മാര്‍ ജോയി ആലപ്പാട്ടിന് ഫീനിക്സിലെ കുട്ടികളുടെ സ്നേഹസമ്മാനം
Tuesday, October 14, 2014 4:01 AM IST
ഫീനിക്സ്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രനായി അഭിഷിക്തനായ മാര്‍ ജോയ് ആലപ്പാട്ടിന് ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ മതബോധന വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചത് പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു 'ആത്മീയ പൂച്ചെണ്ട്'. ഇടവകയിലെ നൂറ്റമ്പതോളം വരുന്ന കുട്ടികള്‍ പിതാവിന്റെ മെത്രാഭിഷേകത്തിന് മുന്നോടിയായി സമര്‍പ്പിച്ചത് 1500 ജപമാല, 1500 പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥന, 150 വിശുദ്ധ കുര്‍ബാന, 150 കരുണയുടെ ജപമാല, 100 മണിക്കൂര്‍ നേരം ആരാധന, 100 മണിക്കൂര്‍ ബൈബിള്‍ പാരായണം എന്നിവയാല്‍ കോര്‍ത്തിണക്കിയ വിശേഷാല്‍ പൂച്ചെണ്ട്.

ഈ പൂച്ചെണ്ടിലെ ഓരോ പ്രാര്‍ത്ഥനയും കുട്ടികളുടെ അനുദിന പ്രാര്‍ത്ഥനകള്‍ക്കു പുറമെ പിതാവിനുവേണ്ടി അവര്‍ പ്രത്യേകം സമര്‍പ്പിച്ചതാണെന്ന് പൂച്ചെണ്ട് പിതാവിന് സമ്മാനിച്ചുകൊണ്ട് ഇടവക വികാരി ഫാ. മാത്യു മുഞ്ഞനാട്ട് അനുസ്മരിച്ചു. കുട്ടികളുടെ അകമഴിഞ്ഞ സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും, വിശേഷാല്‍ ആത്മീയ പുച്ചെണ്ടിനും പിതാവ് പ്രത്യേകം നന്ദി പറയുകയും ഏറ്റവും അടുത്തവേളയില്‍ അവരെ നേരില്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

പിതാവിന്റെ മെത്രാഭിഷേകത്തിനു മുന്നോടിയായി നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് മതാധ്യാപകനായ ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റെ ഒരു കുസൃതി ചോദ്യത്തിന് മറുപടിയായാണ് കുട്ടികള്‍ ഈ ആത്മീയ പൂച്ചെണ്ട് ഒരുക്കിയത്. കുട്ടികളുടെ ഈ പ്രയത്നത്തിന് മതബോധന ഡയറക്ടര്‍ സാജന്‍ മാത്യു, അദ്ധ്യാപികയായ ഡോ. ജൂഡി തോമസ് എന്നിവരുടെ മാര്‍ക്ഷനിര്‍ദേശവും, മാതാപിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. ഷാജു നെറ്റിക്കാടന്‍ (ഫീനിക്സ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം