അൽഫോൻസാമ്മ – സഹന പുത്രി
അൽഫോൻസാമ്മ – സഹന പുത്രി
സഹനത്തിന്റെ പുത്രിയാണു വിശുദ്ധ അൽഫോൻസാമ്മ. ജനനം മുതൽ മരണം വരെ അത് അവളെ പിന്തുടരുകയും ചെയ്തു. ജനിച്ച് അധികം നാളുകൾ കഴിയുംമുമ്പേ അമ്മ മരിച്ചു.

പെറ്റമ്മയുടെ സ്നേഹത്തലോടൽ മതിയാവോളം ഏൽക്കാൻ അൽഫോൻസാമ്മയ്ക്കു തെല്ലും ഭാഗ്യമുണ്ടായില്ല. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിൽ കുറച്ചുകാലം. പിതാവിന്റെയും പിതൃമാതാവിന്റെയും പരിരക്ഷയിൽ പ്രൈമറി വിദ്യാഭ്യാസം. ഇതിനിടയിൽ സന്യസ്തത്തിലേക്കാണു വിളിയെന്ന തിരിച്ചറിവ്. ഉമിത്തീയിൽ കാൽപൊള്ളിച്ചു വിവാഹാലോചനകൾ ഒഴിവാക്കാനുള്ള ശ്രമം. കന്യാസ്ത്രീയാകാനുള്ള വഴിയിൽ ഒന്നും തടസമാകരുതെന്നു കരുതിയുള്ള കുഞ്ഞുമനസിന്റെ ത്യാഗം.

സന്യാസാർഥിയായതു മുതൽ ഒപ്പം കൂടിയ രോഗങ്ങൾ, പീഡകൾ. ഒരവസരത്തിൽ സന്യാസം തുടരാൻ പറ്റുമോ എന്നു പോലും ശങ്കിച്ച നിമിഷങ്ങൾ. മറ്റുള്ളവരുടെ വിമർശനവും പരിഹാസവും വേറെ. പക്ഷേ, സഹിച്ചു മടുത്തു എന്ന് അവൾ പറഞ്ഞില്ല. പകരം സഹനത്തെ സന്തോഷമായി സ്വീകരിച്ചു. കൂടുതൽ സഹനങ്ങൾ ചോദിച്ചുവാങ്ങി. അവയെല്ലാം വിശുദ്ധിയുടെ മാറ്റ് തെളിയിക്കാനുള്ള അവസരങ്ങളായി മാറുകയായിരുന്നു.


മറ്റൊരർഥത്തിൽ സഹനത്തെ വിശുദ്ധിയിലേക്കുള്ള രക്ഷാമാർഗമായി അൽഫോൻസാമ്മ കണ്ടു. സഹനത്തിന്റെ നടുവിലെ പൊള്ളുന്ന പ്രാർഥനയുടെ ഫലം ആദ്യം കണ്ടറിഞ്ഞതു കൊച്ചു കുട്ടികളാണ്.

അതേത്തുടർന്ന് അനുഗ്രഹം തേടി ഇടമുറിയാതെ ജനസാഗരം ഒഴുകിയെത്തുകയായിരുന്നു. ഓരോ വർഷം കഴിയുന്തോറും അതു കൂടുതൽ കൂടുതലായി വരികയും ചെയ്യുന്നു. ഇതൊക്കെ സംഭവിച്ചത് ആരുടെയെങ്കിലും പ്രചാരണ കോലാഹലങ്ങളുടെ ഫലമായിട്ടായിരുന്നില്ല. കണ്ടറിഞ്ഞ് അല്ലെങ്കിൽ അനുഭവിച്ചറിഞ്ഞ് അതുമല്ലെങ്കിൽ കേട്ടറിഞ്ഞു ജനം ഓടിക്കൂടുകയായിരുന്നു. സഹനവും ത്യാഗവുമില്ലാതെ ആർക്കും ആരേയും സ്നേഹിക്കാനാവില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു വിശുദ്ധ അൽഫോൻസാമ്മ. ഏറ്റവും കൂടുതൽ സ്നേഹിക്കാൻ ഏറ്റവും കൂടുതൽ സഹനം.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.