പൌരോഹിത്യ സുവര്‍ണജൂബിലി നിറവില്‍ റവ.ഫാ. പി.റ്റി. തോമസ്
Friday, October 10, 2014 5:01 AM IST
ഷിക്കാഗോ: മലങ്കര കാത്തലിക് ഇടവകയുടെ മുന്‍ വികാരിയും മാര്‍ ഈവാനിയോസ് കോളജ് റിട്ടയേര്‍ഡ് പ്രൊഫസറുമായ റവ.ഫാ. പി.റ്റി. തോമസിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ഒക്ടോബര്‍ 12-ന് ഞായറാഴ്ച എവന്‍സ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

അമ്പത് വര്‍ഷത്തെ പൌരോഹിത്യജീവിതത്തില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിസൂചകമായി ഞായറാഴ്ച രാവിലെ 10.30-ന് അമേരിക്കന്‍ മലങ്കര കാത്തലിക് എക്സാര്‍ക്കേറ്റ് മെത്രാന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കുകയും തുടര്‍ന്ന് അഭി. യൌസേബിയോസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ അനുമോദന സമ്മേളനം നടത്തപ്പെടുകയും ചെയ്യുന്നു.

1958-ല്‍ അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ഫാ. പി.റ്റി. തോമസ് ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഹിസ്ററി ഓഫ് റിലീജിയസ് ആന്‍ഡ് തിയോളജിയിലും, ഇംഗ്ളീഷ് ലിറ്ററേറ്ററിലും ബിരുദാനന്തര ബിരുദവും, ഹിസ്ററി ഓഫ് റിലീജിയസ് ആന്‍ഡ് തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1964-ല്‍ വൈദീകനായതിനുശേഷം 1996 വരെ കേരളത്തിലെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയും, അതോടൊപ്പം 1971 മുതല്‍ 1987 വരെ മാര്‍ ഈവാനിയോസ് കോളജ് ഇംഗ്ളീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അമേരിക്കയില്‍ സെന്റ് ഫ്രാന്‍സീസ് ഹോസ്പിറ്റല്‍ ബ്ളൂഐലന്റ്, സെന്റ് ആന്റണീസ് ഹോസ്പിറ്റല്‍ ഷിക്കാഗോ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ ചാപ്ളെയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതല്‍ മെമംഫിസ്, ടെന്നസി അമേരിക്കന്‍ ലോക്കല്‍ പാരീഷില്‍ സേവനം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം