ദൃശ്യവിസ്മയമൊരുക്കി നാമം വിഷു ആഘോഷിച്ചു
Wednesday, April 23, 2014 8:58 AM IST
ന്യൂജേഴ്സി: വ്യതസ്തവും വര്‍ണ്ണാഭവുമായ കലാപരിപാടികള്‍ കാഴ്ച വച്ച് കൊണ്ട് പ്രമുഖ സാംസ്ക്കാരിക സംഘടനയായ നാമം വിഷു ആഘോഷിച്ചു. സൌത്ത് ബ്രണ്‍സ്വിക്കിലുള്ള ക്രോസ് റോഡ്സ് നോര്‍ത്ത് മിഡില്‍ സ്കൂളില്‍ ഏപ്രില്‍ 12 ന് നടന്ന ആഘോഷ പരിപാടികള്‍ അത്യന്തം ആസ്വാദ്യകരമായി.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കാര്‍വര്‍ണ്ണനു ചുറ്റും കൊന്നപ്പൂവും നിറപറയും പൂക്കുലയും കായ്കനികളും ആറന്മുള കണ്ണാടിയുമൊക്കെയായി നാമം പ്രവര്‍ത്തകര്‍ വിഷുക്കണിയൊരുക്കി. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ഥനാഗാനമാലപിച്ചു കൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. നാമം വൈസ് പ്രസിഡന്റും വിഷു പ്രോഗ്രാം കണ്‍വീനറുമായ ഗീതേഷ് തമ്പി സ്വാഗത പ്രസംഗം നടത്തി. സ്പ്രിംഗ് നെക്ടര്‍ അക്കാഡമി, ജയശ്രീ ഐയ്യര്‍, നടസുധ, സ്വരാധിക സ്കൂള്‍, സംഗീത് മ്യൂസിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങളിലെ അംഗങ്ങള്‍ സംഗീത വിരുന്നൊരുക്കി.

നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ കലാരൂപങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന അധ്യാപകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നൃത്തവും സംഗീതവും ചിട്ടയായി അഭ്യസിക്കുന്നതിലൂടെ കുട്ടികള്‍ക്ക് വ്യക്തിപരമായ നേട്ടമുണ്ടാകുകയും സാംസ്കാരികമായ ഉന്നമനമുണ്ടാകുകയും ചെയ്യുമെന്ന് മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

വിശിഷ്ടാതിഥിയായെത്തിയ അസ്സംബ്ളിമാന്‍ ഉപേന്ദ്ര ചിവുകുള കുട്ടികളുടെ കലാപ്രകടനത്തെ പ്രശംസിക്കുകയും അതിന് അവസരമൊരുക്കിയ നാമത്തെ അഭിനന്ദിക്കുകയും ചെയ്തു. ഫൊക്കാന ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ നാമത്തിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും നാമത്തെ ഫോകാനയില്‍ സ്വീകരിച്ചു കൊണ്ടുള്ള രേഖ പ്രസിഡന്റ് മാധവന്‍ നായര്‍ക്ക് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് ശിവതാള, ദിവ്യ അശ്വിന്‍, സൌപര്‍ണിക ഡാന്‍സ് അക്കാഡമി, ഭാരത് നൃത്യ അക്കാഡമി, അപൂര്‍വ്വ നൂപുര , നൃത്യ മാധവി, ശിവജ്യാതി ഡാന്‍സ് സ്കൂള്‍, മയൂര ടെമ്പിള്‍ ഓഫ് ആര്‍ട്സ് എന്നീ നൃത്ത വിദ്യാലയങ്ങളിലെ അംഗങ്ങള്‍ വര്‍ണ്ണാഭമായ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.

കാണികളുടെ കരഘോഷങ്ങള്‍ക്കിടയില്‍ സംഗീതനൃത്ത അധ്യാപകര്‍ക്ക് ഫലകങ്ങള്‍ നല്കി അവരെ ആദരിച്ചു. സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാര്‍ ഏവര്‍ക്കും നന്ദി പറയുകയും റാഫിള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.സാമൂഹ്യ സാസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിഷു പ്രോഗ്രാം കണ്‍വീനര്‍ ഗീതേഷ് തമ്പി, കോകണ്‍വീനര്‍ സുധ നാരായണന്‍, സെക്രട്ടറി ബിന്ദു സഞ്ജീവ്കുമാര്‍, സഞ്ജീവ് കുമാര്‍, അജിത്ത് മേനോന്‍, അരുണ്‍ ശര്‍മ, സുനില്‍ രവീന്ദ്രന്‍, സജി നമ്പ്യാര്‍, ഡോ. അംബിക നായര്‍, അനാമിക നായര്‍, ജാനകി നായര്‍, ആശ വിജയകുമാര്‍, സജിത്ത് കുമാര്‍, സുഹാസിനി സജിത്ത്, രെഷ്മി ഷിബു, മിനി ജയപ്രകാശ്, ജയകൃഷ്ണന്‍ നായര്‍, പാ ര്‍വ്വതി കാര്‍ത്തിക്, ഉഷ മേനോന്‍, ഡോ പദ്മജ പ്രേം, രാഹുല്‍, അഞ്ജലി, അശ്വിന്‍ തുടങ്ങിയവര്‍ വിഷു ആഘോഷങ്ങള്‍ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: വിനീത നായര്‍