ചരിത്രത്തിലേക്കു ഒരു കപ്പല്‍ യാത്ര; സംഘടനകള്‍ക്ക് മാതൃകയായി നൈന
Tuesday, August 19, 2014 4:42 AM IST
ന്യുയോര്‍ക്ക്: വിജ്ഞാനവും വിനോദവും പകര്‍ന്ന് നല്‍കിയ കണ്‍വന്‍ഷന്‍ അറ്റ്സീ നൈനയുടെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) ചരിത്രത്തിലെ പൊന്‍ തൂവലായി.

കാര്‍ണിവല്‍ സ്പ്ളെന്‍ഡര്‍ എന്ന കപ്പലില്‍ ന്യൂയോര്‍ക്കില്‍ നിന്നു ജൂലൈ 31 ന് പുറപ്പെട്ട് കാനഡയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഓഗസ്റ് നാലിന് മടങ്ങി എത്തിയ യാത്രയില്‍ ഇരുനൂറില്‍പരം കുടുംബങ്ങള്‍ പങ്കെടുത്തു. ഫോമ നടത്തിയ കണ്‍വന്‍ഷനുശേഷം ഒരു മലയാളി സംഘടന കപ്പലില്‍ നടത്തുന്ന വിജയകരമായ കണ്‍വന്‍ഷനാണിത്.

വിനോദത്തോടൊപ്പം പഠനവും ലക്ഷ്യമിട്ട യാത്രയില്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ മാറ്റങ്ങളും നഴ്സിംഗ് രംഗത്തെ നൂതന പ്രവണതകളുമൊക്കെ വിദഗ്ധരില്‍ നിന്നു പഠിക്കാനായി.

'നഴ്സസ് ലീഡിംഗ് ദ വേ'എന്ന നഴ്സിംഗ് രംഗത്തെ പുതിയ മുദ്രാവാക്യം തന്നെയാണു സമ്മേളനവും ചിന്താവിഷയമായി സ്വീകരിച്ചത്. മുദ്രാവാക്യത്തിനനുസൃതമായി ഇന്ത്യന്‍ നഴ്സുമാര്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന്റെ തെളിവു കൂടിയായി സമ്മേളനം.

'ഹെല്‍ത്ത്, വെല്‍നസ് ആന്‍ഡ് ഇന്നവേഷന്‍സ്: റീസന്റ് അഡ്വാന്‍സസ് ഇന്‍ എഡ്യൂക്കേഷന്‍, പ്രാക്ടീസ് ആന്‍ഡ് റിസര്‍ച്ച് എന്നതായിരുന്നു പ്രൊഫഷനല്‍ സെമിനാറുകളുടെ വിഷയം. കണ്‍വന്‍ഷനിലെ നഴ്സിംഗ് സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കിയത് അമേരിക്കക്കാരടക്കമുള്ള വിദഗ്ദരാണ്. ഇതിനു 14 ക്രെഡിറ്റ് കിട്ടും. നഴ്സിംഗ് ലൈസന്‍സ് പുതുക്കുമ്പോള്‍ തുടര്‍ വിദ്യാഭ്യാസമായി ഇത് കാണിക്കാം.

യാത്ര പുറപ്പെടും മുമ്പ് നടന്ന ഉദ്ഘാടന ചടങ്ങില്‍ നൈനാ പ്രസിഡന്റ് വിമല ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിബി നടുപ്പറമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും ഭാരവാഹികളെയും മുഖ്യാതിഥികളെയും സ്റേജിലേക്കു ക്ഷണിക്കുകയും ചെയ്തു. സലോമി വര്‍ഗീസ് ആയിരുന്നു എംസി.

ഇന്ത്യന്‍ നഴ്സുമാര്‍ സേവന പാതയില്‍ കൈവരിക്കുന്ന നേട്ടങ്ങളും നൈന മറ്റു സംഘടനകള്‍ക്കു മാതൃകയാവുന്നതും വിമല ജോര്‍ജ് എടുത്തു പറഞ്ഞു.

അസ്വാരസ്യങ്ങളോ പ്രശ്നങ്ങളൊ ഇല്ലാതെ കണ്‍വന്‍ഷന്‍ വന്‍ വിജയം കൈവരിച്ചത് ഒരു 'മിറക്കിള്‍' എന്നാണു പ്രസിഡന്റ് വിമലാ ജോര്‍ജ് വിശേഷിപ്പിച്ചത്. വനിതകള്‍ മുന്‍കൈ എടുത്ത് വനിതകള്‍ തന്നെ നേതൃത്വം നല്‍കിയ യാത്രയും കണ്‍വന്‍ഷനും അവിസ്മരണീയ അനുഭവമായാണ് എല്ലാവരും വിശേഷിപിച്ചതെന്നതില്‍ ഭാവാഹികള്‍ അതീവ ചരിതാര്‍ഥ്യരാണെന്നു അവര്‍ പറഞ്ഞു.

കാലാപരിപാടികളാണു കണ്‍വന്‍ഷനെ ഉല്ലാസഭരിതമാക്കിയത്. വിവിധ സ്റേറ്റുകളില്‍ നിന്നുള്ള എല്ലാ ചാപ്ടറുകളില്‍ നിന്നുള്ളവരും കലാപ്രകടങ്ങള്‍ അവതരിപ്പിച്ചു. ആതുര ശുശ്രൂഷകര്‍ നല്ല കലാകാരികളുമാണെന്നു അരങ്ങത്തു തെളിഞ്ഞു.

ഇന്ത്യയിലും ഇവിടെയും നഴ്സിംഗ് പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പും വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അവാര്‍ഡും നല്‍കി.

നഴ്സിംഗ് രംഗത്തെ ഒരു പരിഛേദം തന്നെ പങ്കെടുത്തു എന്നതു ഏറെ ശ്രദ്ധേയമായി. റിട്ടയര്‍ ചെയ്തവര്‍ മുതല്‍ രണ്ടാം തലമുറയില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ വരെ. തലമുറകള്‍ തമ്മിലുള്ള വിടവ് സൌഹാര്‍ദപൂര്‍ണമായ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതായി.

ആല്‍മീയ കാര്യങ്ങള്‍ക്കായ് സംവിധാനങ്ങളും ഉണ്ടായിരുന്ന ആദ്യ കണ്‍വന്‍ഷനാകാം ഇത്. എല്ലാവര്‍ക്കും അവസരം ലഭിക്കുവാനും അര്‍ഹമായ അംഗീകാരം നല്‍കാനും ഭാരവാഹികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി വിമല ജോര്‍ജ് പറഞ്ഞു. പബ്ളിക്ക് റിലേഷന്‍സിന്റെ ചുമതല വഹിച്ച മേരി ഏബ്രഹാം കണ്‍വന്‍ഷന്റെ വിജയത്തിനു പ്രവര്‍ത്തിച്ചവരുടെ സേവനങ്ങള്‍ അനുസ്മരിച്ചു.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് ടിസി സിറിയക്, സെക്രട്ടറി ഷൈനി വര്‍ഗീസ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ), ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് ന്യൂജേഴ്സി, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് കാലിഫോര്‍ണിയ, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ട്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് മസ്സചുസ്സെറ്റ്സ്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് മിച്ചിഗണ്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് സെന്‍ഡ്രല്‍ ഫ്ളോറിഡ, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ നോര്‍ത്ത് കരോളിന, ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ്, ഹൂസ്റണ്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍, ജോര്‍ജിയ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ എന്നീ നഴ്സസ് സംഘടനകളുടെ ഐക്യ സംഘടനയാണ് നൈന.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം