ഫോമാ ജനറല്‍ സെക്രട്ടറിയായി ഷാജി എഡ്വേര്‍ഡും ട്രഷററായി ജോയി ആന്റണിയും പ്രവര്‍ത്തനമാരംഭിച്ചു
Friday, November 21, 2014 5:35 AM IST
മയാമി: ഫോമായുടെ ജനപ്രിയ നേതാവെന്നറിയപ്പെടുന്ന ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി) 2014- 16 ഭരണ സമിതിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനാമേറ്റു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തും, നിശ്ചയദാര്‍ഡ്യവും കൈമുതലായുള്ള ഷാജി എഡ്വേര്‍ഡ് പ്രായഭേതമെന്യേ ഏവര്‍ക്കും പ്രിയപ്പെട്ടവനാണ്.

1986 അമേരിക്കയില്‍ വന്ന കാലം മുതല്‍ സ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ മെമ്പര്‍ ആയി സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച ഷാജി എഡ്വേര്‍ഡ്, 2008ല്‍ ഫോമാ ദേശീയ കമ്മിറ്റി മെമ്പറും ശേഷം മെമ്പര്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍, 2010ല്‍ ഫോമാ ട്രഷറര്‍ ശേഷം 2014 നടന്ന ഇലക്ഷനില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ ഫോമാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സില്‍വിയ ഫൈസല്‍ എഡ്വേര്‍ഡിനൊപ്പം സ്റാറ്റന്‍ ഐലന്റില്‍ താമസിക്കുന്നു.

സൌമ്യത മുഖമുദ്രയായുള്ള ഫ്ളോറിഡയില്‍ നിന്നുള്ള ജോയി ആന്റണിയാണ് ഫോമാ 201416 ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 1998 മുതല്‍ കേരള സമാജം ഓഫ് ഫ്ലോറിഡയുടെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം. 2004ല്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ട്രഷറര്‍ ആയും, 2004 മുതല്‍ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച്, കോറല്‍ സ്പ്രിങ്ങ്സിലെ അക്കൌണ്‍റ്റന്റ് ആയും പ്രവര്‍ത്തിക്കുന്നു. 2005ല്‍ കേരള സമാജം ഓഫ് ഫ്ളോറിഡയുടെ സെക്രട്ടറിയും, 2014 മുതല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരുന്നു.

ഇത് വരെ ഏകദേശം 58ഓളം മെമ്പര്‍ അസോസിയേഷന്‍സ് ഉള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരികാസിന്റെ ഏറ്റവും കൂടുതല്‍ യുവജന പങ്കാളിത്തമുള്ള ദേശീയ കമ്മിറ്റിയാണ് ഇപ്രാവിശ്യം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്