തീർഥാടകർ വിശ്വാസതീക്ഷ്ണതയുടെ അടയാളങ്ങൾ: ഡോ. കല്ലറയ്ക്കൽ
തീർഥാടകർ വിശ്വാസതീക്ഷ്ണതയുടെ അടയാളങ്ങൾ: ഡോ. കല്ലറയ്ക്കൽ
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥനാപൂർവം എത്തുന്നവർ കത്തിജ്വലിക്കുന്ന വിശ്വാസതീക്ഷ്ണതയുടെ അടയാളങ്ങളാണെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ. അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു കബറിടത്തിങ്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് വിശ്വാസക്ഷയം സംഭവിക്കുമ്പോഴും മറുവശത്ത് അതിനെ തീവ്രതയോടെ കാത്തുസൂക്ഷിക്കുന്നവരുമുണ്ട്. വിശ്വാസവർഷാചരണംവഴി സഭ അതിന് ഊർജം പകർന്നു.

ദൈവം ലോകത്തിനു നൽകിയ സമ്മാനമാണു ഫ്രാൻസിസ് മാർപാപ്പ. സഭ കരുണയുടെ വർഷം ആചരിക്കുമ്പോൾ വിശുദ്ധ അൽഫോൻസാമ്മ അതിന്റെ ഉത്തമ മാതൃകയാണ്. ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോയെങ്കിൽ, ആ മുഖം ഹൃദയത്തിൽ പതിപ്പിച്ച പുണ്യവതിയായിരുന്നു അൽഫോൻസാമ്മ.

അമ്മയെ സഹനപുത്രിയാക്കി മാറ്റി തന്നോട് ചേർത്തു നിർത്താനാണ് ദൈവം തിരുമനസായത്. അൽഫോൻസാമ്മ അനുഭവിച്ച വേദനയുടെ ആഴം ആർക്കും മനസിലാക്കാനായില്ല. എല്ലാ വേദനകളെയും പുഞ്ചുരിയോടെയാണ് അമ്മ നേരിട്ടത്.

സഹനങ്ങളെ നമ്മുടെ ജീവിതത്തിൽനിന്നു മാറ്റിനിറുത്തുന്ന ആധുനിക ലോകത്തിന് അൽഫോൻസാമ്മ മാതൃകയാണെന്നും ഡോ. കല്ലറയ്ക്കൽ കൂട്ടിച്ചേർത്തു.

ഫാ. ഔസേപ്പ് പുത്തൻപറമ്പിൽ, ഫാ. ജോർജ് പീടികപ്പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്ന് രാവിലെ 11 നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. മുഖ്യകാർമികത്വം വഹിക്കും.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.