ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ ടൊറന്റോയില്‍
Saturday, October 25, 2014 4:32 AM IST
ടൊറന്റോ: അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ 2016 ജൂലൈ ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളില്‍ കാനഡയിലെ ടൊറന്റോയില്‍ നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ടൊറന്റോയില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റി യോഗമാണ് ഈ തീരുമാനം അറിയിച്ചത്.

മലയാളികളുടെ ദേശീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക, അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി പ്രതിഭകളെ ആദരിക്കുക, കണ്‍വന്‍ഷനോടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍ നടത്തുക, ഈ അടുത്തകാലത്ത് അന്തരിച്ച വോളിബോള്‍ താരം ഉദയകുമാറിന്റെ അനുസ്മരണാര്‍ഥം വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുക തുടങ്ങിയ നിരവധി പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു.

ദേശീയ സമ്മേളനം അവിസ്മരണീയമാക്കി തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യ നടപടി എന്നനിലയില്‍ ടോമി കോക്കാട്ടിനെ കണ്‍വന്‍ഷന്‍ ചെയര്‍മാനായി കമ്മിറ്റി ഐകകണ്ഠേന തെരഞ്ഞെടുത്തു.

ടൊറന്റോ മലയാളി സമാജത്തില്‍ നടന്ന ഫൊക്കാനയുടെ ആദ്യ ദേശീയ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അധ്യക്ഷത വഹിച്ചു. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ജോയി ഇട്ടന്‍, ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, സുധാ കര്‍ത്താ, ഡോ. ജോസ് കാനാട്ട്, ഗണേഷ്നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജി.കെ. പിള്ള, ലൈസി അലക്സ്, തുടങ്ങിയ നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ സ്വാഗതവും അസിസ്റന്റ് ട്രഷറര്‍ സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം