ആത്മബലി പൂർത്തിയായി
ആത്മബലി പൂർത്തിയായി
കർശനമായ വ്രതാനുഷ്ഠാനങ്ങൾക്കും പരിശീലനങ്ങൾക്കും ഒടുവിൽ 1936 ഓഗസ്റ്റ് 12ന് അൽഫോൻസാമ്മ നൊവിഷ്യേറ്റ് പൂർത്തിയാക്കി ഭരണങ്ങാനത്തു തിരിച്ചെത്തി. ഏറെ വൈകിയില്ല, അതികഠിനമായ പനി തുടങ്ങി. ചില അവസരങ്ങളിൽ അത് 105 ഡിഗ്രി വരെയായി. അങ്ങനെ 65 ദിവസം. വിശുദ്ധ കൊച്ചുത്രേസ്യായുടെ മാധ്യസ്‌ഥ്യമായിരുന്നു കരുത്ത്. ക്രമേണ പനി കുറഞ്ഞു. ഏറെ നാൾ നീണ്ടുനിന്നില്ല. നെഞ്ചുവേദനയും ന്യുമോണിയായും പിടിപെട്ടു. അവഗണനകളും ആക്ഷേപങ്ങളും വേറെ.

1940 ഒക്ടോബർ 18നു രാത്രിയിൽ അൽഫോൻസാമ്മയുടെ മുറിയിൽ ഒരു കള്ളൻ കയറി. പേടിച്ചരണ്ടു ബോധം നഷ്ടമായി. വിവരമറിഞ്ഞ് ഓടിയെത്തിയ സ്വന്തം പിതാവിനെപ്പോലും അവൾക്കു തിരിച്ചറിയാനായില്ല. ഓർമക്കുറവും മാനസിക സംഘർഷവും മാസങ്ങളോളം നീണ്ടുനിന്നു. പിന്നീട് ഛർദിയും പാരവശ്യവും പതിവായി. ശരീരത്തിന്റെ പലഭാഗങ്ങളിൽ പരുക്കളും വന്നു തുടങ്ങി. ഉദരവും കാലും നീരുവച്ചു വീർത്തു. പലപ്പോഴും വേദനയാൽ പുളഞ്ഞു. വേദനയ്ക്കു ശമനമുണ്ടാകുന്ന ചുരുക്കം അവസരങ്ങളിൽ തുന്നൽ, ചിത്രരചന, കുഷൻ നിർമാണം തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടു.

1945 ആയപ്പോഴേക്കും രോഗങ്ങളെല്ലാം അവയുടെ രാക്ഷസരൂപം പ്രകടിപ്പിച്ചുതുടങ്ങി. ദിവസം 60 തവണവരെ ഛർദിയുണ്ടായി. അതിനുശേഷം ശരീരം മഞ്ഞുപോലെ തണുക്കും. ദിവസം ഏഴു മണിക്കൂർ വരെ മരണവേദനയ്ക്കു തുല്യമായ അവസ്‌ഥയിൽ അൽഫോൻസാമ്മ കട്ടിലിൽ കിടന്നു പുളഞ്ഞിട്ടുണ്ട്. എന്നാൽ, വിശുദ്ധ കുർബാന സ്വീകരണത്തിൽ മാത്രം ഛർദി അവളെ ഉപദ്രവിച്ചില്ല. ഇതിനിടെ മാർ ജയിംസ് കാളാശേരി പിതാവിന് പിടിപെട്ട മലമ്പനി പ്രാർഥിച്ച് സ്വയം ഏറ്റെടുക്കുകയും ചെയ്തു.


വീണ്ടും രൂക്ഷമായ ഛർദിയും പാരവശ്യവും അവളെ കൂടുതൽ തളർത്തി. ദിവസം നൂറു തവണവരെ ഛർദിക്കുന്നതുവഴി ശരീരം നുറുങ്ങി അബോധാവസ്‌ഥയിലേക്ക് അൽഫോൻസാമ്മ തളർന്നു വീണു. ഇതിനുപിന്നാലെ അസഹനീയമായ പല്ലുവേദനയുമെത്തി. വെള്ളം കുടിക്കാൻ പോലും കഴിയാനാവാതെ വായ് പഴുത്തു. തീയിൽപ്പെട്ട കീടത്തിന്റെ അവസ്‌ഥയെന്നു വേദനകളെക്കുറിച്ച് അൽഫോൻസാമ്മ ഒരിക്കൽ പറഞ്ഞു. തന്റെ സ്വർഗീയയാത്രയ്ക്കുള്ള സമയമടുത്തതായി അൽഫോൻസാമ്മ അറിഞ്ഞിരുന്നു. 1946ന്റെ തുടക്കം മുതൽ അതിനുള്ള ഒരുക്കം അവൾ തുടങ്ങി. ജൂലൈ 28ന് ഉച്ചയോടെ അൽഫോൻസാമ്മ തന്റെ ആത്മബലി പൂർത്തിയാക്കി.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.