വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ തിരുനാളിനു കൊടിയേറി
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ തിരുനാളിനു കൊടിയേറി
ഭരണങ്ങാനം: വിശുദ്ധിയുടെ ആത്മീയപ്രഭ സമ്മാനിച്ചു ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി. പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളെ സാക്ഷിയാക്കി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുകർമം നിർവഹിച്ചു.

നാം ഓരോരുത്തരെയും ശക്‌തിപ്പെടുത്താൻ ദൈവം സ്വർഗത്തിൽനിന്ന് അയച്ച മാലാഖയാണു വിശുദ്ധ അൽഫോൻസാമ്മയെന്നു മാർ കല്ലറങ്ങാട്ട് പറഞ്ഞു. ഏലീശായെ കാണാൻ തിടുക്കത്തിൽ പുറപ്പെട്ട പരിശുദ്ധ കന്യകാമറിയത്തെപ്പോലെയാണ് അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ എത്തുന്ന വിശ്വാസസമൂഹം. പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ ദുഃഖങ്ങളിലേക്കും ആവശ്യങ്ങളിലേക്കും ഇറങ്ങിവന്നു നമ്മെ ശക്‌തിപ്പെടുത്തുകയാണ് അൽഫോൻസാമ്മയെന്നും ജീവിതത്തെ മുഴുവൻ സ്തോത്രഗീതമാക്കിയ അൽഫോൻസാമ്മ കാരുണ്യത്തിന്റെ മുദ്രപതിച്ച വ്യക്‌തിയാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്കു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തിലേക്കു തുറന്നിട്ട വാതിലാണ് അൽഫോൻസാമ്മയെന്നു മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിൽ ഈശോ നൽകിയ നൊമ്പരങ്ങൾ ഒന്നും നഷ്ടമാക്കാതെ പ്രാർഥനയായി സ്വീകരിച്ചു ദൈവത്തിന് തിരിച്ചുനൽകിയ വിശുദ്ധയാണ് അൽഫോൻസാമ്മ. ശുദ്ധിയുള്ള ഹൃദയം, വിനയമുള്ള ഹൃദയം, വിധേയത്വമുള്ള ഹൃദയം, സമാധാനം നൽകുന്ന ഹൃദയം, കരുണയിൽ സമ്പന്നമായ ഹൃദയം എന്നീ അഞ്ചു സവിശേഷതകളുള്ള ഹൃദയത്തിനുടമയായിരുന്നു വിശുദ്ധ അൽഫോൻസാമ്മ. ഉന്നതങ്ങളിൽനിന്നു ശക്‌തി ലഭിക്കുമ്പോഴാണ് ഈ ഗുണങ്ങൾ ഒരു വ്യക്‌തി ക്കു ലഭിക്കുക. ഈ ഹൃദയമനോഭാവമുള്ള വ്യക്‌തി അസൂയയും സ്വാർഥമോഹവും ഹൃദയത്തിൽ വഹിക്കാത്ത ആളായിരിക്കും.


വിശുദ്ധ അൽഫോൻസായിൽ നാം കാണുന്നത് നിർമലമായ ഹൃദയമാണ്. ഭൗതികദൃഷ്ടിയിൽ സഹനം കൊണ്ടുവലഞ്ഞ അൽഫോൻസാമ്മയാണ് ഇന്ന് അനേകരുടെ ദുഃഖമകറ്റുന്നവളായി അനുഗ്രഹം ചൊരിയുന്നത്. തന്റെ നൊമ്പരങ്ങളിൽ ദൈവഹിതം കണ്ട അൽഫോൻസാമ്മ അതിന്ന് പ്രാർഥനാപൂർവം അനുഗ്രഹമായി പകർത്തുന്നുവെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.തിരുനാളിന്റെ ആദ്യദിനം തന്നെ വിശുദ്ധയുടെ സവിധത്തിൽ വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.അന്യസംസ്‌ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും നിരവധി തീർഥാടകസംഘം ഭരണങ്ങാനത്തെത്തുന്നുണ്ട്. തിരുക്കർമങ്ങളിൽ സംബന്ധിച്ചും വിശുദ്ധയുടെ കബറിടത്തിങ്കൽ പ്രാർഥിച്ചും നേർച്ചകാഴ്ചകൾ സമർപ്പിച്ചും നിറഞ്ഞമനസോടെയാണ് ഇവർ മടങ്ങുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.