അരക്കോടി കുടിയേറ്റക്കാര്‍ക്കു സംരക്ഷണവുമായി ഒബാമ
Saturday, November 22, 2014 5:43 AM IST
വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അരക്കോടിയോളം അനധികൃത കുടിയേറ്റക്കാര്‍ക്കു താത്കാലിക വര്‍ക്ക് പെര്‍മിറ്റും നാടുകടത്തലില്‍നിന്നു സംരക്ഷണവും ഉറപ്പാക്കുന്ന കുടിയേറ്റനിയമ പരിഷ്കാര ഉത്തരവ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു. യുഎസ് കോണ്‍ഗ്രസിനെ മറികടന്ന് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് ഒബാമ ഈ ഉത്തരവിറക്കിയത്.

സാങ്കേതിക മേഖലയില്‍ ജോലിചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് എച്ച്-1ബി വീസക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്കാരം. അമേരിക്കയിലെ മൊത്തം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 110 ലക്ഷം വരുമെന്നാണു കണക്കാക്കിയിരിക്കുന്നത്.

ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന എച്ച്-1 ബി വീസയോ എല്‍-1 വര്‍ക്ക് പെര്‍മിറ്റോ ഉള്ളവര്‍ക്കും ജീവിത പങ്കാളിക്കും തൊഴില്‍ മാറാന്‍ അനുവാദം നല്കും. ഗ്രീന്‍ കാര്‍ഡ് (എല്‍പിആര്‍) അപേക്ഷിച്ച എച്ച്-1ബി വീസക്കാരുടെ ദാമ്പത്യ പങ്കാളിക്ക് എംപ്ളോയ്മെന്റ് ഓതറൈസേഷന്‍ നല്കും. ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നവര്‍ക്കു ജന്മനാട്ടില്‍ പോയി വരാനുള്ള വ്യവസ്ഥ ഉദാരമാക്കും. വൈറ്റ് ഹൌസില്‍നിന്നു വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിലാണ് റിപ്പബ്ളിക്കന്മാരെ രോഷാകുലരാക്കിയ പ്രഖ്യാപനം ഒബാമ നടത്തിയത്.

അഞ്ചുവര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നവരും മക്കള്‍ക്ക് അമേരിക്കന്‍ പൌരത്വമോ താമസത്തിനുള്ള അനുമതിയോ ഉള്ളവരും നികുതി കൊടുക്കാന്‍ തയാറാണെങ്കില്‍ നാടുകടത്തലിനെ പേടിക്കേണ്െടന്ന് ഒബാമ പറഞ്ഞു.

മൂന്നു പ്രധാന നടപടികളാണ് ഒബാമ പ്രഖ്യാപിച്ചത്. ഒന്നാമതായി അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കും. തൊഴില്‍ വൈദഗ്ധ്യമുള്ള ബിരുദധാരികള്‍ക്കും സംരംഭകര്‍ക്കും അമേരിക്കയില്‍ തുടരാനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കാനും അവസരം ഒരുക്കുകയാണു രണ്ടാമത്തെ നടപടി. വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണിത്. മൂന്നാമതായി അനധികൃതമായി അമേരിക്കയില്‍ തങ്ങുന്ന ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ നടപടി സ്വീകരിക്കും.

യുഎസ് കുടിയേറ്റക്കാരുടെ രാജ്യമെന്നതുപോലെ നിയമവാഴ്ചയുടെയും രാജ്യമാണ്. ക്രിമിനലുകളായ അനധികൃത കുടിയേറ്റക്കാരെയും മറ്റും നാടുകടത്തുന്ന നടപടി അടുത്തകാലത്ത് ത്വരിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സ്വന്തം കുടുംബത്തെ പോറ്റുന്നതിനു കഠിനാധ്വാനം ചെയ്യുന്ന പാവം വീട്ടമ്മയോട് ഇത്തരം സമീപനമല്ല ആവശ്യം എന്ന് ഒബാമ പറഞ്ഞു.

യുഎസ് കോണ്‍ഗ്രസിനെ മറികടന്ന് ഇത്തരം ഉത്തരവിറക്കിയ ഒബാമ ഏകാധിപതിയെപ്പോലെയും ചക്രവര്‍ത്തിയെപ്പോലെയും ആണു പെരുമാറുന്നതെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ ജോണ്‍ ബോനര്‍ പറഞ്ഞു. എന്നാല്‍, ഇത്തരം എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുന്‍ പ്രസിഡന്റുമാരും ഇറക്കിയിട്ടുണ്െടന്ന് ഒബാമ ചൂണ്ടിക്കാട്ടി.എന്റെ അധികാരം ചോദ്യം ചെയ്യുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. കുടിയേറ്റ ബില്‍ പാസാക്കുക. പ്രശ്നം പരിഹരിക്കുന്നതിനു റിപ്പബ്ളിക്കന്മാരുമായും ഡെമോക്രാറ്റുകളുമായും യോജിച്ചു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.

ഡെമോക്രാറ്റുകള്‍ക്കു നിയന്ത്രണമുണ്ടായിരുന്ന സെനറ്റ് ഇത്തരമൊരു ബില്ലു പാസാക്കിയെങ്കിലും ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ളിക്കന്മാര്‍ ഇതു വോട്ടിനിട്ടില്ല.

എക്സിക്യൂട്ടീവ് ഉത്തരവ്

അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന് പ്രസിഡന്റിന് എക്സിക്യൂട്ടീവ് അധികാരം പ്രയോഗിച്ച് ഉത്തരവുകള്‍ ഇറക്കാം. എന്നാല്‍ നയംമാറ്റങ്ങള്‍ ഇപ്രകാരം പ്രഖ്യാപിക്കാനാവില്ല. അതിനു കോണ്‍ഗ്രസിന്റെ അനുമതി വേണം.

ഒക്ടോബര്‍ വരെയുള്ള ആറു വര്‍ഷത്തെ ഭരണകാലത്ത് 193 എക്സിക്യൂട്ടീവ് ഉത്തരവുകളാണ് പ്രസിഡന്റ് ഒബാമ പുറപ്പെടുവിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ് എട്ടുവര്‍ഷം കൊണ്ട് 3,522 എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ടലല ാീൃല മ: വു://ംംം.റലലുശസമ.രീാ/ചലംബെഇമ2ബൌയ.മുഃ?രമരീേറല=രമ4&ിലംരീെറല=340989#വെേമവെ.യൃേകണഗഠഝ.റുൌള