ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു
Friday, November 7, 2014 6:52 AM IST
ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓര്‍മ്മപ്പെരുന്നാളിന് ഒക്ടോബര്‍ 26-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് ചടങ്ങോടെ നാന്ദി കുറിച്ചു. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്നുവരെ എല്ലാ ദിവസവും സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു. ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് എന്നീ തീയതികളില്‍ കണ്‍വന്‍ഷന്‍ യോഗങ്ങളും ഉണ്ടായിരുന്നു.

നവംബര്‍ ഒന്നിന് ശനിയാഴ്ച 9.30-ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാന ഡാളസ് ഏരിയയിലുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചുകളുടെ കൂട്ടായ സഹകരണത്തോടെ ഇടവക വികാരി ഫാ. സി.ജി. തോമസിന്റെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പുരോഹിതന്മാര്‍, ശെമ്മാശന്മാര്‍, ശുശ്രൂഷകര്‍ കൂടാതെ പ്രസ്തുത ദേവാലയത്തിലെ വിശ്വാസികളുടെ കുടുംബാംഗങ്ങളും അന്ന് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു. ഡാളസ് ഏരിയ ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഇടയില്‍ ആദ്യവും ഏറ്റവും ശ്രദ്ധേയവുമായ ഒരു സംഭവമായിരുന്നു. അതിഥികള്‍ക്ക് സ്വീകരണം, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളോടുള്ള കൂറു പ്രഖ്യാപനം, ഭക്ഷണം എന്നിവയും ഉണ്ടായിരുന്നു.

നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച റവ.ഫാ. ബ്ളസ്സന്‍ വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തിലും റവ.ഫാ. ജി. ജോണ്‍, റവ.ഫാ. വി.ടി. തോമസ് എന്നിവരുടെ സഹകരണത്തിലും വി. മൂന്നിന്‍മേല്‍ കുര്‍ബാന നടത്തപ്പെട്ടു. അതിനെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, നേര്‍ച്ചഭക്ഷണം എന്നിവയും തിരുനാളിന് മികവ് കൂട്ടി. അതിനുശേഷം നടന്ന കൊടിയിറക്കത്തോടെ പെരുന്നാളിന് സമാപനം കുറിച്ചു.

ഈവര്‍ഷത്തെ പെരുന്നാളിന് നേതൃത്വം കൊടുത്ത വികാരി ഫാ. സി.ജി. തോമസ്, സെക്രട്ടറി സോണി അലക്സാണ്ടര്‍, ട്രസ്റി ടിജി തോമസ് ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയും ഇടവകയിലുള്ള എല്ലാ അംഗങ്ങളുടേയും സ്നേഹത്തോടും കരുതലോടും കൂടിയ പങ്കാളിത്തമായിരുന്നു പെരുന്നാളിനെ വന്‍ വിജയമാക്കിത്തീര്‍ത്തത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം