എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് അഭിമാനമായി സണ്‍ഡേ സ്കൂളിലെ കുരുന്നുകള്‍
Thursday, December 4, 2014 7:13 AM IST
ന്യൂയോര്‍ക്ക്: 2014 നവംബര്‍ 15-ന് യോങ്കേഴ്സിലെ സോണ്‍ഡേഴ്സ് ഹൈസ്കൂളില്‍ വെച്ച് നടത്തിയ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സണ്‍ഡേ സ്കൂള്‍ മത്സരങ്ങളില്‍ ഉജ്വല വിജയം കൈവരിച്ചുകൊണ്ട് ന്യൂയോര്‍ക്കിലെ എല്‍മോണ്ട് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഏരിയാ- 2-ല്‍ ഒന്നാമതെത്തി. ഭദ്രാസന തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ആരളിന്‍ ഗീവര്‍ഗീസ് എന്ന കൊച്ചുമിടുക്കി ഓവറോള്‍ വ്യക്തിഗത ട്രോഫി കരസ്ഥമാക്കി. ഇതുകൂടാതെ മലയാളം കഥപറച്ചില്‍ മത്സരത്തില്‍ ഒന്നാം സമ്മാനം, മലയാളം ഗാനാലാപനത്തിന് രണ്ടാം സമ്മാനം, ഡ്രോയിംഗിന് ഒന്നാം സമ്മാനം എന്നിവയും നേടിയ ഈ എട്ടുവസുകാരി സെന്റ് ബസേലിയോസ് ദേവാലയത്തിന് തിലകക്കുറിയായി.

കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി മലയാളം പ്രസംഗത്തിനും സംഗീതത്തിനും ഭദ്രാസന തലത്തില്‍ സമ്മാനം നേടുന്ന ജെസ്ന വില്‍സണ്‍ ഈവര്‍ഷവും മലയാളം പ്രസംഗത്തിന് ഒന്നാം സമ്മാനം നേടി. സഹോദരിയെ അനുകരിച്ചുകൊണ്ട് അനുജത്തി ജസ്ലിന്‍ വില്‍സണ്‍ മലയാളം കഥപറച്ചിലിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പന്ത്രണ്ടാം ഗ്രേഡിന്റെ കേന്ദ്രീകൃത പരീക്ഷയ്ക്ക് ജയ്സണ്‍ ഐസക്ക് അഞ്ചാം റാങ്ക് നേടിയപ്പോള്‍ ടി.ടി.സി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിക്കൊണ്ട് ബിന്ദു ജോര്‍ജ് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് അഭിമാനമായി മാറി. വളരെ കൃത്യനിഷ്ഠയോടെയും കരുതലോടെയും സണ്‍ഡേ സ്കൂളിനെ നയിക്കുന്ന പ്രിന്‍സിപ്പല്‍ ജോളി ഐസക്കിന്റെ നിസ്തുല സേവനത്തിന്റെ പ്രതിഫലനമാണ് സെന്റ് ബസേലിയോസ് ചര്‍ച്ചിന്റെ ഈ ഉജ്വല വിജയത്തിന് നിദാനം. ഇടവകയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് കൈപിടിച്ച് നടത്തുന്ന വികാരി വെരി റവ. ഡോ. വര്‍ഗീസ് പ്ളാത്തോട്ടം കോര്‍എപ്പിസ്കോപ്പയുടെ ആത്മാര്‍ത്ഥമായ നേതൃത്വത്തിന് ഇടവക ഒന്നടങ്കം നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം