ബ്രോങ്ക്സ് ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു
Saturday, April 19, 2014 4:34 AM IST
ന്യൂയോര്‍ക്ക്: ദൈവപുത്രന്റെ പീഡാനുഭവത്തിന്റേയും കുരിശു മരണത്തിന്റെയും ഓര്‍മ്മയാചരിച്ചുകൊണ്ട് ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ദുഃഖവെള്ളി ഭാക്തിനിര്‍ഭരമായ ചടങ്ങുകളെടെ ആചരിച്ചു.

രാവിലെ പാരിഷ് ഹാളില്‍ നടന്ന കുരിശിന്റെ വഴിയില്‍ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലെ ദൃശ്യാവിഷ്കരണം ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.

തുടര്‍ന്നു ദേവാലയത്തില്‍ നടന്ന പീഡാനുഭവ ശുശ്രൂഷകളില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ കാര്‍മികരായിരുന്നു. നഗരി കാണിക്കല്‍, കരിശു മുത്തല്‍, കയ്പു നീര് വിതരണം, പാന വായന, കഞ്ഞിവിതരണം തുടങ്ങിയ ശുശ്രൂഷകളും നടന്നു.

വ്യാഴാഴ്ച നടന്ന പെസഹായ്ക്കു തിരുക്കര്‍മ്മങ്ങളില്‍ ഇടവകയിലെ വിവിധ വാര്‍ഡു സെക്രട്ടറിമാരും പാരിഷ് കൌണ്‍സില്‍ അംഗങ്ങളും അടങ്ങിയ 12 പേര്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. വി. കുര്‍ബാനയുടെ പ്രദക്ഷിണവും ആരാധനയും നടന്നു. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പാരിഷ്ഹാളില്‍ പാനവായന, അപ്പം മുറിക്കല്‍ എന്നീ ശുശ്രൂഷകളും നടന്നു.

ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടിന് ആരംഭിക്കും. ഞായറാഴ്ച രാവിലെ 10നും കുര്‍ബാന ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി