ആത്മീയ ഉണർവ് നേടി പതിനായിരങ്ങൾ ഭരണങ്ങാനത്ത്
ആത്മീയ ഉണർവ് നേടി പതിനായിരങ്ങൾ ഭരണങ്ങാനത്ത്
ഭരണങ്ങാനം: ഭാരതസഭയ്ക്കു ലഭിച്ച ആത്മീയപുണ്യം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം വണങ്ങി ആത്മീയ ഉണർവും അനുഗ്രഹവും നേടാനെത്തിയത് പതിനായിരങ്ങൾ.

ജീവിതം സഹനത്തിന്റെയും ലാളിത്യത്തിന്റെയും പ്രാർഥനയുടെയും വേദിയാക്കിയ ഭാരതത്തിന്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ ആഘോഷം തികച്ചും പ്രാർഥനാപൂർണമായിരുന്നു. വാദ്യാഘോഷങ്ങളോ കരിമരുന്നു പ്രകടനങ്ങളോ ഉണ്ടായിരുന്നില്ല.

സഹനത്തിന്റെ തീച്ചൂളയിൽ സ്വയം എരിഞ്ഞ് സമൂഹത്തിന് ആത്മീയപ്രകാശം സമ്മാനിച്ച അൽഫോൻസാമ്മയുടെ തിരുനാളിൽ പങ്കെടുത്തവരെല്ലാം പുത്തൻ ഉണർവോടും ആത്മീയചൈതന്യത്തോടുമാണു മടങ്ങിയത്.

ഇന്നലെ മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചിരിച്ചു. തിരുനാൾ റാസയ്ക്ക് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് നടന്ന പ്രദക്ഷിണത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ജപമാല ചൊല്ലിയാണ് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്.

വിശുദ്ധയുടെ തിരുസ്വരൂപം സംവഹിച്ചുള്ള പ്രദക്ഷിണം തീർഥാടനകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് പ്രധാന റോഡിലൂടെ ഇടവക ദേവാലയത്തിലെത്തി സമാപിച്ചു. പ്രദക്ഷിണം ഇടവക ദേവാലയത്തിന്റെ മുറ്റത്ത് എത്തിയപ്പോൾ ഇടവക മധ്യസ്‌ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിയിൽ നിന്നിറക്കി പ്രദക്ഷിണത്തെ വരവേറ്റു.


തിരുനാൾ ആരംഭിച്ചതു മുതൽ തീർഥാടനകേന്ദ്രത്തിലേയ്ക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം നടന്ന ജപമാലമെഴുകുതിരി പ്രദക്ഷിണത്തിലും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു വിശ്വാസികൾ ഭക്‌തിപൂർവം പങ്കെടുത്തു.

തിരുനാളിന്റെ എല്ലാ ദിവസവും വിവിധ രൂപതാധ്യക്ഷന്മാരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. മിഷൻലീഗ്, മാതൃജ്യോതി, ഫ്രാൻസിസ്കൻ അല്മായ സഭ, വിവിധ ഫൊറോനകൾ, ഇടവകകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ തീർഥാടനവും തിരുക്കർമങ്ങളും ഭരണങ്ങാനം തിരുനാളിനെ ഭക്‌തിസാന്ദ്രമാക്കി.

അൽഫോൻസാമ്മയുടെ ജീവിതവഴിത്താരകൾ വെളിവാക്കുന്ന മ്യൂസിയവും വിശുദ്ധ ജീവിതത്തിന് സാക്ഷ്യം വഹിച്ച ക്ലാരമഠവും വിശ്വാസികളാൽ നിറഞ്ഞു.

തീർഥാടന കേന്ദ്രം റെക്ടർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം, അഡ്മിനിട്രേറ്റർ റവ.ഡോ.തോമസ് പാറയ്ക്കൽ, ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, സഹവികാരിമാർ, വോളന്റിയേഴ്സ്, ട്രസ്റ്റിമാർ തുടങ്ങിയവർ തിരുനാളിനു നേതൃത്വം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.