ട്രിനിറ്റി മാര്‍ത്തോമ ഇടവക ദിനം ആചരിച്ചു
Friday, October 31, 2014 7:09 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 40-ാമത് ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ ആദ്യമായി പണികഴിപ്പിച്ച ദേവാലയമാണ് ട്രിനിറ്റി മാര്‍ത്തോമ ദേവാലയം. ഒക്ടോബര്‍ 19 ന് (ഞായര്‍) നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷമാണ് ഇടവകദിനാഘോഷങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം -കൊല്ലം ഭദ്രസാനാധ്യക്ഷന്‍ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി കൊച്ചുകോശി ഏബ്രഹാം, എ.ജി.മാത്യു, സജു മാത്യു, റോയി തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ഇടവകദിന സ്തോത്രാരാധനയ്ക്കുശേഷം പ്രത്യേക സമ്മേളനം നടന്നു. എ.ജി മാത്യു പ്രാരംഭപ്രാര്‍ഥന നടത്തി. കൊച്ചുകോശി ഏബ്രഹാം സ്വാഗതം ആശംസിച്ചു.

1974 മുതല്‍ ഇടവകയുടെ രൂപീകരണത്തിനും പ്രാരംഭവളര്‍ച്ചയ്ക്കും നേതൃത്വം നല്‍കിയ അംഗങ്ങളെ റോസാ പുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. അതോടൊപ്പം ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാക്കി സപ്തതി ആഘോഷിക്കുന്ന ഇടവകാംഗങ്ങളെ തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു.

കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഇടവകയുടെ ഔദ്യോഗിക ഭാരവാഹികളായിരുന്നവരെ (ഇപ്പോള്‍ ട്രിനിറ്റി, ഇമ്മാനുവല്‍ ഇടവകാംഗങ്ങള്‍) ചടങ്ങില്‍ തിരുമേനി പൊന്നാട അണിയിച്ച് പ്രത്യേകം ആദരിച്ചു.

ഒക്ടോബറില്‍ മേല്‍പട്ട സ്ഥാനാരോഹണത്തിന്റെ 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തീമോത്തിയോസ് തിരുമേനി പ്രത്യേക കേക്ക് മുറിച്ചു. വികാരി കൊച്ചുകോശി ഏബ്രഹാം തിരുമേനിക്ക് ആശംസകള്‍ നേര്‍ന്നു. ഇടവക വൈസ് പ്രസിഡന്റ് ജോജി ജേക്കബ് നന്ദി പറഞ്ഞു. കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ ജോയി പുല്ലാട് സമാപന പ്രാര്‍ഥന നടത്തി. ഇടവകയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നിരവധി പരിപാടികളും ജീവകാരുണ്യപദ്ധതികളും നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി ട്രിനിറ്റി സെന്ററിന്റെ പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു. ആഘോഷങ്ങളുടെ സമാപനമായി ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 28 ന് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി