സഹിക്കാനായി ഒരു ജന്മം
സഹിക്കാനായി ഒരു ജന്മം
അന്നക്കുട്ടി എന്നായിരുന്നു അവളുടെ പേര്. 1910 ഓഗസ്റ്റ് 19നു കുടമാളൂരിൽ മുട്ടത്തുപാടത്ത് കുടുംബത്തിൽ മാസം തികയാതെ പിറന്ന കുഞ്ഞ്. കുട്ടൻ വൈദ്യന്റെയും മേരിയുടെയും നാലാമത്തെ സന്താനം. രണ്ടു ചേച്ചിമാരുടെ കുഞ്ഞനുജത്തി. മൂത്ത ജ്യേഷ്ഠൻ തീരെ ചെറുപ്പത്തിലെ മരിച്ചുപോയി.

അവൾ പിറന്ന് എട്ടാം ദിവസം, 1910 ഓഗസ്റ്റ് 27–നു മാതൃഇടവകയായ കുടമാളൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ജ്‌ഞാനസ്നാനം നൽകി. അമ്മേ... എന്നു ശരിക്കു വിളിക്കാൻ കഴിയുംമുമ്പേ, മതിവരുവോളം അമ്മിഞ്ഞപ്പാൽ നുകരാൻ കഴിയാതെ, തന്റെ ജനനത്തിന്റെ 29–ാം ദിവസം പ്രിയ മാതാവ് എന്നന്നേയ്ക്കുമായി വിട്ടുപിരിഞ്ഞു. ഭാവിയിൽ അനുഭവിക്കാനിരിക്കുന്ന അതിതീവ്രമായ സഹനത്തിന്റെ തുടക്കം. അല്ലെങ്കിൽ, സഹനപുത്രിയായി ദൈവം അൽഫോൻസാമ്മയെ തെരഞ്ഞെടുത്തതിന്റെ ആദ്യസൂചന.

കുറച്ചുദിവസങ്ങൾക്കുശേഷം, മേരിയുടെ സഹോദരി മുട്ടുചിറ മുരിക്കൻ വീട്ടിൽ അന്നമ്മ കുടമാളൂരിലെത്തി. കുഞ്ഞിനെ മുരിക്കൻ വീട്ടിലേക്കു കൊണ്ടുപോയി. ഏറെക്കാലം കഴിഞ്ഞില്ല, അപ്രതീക്ഷിതമായുണ്ടായ രോഗം അന്നമ്മയെ കിടപ്പിലാക്കി. ഇതറിഞ്ഞ പിതാവ് മുട്ടുചിറയിലെത്തി കുഞ്ഞുമകളെ കുടമാളൂരിലേക്കു തിരികെകൊണ്ടുവന്നു. പിന്നെ പിതൃമാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണയിലായി അന്നക്കുട്ടി.


ത്രേസ്യാമ്മ താമസിച്ചിരുന്ന ഏലൂപ്പറമ്പിലെ വീട്ടിലും പിതാവിന്റെ പഴൂപ്പറമ്പിലെ വീട്ടിലുമായി അവൾ വളർന്നു. പ്രായത്തിലും പക്വതയിലും വളർന്നുവന്ന അന്നക്കുട്ടിയെ ആർപ്പൂക്കര തൊണ്ണംകുഴി ഗവണ്മെന്റ് എൽ.പി സ്കൂളിൽ ചേർത്തു. ഇതിനിടെ പ്രഥമദിവ്യകാരുണ്യസ്വീകരണത്തിന് അവൾ ഒരുങ്ങിക്കൊണ്ടിരുന്നു.

1917നവംബർ 27–ന് കുടമാളൂർ പള്ളിയിലായിരുന്നു പ്രഥമ ദിവ്യകാരുണ്യസ്വീകരണം. മൂന്നാം ക്ലാസുവരെ ആർപ്പൂക്കര തൊണ്ണംകുഴി ഗവ.എൽപി സ്കൂളിൽ പഠിച്ച അന്നക്കുട്ടിയെ തുടർപഠനത്തിനായി മുരിക്കൻ വീട്ടിലെ പേരമ്മ വീണ്ടും മുട്ടുചിറയിലേക്കു കൊണ്ടുപോയി. മുട്ടുചിറ ഗവണ്മെന്റ് മിഡിൽ സ്കൂളിൽ ചേർന്ന് അവിടെ ആറാം ക്ലാസ് വരെ പഠിച്ചു.

1925 ജനുവരി 21ന് മുട്ടുചിറ വിശുദ്ധ റൂഹാദക്കുദിശ ഫൊറോനാ പള്ളിയിൽ നിന്ന് സൈ്‌ഥര്യലേപനം സ്വീകരിച്ചു. ഇക്കാലയളവിൽ മഠത്തിൽ ചേർന്ന് കന്യാസ്ത്രീയാകണമെന്ന ആഗ്രഹം അന്നക്കുട്ടിയിൽ തീവ്രമായി.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.