ഹോമബലിയായി ജീവിതം
ഹോമബലിയായി ജീവിതം
അന്ന് പന്തക്കുസ്തായായിരുന്നു. സന്യാസത്തിലേക്കുള്ള തീക്ഷ്ണമായ ദൈവവിളിയിൽ അന്നക്കുട്ടി പിതാവ് ജോസഫിനെയും കൂട്ടി ഭരണങ്ങാനം ക്ലാരമഠത്തിലെത്തി. മഠം ബോർഡിംഗിൽ താമസിച്ച് ഏഴാം ക്ലാസ് പഠനം (ഇന്നത്തെ പത്താം ക്ലാസ്) തുടർന്നു. 1928 ഓഗസ്റ്റ് രണ്ടിനു മറ്റു മൂന്നുപേർക്കൊപ്പം അവൾ സന്യാസാർഥിനിയായി.

ആ ദിവസത്തിന്റെ വിശുദ്ധനായ അൽഫോൻസ് ലിഗോരിയുടെ നാമത്തിൽ ആശ്രയിച്ച് അൽഫോൻസാ എന്നു പേരും സ്വീകരിച്ചു. പിറ്റേവർഷം മലയാളം ഹയർ പരീക്ഷയ്ക്കു പഠിക്കാൻ ചങ്ങനാശേരി വാഴപ്പള്ളി ടി.എം.ഒ സ്കൂളിൽ ചേർന്നു. 1930 മേയ് 19ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ചങ്ങനാശേരി ബിഷപ് മാർ ജയിംസ് കാളാശേരിയിൽ നിന്ന് ശിരോവസ ്ത്രം സ്വീകരിച്ചു. ഇക്കാലത്ത് കടുത്ത രക്‌തസ്രാവത്തോടെ അൽഫോൻസാമ്മയുടെ സഹനപർവം ആരംഭിച്ചുകഴിഞ്ഞിരുന്നു. രോഗം മൂർച്ഛിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായി.

1932 മേയിൽ വാകക്കാട് സെന്റ് പോൾസ് എൽപി സ്കൂളിൽ അധ്യാപികയായി ചേർന്നു. എന്നാൽ അധിക നാളുകൾ തുടരാനായില്ല. രോഗങ്ങൾ കലശലായി. പിന്നെ ഭരണങ്ങാനത്തേയ്ക്കു മടങ്ങി. പിറ്റേവർഷം രക്‌തസ്രാവം കൂടുതൽ രൂക്ഷമായി. മൂന്നുമാസത്തോളം ഉറങ്ങാൻപോലും കഴിയാതെ അവൾ വലഞ്ഞു. അല്പം ഭക്ഷണം. ചില ദിവസങ്ങളിൽ വെള്ളം മാത്രം. ഛർദിയും രക്‌തസ്രാവവും കൂടുതൽ ശക്‌തമായി. അൽഫോസാമ്മ നിത്യരോഗിയായി മാറുകയായിരുന്നു. ആരോഗ്യം തീർത്തും ക്ഷയിച്ചിരുന്നെങ്കിലും ആ മുഖത്തെ ചൈതന്യവും നൈർമല്യവും ആരേയും ആകർഷിച്ചിരുന്നു.


1934–ൽ ക്ലാരസഭക്കാർക്കു നവസന്യാസ പരിശീലനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അക്കൊല്ലം നൊവിഷ്യേറ്റിനു പോകാൻ അൽഫോൻസാമ്മ അധികാരികളോട് അപേക്ഷിച്ചു. ആരോഗ്യം മോശമായതിനാൽ അനുമതി ലഭിച്ചില്ല. എന്നാൽ, പിറ്റേവർഷം ഓഗസ്റ്റ് 11ന് ചങ്ങനാശേരിയിൽ ആരംഭിച്ച രണ്ടാം ബാച്ചിൽ പ്രവേശനം കിട്ടി.

നൊവിഷ്യേറ്റിൽ ഗുരുനാഥനായി ഫാ. ളൂയീസ് പെരുമാലിലും നോവീസ് മിസ്ട്രസായി മദർ ഉർശുലയും. രക്‌തസ്രാവവും മറ്റ് രോഗങ്ങളും കൂടുതൽ രൂക്ഷമായെങ്കിലും നൊവിഷ്യേറ്റിലെ അതികർക്കശ നിയമങ്ങളിൽ അവൾ തെല്ലിട വീഴ്ച വരുത്തിയില്ല. പ്രാർഥന, ക്ഷമ, സഹനം, പരിത്യാഗം തുടങ്ങിയ പുണ്യങ്ങളെ അവൾ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.