാകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്. യുവതലമുറയുടെ ഉൗർജവുമായി ഓരോ സീനിന്‍റെയും മിഴിവിനായി ഏറെ പരിശ്രമിക്കുന്നു ഈ സീനിയർ കാമറാമാൻ.

കഥാപാത്രങ്ങളിലടെ....

||

മൻസൂർ (റോഷൻ മാത്യു)

ആനന്ദം ഫെയിം റോഷനാണ് മൻസൂറിന്‍റെ വേഷത്തിൽ അഭിനയിക്കുന്നത്. മുന്നോട്ടുള്ള സിനിമാ ജീവിതത്തിൽ റോഷന് ഒരു മേൽവിലാസമൊരുക്കുന്ന കഥാപാത്രമായിരിക്കും മൻസൂർ. കുറച്ചേറെ കലാവാസനയുള്ള മൻസൂറിന് സിനിമാ സംവിധായകനാകണമെന്നതാണ് ജീവിതത്തിലെ ആഗ്രഹം. മൂന്നു കാലഘട്ടത്തിലെ പ്രണയ ജീവിതം മൻസൂറിനുണ്ടാകുന്നു. പാർട്ടി അനുഭാവിയാണെങ്കിലും ഇന്നു പാർട്ടിക്കു പുറത്തു നിന്നു വീക്ഷിക്കുന്നയാളാണ് മൻസൂർ. ജാതി ചിന്തകളും തെറ്റിദ്ധാരണകൾ കൊണ്ടും കൈവിട്ടുപോകുന്നതാണ് മൻസൂറിന്‍റെ ജീവിതത്തിൽ സംഭവിക്കുന്ന പലതും.

സൗമ്യ (ലിയോണ ലിഷോയി)

മൻസൂറിന്‍റെ കളിക്കൂട്ടുകരായായ സൗമ്യയുടെ കഥാപാത്രമായി ലിയോണ ലിഷോയി അഭിനയിക്കുന്നു. വിദ്യാ സന്പന്നയായ സൗമ്യ കുട്ടിക്കാലം മുതൽ തന്നെ മൻസൂറിനോട് മനസിൽ പ്രണയം സൂക്ഷിച്ചിരുന്നയാളാണ്. എന്നാൽ ഇവർക്കിടയിൽ മതവും ജാതിയും തീർക്കുന്ന വേലിക്കെട്ടിനെ മനസിലാക്കി ഇഷ്ടം ഉള്ളിലൊതുക്കുകയാണ് സൗമ്യ. ആൻ മരിയ കലിപ്പിലാണിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ ലിയോണയുടെ മറ്റൊരു മികവുറ്റ വേഷമായിരിക്കും ഇതിലെ സൗമ്യ.

മുംതാസ് (പ്രയാഗ മാർട്ടിൻ)

മലയാളത്തിൽ മുൻ നിര ചിത്രങ്ങളിൽ തിരക്കേറുന്ന പ്രയാഗയാണ് ചിത്രത്തിൽ മുംതാസായി അഭിനയിക്കുന്നത്. സിനിമയിൽ തുടക്കക്കാരിയായ പ്രയാഗയ്ക്കു കിട്ടാവുന്ന ഗംഭീര കഥാപാത്രമാണ് മുംതാസ്. മൻസൂറിന്‍റെ കസിനാണ് മുംതാസ്. മുംതാസും അമ്മയും അഭയാർത്ഥിയായി മുംബൈയിൽ നിന്നും മൻസൂറിന്‍റെ വീട്ടിലെത്തുകയാണ്. വ്യത്യസ്തമായ പല സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന, ഒട്ടേറെ അഭിനയ സാധ്യതകളുള്ള കഥാപാത്രമാണ് മുംതാസ്.

മൻസൂറിന്‍റെ അമ്മ (ആശ ശരത്)

ആശാ ശരതാണ് മൻസൂറിന്‍റെ അമ്മയുടെ വേഷത്തിലെത്തുന്നത്. തികച്ചും യാഥാസ്ഥിതിക മുംസ്ലീം കുടുംബിനിയാണ് ഇവർ. ദൃശ്യം, പാവാട എന്നീ ചിത്രങ്ങൾക്കു ശേഷം ആശാ ശരതിന്‍റെ മികച്ച അഭിനയ പ്രകടനത്തിനു സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും മൻസൂർ. ഷൂട്ടിംഗ് വേളയിൽ അണിയറ പ്രവർത്തകരെകൊണ്ടുപോലും കയ്യടിപ്പിക്കുകയും വൈകാരികമായ നിമിഷങ്ങളെ പകരുകയും ചെയ്യുന്നതായിരുന്നു ഈ കഥാപാത്രമെന്ന് സാക്ഷ്യപ്പെടുത്തുന്നു.

മുംതാസിന്‍റെ അമ്മ (സെറീന വഹാബ്)

മലയാളിയും മുംബൈയിൽ നിന്നു വരുന്നതുമായ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെറീന വഹാബാണ്. ദുരന്തപൂർണമായ പല അവസ്ഥകളിലൂടെ സഞ്ചരിച്ചെത്തുന്ന രോഗബാധിതയായ കഥാപാത്രം. സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിലും ലിപ്സിങ്ക് ശരിയാക്കുന്നതിലും വളരെ നിർബന്ധമുള്ളയാളാണ് സെറീന വഹാബ്. ഒരു കഥാപാത്രത്തിനു വേണ്ടി വളരെ കഠിനാധ്വാനം ചെയ്യുന്ന അഭിനേത്രിയാണെന്നു സംവിധായകൻ തന്നെ അഭിപ്രായപ്പെടുന്നു. കാമറയ്ക്കു പിന്നിൽ വളരെ രസകരമായി പെരുമാറുന്ന സെറീന കാമറയ്ക്കു മുന്നിൽ പുതിയൊരാളാണ്. അവിടെ കഥാപാത്രം മാത്രം.

മൻസൂറിന്‍റെ അമ്മാവൻ (രണ്‍ജി പണിക്കർ)

രണ്‍ജി പണിക്കർ അഭിനയിക്കുന്ന കഥാപാത്രമാണ് മൻസൂറിന്‍റെ അമ്മാവനായി എത്തുന്നത്. ബാപ്പയില്ലാത്ത മൻസൂറിന്‍റെ ജീവിതത്തിലെ നിർണായക തീരുമാനങ്ങളെല്ലാം അമ്മാവനാണ് എടുക്കുന്നത്. സ്ഥലക്കച്ചവടവും കുറച്ചു തരികിട പ്രവർത്തനങ്ങളുമുള്ള ആളാണ്. എന്നാൽ പെങ്ങളുടെയും മകന്‍റെയും കാര്യത്തിൽ അദ്ദേഹത്തിനു വളരെ ശ്രദ്ധയാണ്. ഇവരുടെ വീട്ടിൽ വന്നു താമസിക്കുന്നവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നത്തിനു കാരണക്കാരനാവുന്നതും ഇദ്ദേഹമാണ്. അറിഞ്ഞും അറിയാതെയും മൻസൂറിന്‍റെ ജീവിതം മാറ്റി മറിക്കുന്നത് ഈ അമ്മാവനാണ്.

സഖാവ് ജയരാജ് (സന്തോഷ് കീഴാറ്റൂർ)

കറ തീർന്ന സഖാവ് ജയരാജിന്‍റെ വേഷത്തിലാണ് സന്തോഷ് കീഴാറ്റൂരെത്തുന്നത്. ഇന്നു കാണാനില്ലാത്ത ഒരു യഥാർഥ കമ്യൂണിസ്റ്റ്. പാർട്ടിയെ അനുസരിക്കുകയും അതിനോട് കലഹിക്കുകയും ചെയ്യുന്ന ഒരു മനുഷ്യ സ്നേഹി. മൻസൂറിനെ ഒരു കൂട്ടുകാരനെ പോലെയും സഹോദരനെ പോലെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട്. സൗമ്യയുടെ സഹോദരനാണയാൾ. സിനിമയും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യുന്ന മൻസൂറും ജയരാജും ചേരുന്ന ഒരു ഗ്യാങ്ങുണ്ട്. മൻസൂറിന്‍റെ ജീവിതാവസ്ഥകളിൽ എന്നും ഒപ്പം നിൽക്കുന്നയാളാണ് ജയരാജ്.