രാജകീയ വിവാഹത്തിൽ ആറാടി ബ്രിട്ടൻ
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനും ചാൾസ് ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രനുമായ ഹാരി രാജകുമാരനും (33) ഹോളിവുഡ് താരസുന്ദരി മേഗൻ മെർക്കലും (36) തമ്മിലുള്ള വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്‍റ് ജോർജ് ചാപ്പലിൽ ആഘോഷമായി നടന്നു. ആഡംബരങ്ങളും രാജപാരന്പര്യങ്ങളും അഘോഷങ്ങളും എല്ലാം നിറഞ്ഞു നിന്ന വിവാഹം പ്രാദേശിക സമയം ഉച്ചക്ക് 12 ന് ആയിരുന്നു നടന്നത്. എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ മോതിരം കൈമാറിയത്.

ഹൃദയശസ്ത്രക്രിയയെത്തുടർന്നു വിശ്രമിക്കുന്ന, മേഗന്‍റെ പിതാവ് തോമസ് മെർക്കലിന് പകരക്കാരനായി ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു പുതിയ മരുമകളെ സെന്‍റ് ജോർജ് ചാപ്പലിന്‍റെ അൾത്താരയ്ക്കു മുന്നിലേയ്ക്ക് ആനയിച്ചത്. ബ്രിട്ടീഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലർ ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞാണ് വധു മേഗൻ വിവാഹത്തിനെത്തിയത്.

ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഫിലിപ്പ് രാജകുമാരൻ, മേഗന്‍റെ മാതാവ് ഡോറിയ റാഗ്ലാൻഡും രാജ്ഞിക്കൊപ്പം മുൻനിരയിൽ സ്ഥാനം പിടിച്ചു. സഹോദരൻ വില്യം രാജകുമാരന്‍റെ വിവാഹത്തിന്േ‍റതിനു തുല്യമായ ചടങ്ങായിരുന്നു ഹാരിയുടെയും വിവാഹം. വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പരേഡിലും പങ്കെടുത്തു. നവദന്പതികളെ കാണാൻ നഗര വീഥികളിൽ ആയിരങ്ങൾ കാത്തുനിന്നു.

അഭിനേതാക്കളായ ഇഡ്രിസ് എൽബാ, ജോർജ് ക്ലൂണി, ഗായകൻ എൽട്ടൻ ജോണ്‍, ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ജർമൻ ടിവി ഉൾപ്പെടെ വിവിധ ചാനലുകൾ വിവാഹത്തിന്‍റെ ലൈവ് സംപ്രേണം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ